ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി അഞ്ച് പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ ക്യാപിറ്റല്‍സിന് സീസണിലെ നാലാം വിജയം സ്വന്തമാക്കാന്‍ സാധിച്ചു.
മത്സരത്തില്‍ ദല്‍ഹിക്കായി അര്‍ധ സെഞ്ച്വറി നേടി കെ.എല്‍. രാഹുല്‍ തിളങ്ങിയിരുന്നു. 40 പന്തില്‍ 75 റണ്‍സാണ് താരം നേടിയത്. 187.50 സ്ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പറുടെ ബാറ്റിങ്. അഞ്ച് സിക്സുകളും ആറ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 75+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറാനും രാഹുലിന് സാധിച്ചു. 16 തവണയാണ് രാഹുല്‍ കുട്ടിക്രിക്കറ്റില്‍ 75+ റണ്‍സ് നേടിയിട്ടുള്ളത്. 15 തവണ 75+ റണ്‍സ് സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണിനെ മറികടന്നാണ് രാഹുലിന്റെ കുതിപ്പ്.