ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ ആദ്യ ജയം. കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് കെ.കെ.ആര്‍ വീഴ്ത്തിയത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചെത്തിയ രാജസ്ഥാന്റെ രണ്ടാം തോല്‍വിയാണിത്.
മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 85 റണ്‍സിന് അഞ്ച് വിക്കറ്റുകളെന്ന നിലയില്‍ കൊല്‍ക്കത്ത തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ ഇവിടെ നിന്നും റിങ്കു സിങ്ങും അനുകുല്‍ റോയിയും ചേര്‍ന്ന് കൊല്‍ക്കത്തയെ വിജയത്തിലെത്തിക്കുകയായിരിക്കുന്നു. 34 പന്തുകളില്‍ നിന്നും പുറത്താവാതെ 53 റണ്‍സ് നേടിയാണ് റിങ്കു തിളങ്ങിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. അനുകൂല്‍ റോയ് 29 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
രാജസ്ഥാന്റെ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, യാഷ് പുഞ്ച, രവി ബിഷ്‌ണോയ്, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് വൈഭവ് സൂര്യവംശിയും യശ്വസി ജെയ്സ്വാളുമാണ്. വൈഭവ് 28 പന്തില്‍ 46 റണ്‍സാണ് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജെയ്സ്വാള്‍ 29 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്സും അടക്കം 39 റണ്‍സും സ്വന്തമാക്കി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല.
കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കാര്‍ത്തിക് ത്യാഗി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു. സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും നേടി.