എല്‍.ജി.ബി.ടി.ക്യു എന്ന ടേം പോലും അപകടം, അത് മതവിശ്വാസത്തിനെതിരാണ്: കെ.എം. ഷാജി
Kerala News
എല്‍.ജി.ബി.ടി.ക്യു എന്ന ടേം പോലും അപകടം, അത് മതവിശ്വാസത്തിനെതിരാണ്: കെ.എം. ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th January 2023, 3:49 pm

മലപ്പുറം: എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തിന് നേരെ വീണ്ടും അപവാദവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. എല്‍.ജി.ബി.ടി.ക്യു എന്ന് കേള്‍ക്കുമ്പോള്‍ വലിയ എന്തോ കാര്യമാണെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ ഇത് നാട്ടുമ്പുറത്തെ തല്ലിപ്പൊളി പണിയാണ്. അവര്‍ ഏറ്റവും മോശമാണെന്നും, അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാജി പറഞ്ഞു.

സ്വവര്‍ഗരതിയെ കളര്‍ഫുള്‍ ആക്കുകയാണ്. എല്‍.ജി.ബി.ടി.ക്യു എന്ന ടേം പോലും അപകടമാണ്. സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഷാജി ആരോപിച്ചു.

ഇത് മതവിശ്വാസത്തിനെതിരാണെന്നും അടുത്ത തലമുറ ജെന്‍ഡര്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കാന്‍ പോകുകയാണെന്നും കെ.എം. ഷാജി പറഞ്ഞു.

‘ഒരു ഹോര്‍മോണ്‍ ഇഷ്യൂ ഉണ്ട്. പക്ഷെ അതിനെ പരിഹരിക്കാന്‍ ലോകത്ത് ഒരുപാട് മാര്‍ഗങ്ങളുണ്ട്. കൗണ്‍സിലിങ് പോലെ നിരവധി മാര്‍ഗങ്ങള്‍ അത് മാറ്റിയെടുക്കാനായി മുമ്പിലുണ്ട്,’ ഷാജി പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയ പോലുള്ള മാര്‍ഗങ്ങള്‍ പരാജയമാണെന്ന് തെളിഞ്ഞ കാര്യമാണെന്നും കെ.എം. ഷാജി അഭിപ്രായപ്പെട്ടു.

സ്‌കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെയും കെ.എം. ഷാജി പരിഹസിച്ചു.

സര്‍ക്കാര്‍ കുട്ടികളുടെ മനസിനകത്തേക്ക് വിഷം നിറക്കുകയും, അവരുടെ മനസില്‍ ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും ഷാജി ആരോപിച്ചു.

വലുതായതിന് ശേഷം ജന്‍ഡര്‍ തീരുമാനിച്ചാല്‍ മതിയെന്ന് പറയുന്നത് മണ്ടത്തരമാണെന്നും, ജന്‍ഡര്‍ ആളുകള്‍ തീരുമാനിക്കട്ടെ എന്ന് പറയുന്നത് അപകടമാണെന്നും കെ.എം. ഷാജി പറഞ്ഞു.

‘പ്രകൃതിയുടെ ഏറ്റവും മനോഹാരിതയാണ് ആണും പെണ്ണും എന്നത്. ഇന്ത്യ ലോകത്ത് വ്യത്യസ്തമായി നില്‍ക്കുന്നത് ഈ വര്‍ണ്ണ, വര്‍ഗ വൈജാത്യങ്ങളുടെ മനോഹാരിത കൊണ്ടാണ്. ഈ വ്യത്യസ്തത തന്നെ സൗന്ദര്യമാണ്.

ലോകത്തില്‍ മനുഷ്യന് മാത്രമല്ല ജെന്‍ഡര്‍ ഉള്ളത്. ചെടിയില്‍ ആണും പെണ്ണുമുണ്ട്. മണ്ണിലും നദിയിലും വായുവിലും പക്ഷി മൃഗാദികളിലും ആണും പെണ്ണുമുണ്ട്.

ചെറിയ വിഷമല്ല ഇത്. കേരളത്തിലെ ഗവണ്‍മെന്റ് വളരെ ആസൂത്രിതമായി ഒരു സമൂഹത്തിനിടയില്‍ അവരുടെ വിശ്വാസ ജീവിത സംസ്‌കാര രീതികളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് വിശ്വാസത്തിന്റെ കൂടി പ്രശ്‌നമാണ്. ലോകത്തിലെ ഒരു വിശ്വാസികളും ഇത് അംഗീകരിക്കില്ല,’ കെ.എം. ഷാജി പറഞ്ഞു.

Content Highlight: KM Shaji against LGBTQ Community