സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് കിഷോര്‍. കാന്‍ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് കിഷോര്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡ് കിഷോറിനെ തേടിയെത്തിയിരുന്നു. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മികച്ച സിനിമകളുടെ ഭാഗമാകാന്‍ കിഷോറിന് സാധിച്ചു.
മോഹന്‍ലാല്‍ എന്ന അതുല്യനടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ആ സിനിമ സമ്മാനിച്ച ഏറ്റവും വലിയ അനുഭവം, ഭാഗ്യം – കിഷോര്‍
തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയിലൂടെയാണ് കിഷോര്‍ മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നതെങ്കിലും അദ്ദേഹത്തിന് മലയാളി പ്രേക്ഷരുടെ ഇടയില്‍ ഒരു ഐഡന്റിറ്റി ഉണ്ടാക്കി കൊടുത്തത് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന ചിത്രമായിരുന്നു. പുലിമുരുകനെ കുറിച്ചും ഒപ്പം അഭിനയിച്ച മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് കിഷോര്‍.
പുലിമുരുകനിലെ റേഞ്ചറായാണ് തന്നെ മലയാളികള്‍ തിരിച്ചറിയുന്നതെന്നും മോഹന്‍ലാല്‍ എന്ന അതുല്യനടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ആ സിനിമ സമ്മാനിച്ച ഏറ്റവും വലിയ അനുഭവവും ഭാഗ്യവുമെന്നും കിഷോര്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാളികള്‍ എന്നെ തിരിച്ചറിയുന്ന കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ പുലിമുരുകനിലെ റേഞ്ചര്‍ എന്നതായിരിക്കും ഉത്തരം. മോഹന്‍ലാല്‍ എന്ന അതുല്യനടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ആ സിനിമ സമ്മാനിച്ച ഏറ്റവും വലിയ അനുഭവം, ഭാഗ്യം. മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിയ സിനിമയിലെ കഥാപാത്രം വളരെ ശക്തമായിരുന്നു.
പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്തതാണ്. വനത്തിനുള്ളിലെ പാറക്കെട്ടുകളിലുള്ള സംഘട്ടനം ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും പേടി തോന്നിയിരുന്നു. കാലൊന്ന് വഴുതിയാലോ മറ്റോ സംഭവിക്കാവുന്ന അപകടങ്ങള്‍ മനസില്‍ പേടിയായി എപ്പോഴുമുണ്ടായിരുന്നു.
ആ പേടിയെപ്പറ്റി ഞാന്‍ സംവിധായകനോട് പറഞ്ഞപ്പോഴും വളരെ കൂളായിട്ടായിരുന്നു മോഹന്‍ലാലിന്റെ അഭിനയം. കഥാപാത്രമായി കൂടുമാറിയാല്‍ അദ്ദേഹത്തിലുണ്ടാകുന്ന വല്ലാത്തൊരു ഊര്‍ജം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ അപ്പോഴും എന്റെ മനസില്‍ പൂര്‍ണമായി മാറാത്ത പേടിയുണ്ടായിരുന്നു എന്നത് തന്നെയാണ് സത്യം,’ കിഷോര്‍ പറയുന്നു.