ഒന്നിന് പിന്നാലെ ഒന്നായി തൃണമൂലിന് തിരിച്ചടികളുടെ ഘോഷയാത്ര; കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം രാജിവെച്ചു
national news
ഒന്നിന് പിന്നാലെ ഒന്നായി തൃണമൂലിന് തിരിച്ചടികളുടെ ഘോഷയാത്ര; കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം രാജിവെച്ചു
ആദര്‍ശ് എം.കെ.
Wednesday, 3rd June 2026, 10:35 pm

 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണമാറ്റത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മമതാ ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീം രാജിവെച്ചു.

ബുധനാഴ്ചയാണ് അദ്ദേഹം കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെ.എം.സി) മേയർ സ്ഥാനം ഒഴിഞ്ഞത്. 15 വർഷത്തെ ഭരണത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയവും ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതുമാണ് തൃണമൂലിനെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നത്.

ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോർപ്പറേഷനെ പൂർണമായും പ്രവർത്തനരഹിതമാക്കിയെന്നും സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നുമാണ് ഫിർഹാദ് ഹക്കീമിന്റെ ആരോപണം. തനിക്ക് ‘മാന്യമായ ഒരു പടിയിറക്കം’ വേണമെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ആദ്യം രാജിക്ക് അനുമതി നൽകാൻ മമതാ ബാനർജി തയ്യാറായിരുന്നില്ല. എന്നാൽ, ബുധനാഴ്ച നബന്നയിൽ നടന്ന അവലോകന യോഗത്തിന് ശേഷം ഹക്കീമിന്റെ ആവശ്യത്തിന് മുന്നിൽ മമതയ്ക്ക് വഴങ്ങേണ്ടി വന്നു. 2018 നവംബർ മുതൽ കൊൽക്കത്തയുടെ മേയറായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.എൽ.എ റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ ടി.എം.സിയിൽ വലിയൊരു വിഭാഗം എം.എൽ.എമാർ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. 58 വിമത എം.എൽ.എമാർ റിതബ്രതയെ പുതിയ നിയമസഭാ കക്ഷി നേതാവായി പിന്തുണച്ചു. ഇതിനെത്തുടർന്ന് അസംബ്ലി സ്പീക്കർ രതീന്ദ്ര ബോസ് റിതബ്രത ബാനർജിയെ ഔദ്യോഗിക പ്രതിപക്ഷ നേതാവായി അംഗീകരിക്കുകയും ചെയ്തു.

പാർട്ടി ഔദ്യോഗികമായി നിർദേശിച്ച മുതിർന്ന നേതാവ് ശോഭൻദേബ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവാക്കാനുള്ള മമതയുടെ നീക്കം സ്പീക്കർ തടഞ്ഞു. ശോഭൻദേബിനെ പിന്തുണച്ച് സമർപ്പിച്ച കത്തിലെ എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമാണെന്ന ആരോപണം ഉയർന്നതാണ് ഇതിന് കാരണം.

കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ 54 എം.എൽ.എമാരുടെ പിന്തുണ വേണമെന്നിരിക്കെ, തങ്ങൾക്കൊപ്പം 59 പേരുണ്ടെന്ന് അവകാശപ്പെട്ട വിമത വിഭാഗം നിയമസഭയിൽ ഔദ്യോഗിക പദവി നേടിയെടുത്തു. ഇത് മമതാ ബാനർജിക്ക് ഏറ്റ കനത്ത പ്രഹരമാണ്.

മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ചുചേർത്ത ഭരണപരമായ യോഗത്തിൽ ഫിർഹാദ് ഹക്കീം, കുനാൽ ഘോഷ് തുടങ്ങിയ ടി.എം.സിയിലെ മുതിർന്ന നേതാക്കൾ പങ്കെടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം മമതാ ബാനർജി നടത്തിയ ധർണയിൽ വിമത എം.എൽ.എമാരിൽ ഒരാൾ പോലും പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

നിലവിലെ സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ പൂർണമായ തകർച്ച തടയാൻ മമതാ ബാനർജി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പാർട്ടിയുടെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും മമത അടിയന്തരമായി പിരിച്ചുവിട്ടു.

എന്നാൽ, അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഉടലെടുത്ത ഈ ഭിന്നത തൃണമൂൽ കോൺഗ്രസിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ്.

 

Content Highlight: Kolkata Mayor Firhad Hakim resigns

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.