'ഈ മനുഷ്യന്‍ മറ്റേതൊരു മതഭ്രാന്തനേയും പോലെതന്നെ'; ജഗ്ഗി വസുദേവിന്റെ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ പരാമര്‍ശത്തിനെതിരെ ടി.എം. കൃഷ്ണ
national news
'ഈ മനുഷ്യന്‍ മറ്റേതൊരു മതഭ്രാന്തനേയും പോലെതന്നെ'; ജഗ്ഗി വസുദേവിന്റെ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ പരാമര്‍ശത്തിനെതിരെ ടി.എം. കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th January 2023, 11:13 am

 

ന്യൂദല്‍ഹി: ഇഷ യോഗ സെന്റര്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വസുദേവിന്റെ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിക്കെതിരായ പരാമര്‍ശത്തിനെതിരെ സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ. ജഗ്ഗി വസുദേവ് ഇപ്പോഴും പുരോഗമനവാദിയാണെന്ന് പറയുന്നവരോട് തനിക്കൊന്നും പറയാനില്ലെന്ന് ടി.എം. കൃഷ്ണ പറഞ്ഞു.

എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിക്ക് അനുകൂലമായ ക്യാമ്പയിനെതിരായി സദ്ഗുരു സംസാരിക്കുന്ന ഒരു വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ലോകത്താകമാനം എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിക്ക് അനുകൂലമായ
ക്യാമ്പയിനുമായി വരുന്നുണ്ട്. ഞാന്‍ പറയുന്നത് ഇത്തരം ക്യാമ്പയിനുകള്‍ അവസാനിപ്പിക്കണം എന്നാണ്.

ഒരോ വ്യക്തിക്കും ചോയിസുണ്ട്. ലോകത്ത് പ്രകൃതിക്ക് വിരുദ്ധമായ രീതിയില്‍ കുറച്ചുമനുഷ്യരുണ്ടാകാം. എന്നാല്‍ ക്യാമ്പയിന്‍ കൊണ്ട് ഈ സ്‌പെയ്‌സിലേക്ക് കൂടുതല്‍ ആളുകള്‍ വരാന്‍ സാധ്യതയുണ്ട്.

ലൈംഗികത ഒരു ബയോളജിക്കല്‍ പ്രോസസാണ്. അതിന് ഒരു രീതിയുണ്ട്. ചിലര്‍ അതില്‍ നിന്ന് മാറുന്നു. ഓക്കെ, അവര്‍ക്കതിനുള്ള ചോയിസുണ്ട്. എന്നാല്‍ ക്യാമ്പയിനിന്റെ ആവശ്യമില്ല,’ എന്നാണ് സദ്ഗുരു പറയുന്നത്.

ഇതിന് മറുപടിയായി ‘ഈ മനുഷ്യന്‍ മറ്റേതൊരു മതഭ്രാന്തനായ ഗുരുവിനെപ്പോലെയോ മുല്ലയെയോ പിതാവിനെയോ പോലെയാണ്. ഇദ്ദേഹം സംസാരിക്കുന്ന ആധുനിക ഭാഷയും, ധരിക്കുന്ന വസ്ത്രവും മാത്രമാണ് അതില്‍ നിന്ന് വ്യത്യാസമുള്ളത്. ഇതിനുശേഷം ആരെങ്കിലും എന്നോട് വസുദേവ് പുരോഗമനവാദിയാണെന്ന് പറയുന്നവരോട് എനിക്ക് ഒന്നും പറയാനില്ല,’ ടി.എം. കൃഷ്ണ പറഞ്ഞു.

ബോളിവുഡ് നടി ഉര്‍ഫി ജാവേദ് പങ്കുവെച്ച വീഡിയോയാണ് ടി.എം. കൃഷ്ണ ഷെയര്‍ ചെയ്തത്.