'കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴയ്ക്കാനില്ല'; ചെന്നിത്തലയുടെ മകനെതിരെ 'റാങ്ക് ആരോപണം' ഉന്നയിച്ച കെ.ടി ജലീലിനെ തള്ളി കോടിയേരി
kERALA NEWS
'കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴയ്ക്കാനില്ല'; ചെന്നിത്തലയുടെ മകനെതിരെ 'റാങ്ക് ആരോപണം' ഉന്നയിച്ച കെ.ടി ജലീലിനെ തള്ളി കോടിയേരി
ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 1:27 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ നടത്തിയ ആരോപണത്തെ എതിര്‍ത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു.

‘അങ്ങനെ ചെയ്താല്‍ അതു യഥാര്‍ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമായി മാറും. നിലവിലെ പ്രശ്‌നത്തെ കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴയ്ക്കാനില്ല.’- അദ്ദേഹം തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍ പറഞ്ഞതിനെ കോടിയേരി തള്ളുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സര്‍വകലാശാലകളില്‍ അദാലത്ത് തുടങ്ങിയത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് അന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തത്. സര്‍വകലാശാല നടത്തിയ മോഡറേഷനെയാണ് മാര്‍ക്ക് ദാനമായി ചിത്രീകരിക്കുന്നത്.

ഇതിനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കുണ്ട്. അദാലത്തിലല്ല മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.’- കോടിയേരി പറഞ്ഞു.

കെ.ടി ജലീല്‍ രാജി വെയ്ക്കണമെന്ന് ചെന്നിത്തല ഇന്നു വീണ്ടും ആവശ്യപ്പെട്ടിരുന്നു. വന്‍ അഴിമതിയാണു നടന്നതെന്നും ഇനി മന്ത്രിയായി തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ജലീലിനെതിരായ ആരോപണം ശരിയെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍ പോലും പറയുന്നു. ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ പിണറായി സര്‍ക്കാരിനു കഴിയുന്നില്ല.

മാര്‍ക്ക് ദാനത്തില്‍ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു വീണ്ടും കത്തു നല്‍കും.’- തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ പിണറായി സര്‍ക്കാരിനു കഴിയുന്നില്ലെന്നാരോപിച്ച ചെന്നിത്തല, എസ്.എഫ്.ഐ കേരളത്തിലുണ്ടോ എന്നു പോലും സംശയിക്കേണ്ട സ്ഥിതിയാണെന്നും പറഞ്ഞു.