മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളില്‍ ഒന്നായ ‘കിരീടം’ വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. മോഹന്‍ലാല്‍-ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ജൂലൈ 10-നാണ് റീ-റിലീസ് ചെയ്യുന്നത്.
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘സേതുമാധവനെ’ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍.
ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989-ല്‍ പുറത്തിറങ്ങിയ കിരീടം 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമെത്തുന്നത്.
ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്തുകൊണ്ട്, ഒരു സാധാരണ ചെറുപ്പക്കാരനെ സമൂഹം കുറ്റവാളിയും ഗുണ്ടയുമാക്കുന്ന കഥയാണ് കിരീടത്തിന്റേത്. വിധി അവന്റെ തലയില്‍ നിര്‍ബന്ധിച്ച് അണിയിച്ച് മുള്‍ക്കിരീടത്തിന്റെ കഥ.
കിരീടം എന്ന പേര് ആ സിനിമയ്ക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ സിബി മലയില്‍. കിരീടത്തിന്റെ റി റിലീസുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സിബി മലയില്‍.
കിരീടം സിനിമയില്‍ നിന്നുള്ള രംഗം
നമ്മുടെ മനസില്‍ ഈ കഥയുടെ ആലോചന ഉള്ളപ്പോഴൊന്നും സിനിമയുടെ പേരിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. സ്‌റ്റോറി ഐഡിയ കുറച്ചുനാളായി മനസില്‍ കൊണ്ടു നടക്കുന്നുണ്ടായിരുന്നു.
എന്റേയും ലോഹിയുടേയും മനസില്‍ ഈ കഥ വര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് ഈ സിനിമ ലാല്‍ ചെയ്യുമെന്ന കാര്യം പോലും ഉണ്ടായിരുന്നില്ല. ലോഹി അന്ന് മറ്റ് സംവിധായകര്‍ക്ക് വേണ്ടിയും സിനിമ ചെയ്യുന്നുണ്ട്.
ഐ.വി ശശിസാറ് ആ സമയത്ത് മുക്തി എന്ന് പറയുന്ന ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയാണ് നായകന്‍. ഒരിക്കല്‍ ലോഹി അതിന്റെ വര്‍ക്കുമായി മദ്രാസിലാണ്. ഞാന്‍ അവിടെ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ മുക്തിയെ കുറിച്ച് എന്നോട് പറഞ്ഞു.
ഒരു കളക്ടറുടെ ജീവിതമാണ്. അയാളുടെ ജീവിതത്തിലുണ്ടായ മുള്‍ക്കിരീടത്തെ കുറിച്ചൊക്കെ പറഞ്ഞു. കിരീടം എന്ന പേരാണ് ലോഹി സജസ്റ്റ് ചെയ്തത്. പക്ഷേ ഐ.വി ശശി സാറിന് ആ പേര് അത്ര ഇഷ്ടമായില്ല.
കിരീടം സിനിമയില്‍ നിന്നുള്ള രംഗം
ഈ പേര് വേണ്ട വേറെ എന്തെങ്കിലും പേര് കണ്ടുപിടിക്കൂ എന്ന് ശശി സാര്‍ പറഞ്ഞു. ലോഹി ഇത് എന്നോട് പറഞ്ഞപ്പോള്‍ ഈ പേര് നമുക്കുള്ളതാണെന്നും നമുക്ക് ഈ പേര് വെക്കാമെന്നും പറഞ്ഞു.
അപ്പോള്‍ അത് ശരിയാണല്ലോ, നമ്മുടെ കഥയ്ക്ക് ഈ പേര് ചേരുമല്ലോ എന്ന് ലോഹിയും പറഞ്ഞു. അങ്ങനെ ആ പേര് ഞാനങ്ങ് എടുത്തു. ചെങ്കോലിന്റെ സമയത്തും പല പേരുകള്‍ വന്നിരുന്നു. ലോഹിയാണ് ചെങ്കോല്‍ എന്ന പേരിലേക്ക് എത്തിയത്. കിരീടവും ചെങ്കോലും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ കൂടി മുന്നില്‍ കണ്ടാണ് ആ പേരിട്ടത്,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Kireedam’ was a title originally kept for a Mammootty film, but I.V. Sasi didn’t like it: Sibi Malayil
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.