എഡിറ്റര്‍
എഡിറ്റര്‍
ദുര്‍ഗാപൂജയ്ക്കും മുഹറം ആഘോഷത്തിനുമിടെ മോഹന്‍ ഭഗവതിന്റെ പരിപാടി നടത്താന്‍ ശ്രമം; ഓഡിറ്റോറിയം നിഷേധിച്ച് മമതാ സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 5th September 2017 10:55am

കൊല്‍ക്കത്ത: ദുര്‍ഗാപൂജയ്ക്കും മുഹറം ആഘോഷത്തിനുമിടെ പശ്ചിമംബംഗാളില്‍ പരിപാടി നടത്താനുള്ള ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ ശ്രമം തടഞ്ഞ് മമത സര്‍ക്കാര്‍.

മോഹന്‍ ഭാഗവതിന്റെ പരിപാടിക്കുള്ള ഒാഡിറ്റോറിയത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി റദ്ദാക്കി. കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന വിവേകാനന്ദ അനുസ്മര വേദിയ്ക്കുള്ള ഓഡിറ്റോറിയത്തിനുള്ള അനുമതിയാണ് റദ്ദാക്കിയത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മഹാജതി സതന്‍ അതോറിറ്റിയാണ് അനുമതി നിഷേധിച്ചത്. ഒക്ടോബര്‍ ആദ്യം വാരമായിരുന്നു പരിപാടിക്കായി ബുക്ക് ചെയ്തിരുന്നത്.


Dont Miss അയാള്‍ക്ക് വേറെ പണിയൊന്നും ഇല്ല, അതുകൊണ്ടാണ് ഇങ്ങനെ: കൂട്ടം തെറ്റിയ കുരങ്ങന്‍ പരാമര്‍ശനത്തില്‍ ലാലുവിനെ കടന്നാക്രമിച്ച് നിതീഷ് കുമാര്‍


മോഹന്‍ ഭഗവതിന്റെ പ്രസംഗമായിരുന്നു ഇവിടെ വെച്ച് നടത്താനിരുന്നത്. ഒക്ടോബര്‍ 3 ന് നടക്കേണ്ടിരുന്ന പരിപാടിയില്‍ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് തൃപ്തിയും പങ്കെടുക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയ്ക്കുള്ള പങ്ക് എന്നതായിരുന്നു വിഷയം.

പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ ആര്‍.എസ്.എസ് ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. വി.ഐ.പി അനുമതിക്കായുള്ള എല്ലാ നടപടിക്രമങ്ങളും തങ്ങള്‍ പാലിച്ചിരുന്നെന്നും എന്നാല്‍ ഓഗസ്റ്റ് 31 ന് പരിപാടിക്ക് അനുമതി നല്‍കില്ലെന്ന് ഓഡിറ്റോറിയം അതോറിറ്റി അറിയിക്കുകയായിരുന്നെന്നും നിവേദിത മിഷന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സെന്‍ഗുപ്ത പറയുന്നു.

എന്ത് തന്നെയായാലും മറ്റൊരു ഓഡിറ്റോറിയത്തില്‍ വെച്ച് പരിപാടി നടത്തുമെന്നാണ് ആര്‍.എസ്.എസിന്റെ നിലപാട്. അതേമസംയം മോഹന്‍ഭഗവത് പങ്കെടുക്കുന്ന പരിപാടിയിലെ വിഷയത്തിനല്ല പ്രാധാന്യമെന്നും അദ്ദേഹം പങ്കെടുക്കാന്‍ തിരഞ്ഞെടുത്ത സമയത്തെയാണ് സര്‍ക്കാര്‍ എതിര്‍ത്തതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ദുര്‍ഗാപൂജയും മുഹറം ആഘോഷവും നടക്കുന്ന ദിവസത്തോടനുബന്ധിച്ചാണ് സന്ദര്‍ശനത്തിനായി മോഹന്‍ ഭഗവത് തിരഞ്ഞെടുത്തിരിക്കുന്നത്. മാത്രമല്ല അതേദിവസം വിജയദശമി ദിനത്തില് ആയുധപൂജ ചടങ്ങുകള്‍ നടത്താന്‍ കൂടി ആര്‍.എസ്.എസ് പദ്ധതിയിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുകാരണവശാലും അദ്ദേഹത്തെ എത്താന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മുഹറവും ദുര്‍ഗാപൂജയും ഒരുമിച്ച് വരുന്ന ദിവസം തന്നെ മോഹന്‍ഭഗവതിന്റ പരിപാടിക്ക് അനുമതി നല്‍കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.

ആദ്യമായല്ല മോഹന്‍ ഭഗവതിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത്. നേരത്തെ കഴിഞ്ഞ വര്‍ഷം ബംഗാളില്‍ പൊതുറാലി നടത്താനുള്ള മോഹന്‍ഭഗവതിന്റെ ആവശ്യത്തെ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

Advertisement