ഐ.എന്‍.ടി.യു.സി: കോണ്‍ഗ്രസിലെ നാല് പേര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ അഞ്ച് അഭിപ്രായമുണ്ടായി: കോടിയേരി
Kerala News
ഐ.എന്‍.ടി.യു.സി: കോണ്‍ഗ്രസിലെ നാല് പേര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ അഞ്ച് അഭിപ്രായമുണ്ടായി: കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th April 2022, 7:42 pm

കണ്ണൂര്‍: കോണ്‍ഗ്രസില്‍ അഞ്ച് ആളുകള്‍ കൂടിയാല്‍ ആറ് ഗ്രൂപ്പാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു കാര്യത്തിലും കൃത്യമായ അഭിപ്രായമില്ലാത്തതും വ്യക്തമായ നേതൃത്വമില്ലാത്തതും കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം അപചയമാണെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശന്‍ തന്നെ ഐ.എന്‍.ടി.യു.സിയുടെ നേതാവാണ്. പക്ഷേ അദ്ദേഹം പറയുന്നത് ഐ.എന്‍.ടി.യു.സിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നാണ്. പിന്നെ അദ്ദേഹം എന്തിനാണ് ഐ.എന്‍.ടി.യു.സി.യില്‍ പ്രവര്‍ത്തിക്കുന്നത്. സുധാകരന്‍ ഒന്ന് പറയുന്നു, ചന്ദ്രശേഖരന്‍ വേറൊന്ന് പറയുന്നു, സതീശന്‍ മറ്റൊന്ന് പറയുന്നു. നാല് പേര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ അഞ്ച് അഭിപ്രായമായെന്നും കോടിയേരി പരിഹസിച്ചു.

മഹാത്മഗാന്ധിക്ക് പോലും കോണ്‍ഗ്രസിനകത്ത് നിന്നുകൊണ്ട് വിചാരിച്ചത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

യു.പി.എ സര്‍ക്കാരില്‍ ഒരുമിച്ചുണ്ടായവരാണെന്ന ധാരണ പോലുമില്ലാതെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിക്കപ്പെട്ട നേതാക്കന്മാര്‍ക്ക് കോണ്‍ഗ്രസ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. സി.പി.ഐ.എം വിരുദ്ധ നിലപാട് സ്വീകരിച്ച് ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമം.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തിയാല്‍ സ്വഗതം ചെയ്യും. കെ.വി. തോമസ് വന്നാല്‍ ‘സുസ്വാഗതം’ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമെന്ന് കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. പോഷക സംഘടനയ്ക്കും മുകളിലാണ് ഐ.എന്‍.ടി.യു.സിയുടെ പ്രാധാന്യമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലില്‍ ഐ.എന്‍.ടി.യു.സി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് ഐ.എന്‍.ടി.യു.സിക്ക് എ.ഐ.സി.സിയിലെ സ്ഥാനം.

ഒരു പോഷക സംഘടനയുടെയും വര്‍ക്കിംഗ് പ്രസിഡന്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇല്ല. ഐ.എന്‍.ടി.യു.സിയുടെ പ്രസിഡന്റ് മാത്രമാണ് വര്‍ക്കിംഗ് കമ്മിറ്റിയിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.ഐ.എന്‍.ടി.യു.സിയെക്കുറിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞതും ഇതേ അര്‍ത്ഥത്തിലാണ്. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ സ്വന്തമാണ്. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ സ്വന്തമാണെന്ന് തന്നെയാണ് പ്രതിപക്ഷ നേതാവും പറഞ്ഞത്. സ്വന്തം എന്ന് പറഞ്ഞാല്‍ അതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഐ.എന്‍.ടി.യു.സിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചെന്നും സുധാകരന്‍ പറഞ്ഞു.

CONTENT HIGHLIGHTS: Kodiyeri Balakrishnan,  said that if there are five more people in the Congress, there will be six groups