അന്ന് ലാലേട്ടന്റെ ഡയലോഗ് ആസ്വദിച്ച് നിന്ന ഞാന്‍ എന്റെ ഡയലോഗ് മറന്നു: കിരണ്‍ രാജ്
Entertainment
അന്ന് ലാലേട്ടന്റെ ഡയലോഗ് ആസ്വദിച്ച് നിന്ന ഞാന്‍ എന്റെ ഡയലോഗ് മറന്നു: കിരണ്‍ രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th June 2025, 2:39 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് കിരണ്‍ രാജ്. മോഡലിങ്ങിലൂടെയാണ് കിരണ്‍ സിനിമയിലേക്ക് എത്തുന്നത്. 2004ല്‍ ജോഷി സംവിധാനം ചെയ്ത റണ്‍വേ എന്ന ചിത്രത്തിലൂടെയാണ് കിരണ്‍ രാജ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് തസ്‌ക്കരവീരന്‍, ദി ടൈഗര്‍, കീര്‍ത്തിചക്ര, മാടമ്പി തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ നടന് സാധിച്ചു. സിനിമക്ക് പുറമെ ചില സീരിയലുകളിലും കിരണ്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ ചിത്രമായ മാടമ്പിയുടെ സമയത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ് കിരണ്‍ രാജ്.

ആ സിനിമയില്‍ മോഹന്‍ലാല്‍ തന്റെ എതിരെ നിന്ന് ഡയലോഗ് പറയുന്ന ഒരു സീനുണ്ടായിരുന്നുവെന്നും അതിനിടയില്‍ തനിക്ക് റിയാക്ട് ചെയ്യാനുണ്ടായിരുന്നുവെന്നും നടന്‍ പറയുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഡയലോഗ് പറയുന്നത് ആസ്വദിച്ച് നിന്ന താന്‍ തന്റെ ഡയലോഗ് പറയാന്‍ മറന്നുവെന്നാണ് കിരണ്‍ പറയുന്നത്.

‘ഞാന്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയും സുരേഷേട്ടന്റെയുമൊക്കെ (സുരേഷ് ഗോപി) വലിയ ആരാധകനാണ്. ഇവരുടെയെല്ലാം പടങ്ങള്‍ ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഞാന്‍ ലാലേട്ടന്റെ കൂടെ മാടമ്പി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.

അതില്‍ ലാലേട്ടന്‍ എന്റെ ഓപ്പോസിറ്റ് നിന്ന് ഡയലോഗ് പറയുന്ന ഒരു സീനുണ്ടായിരുന്നു. അദ്ദേഹം ഡയലോഗ് പറയുമ്പോള്‍ ഞാന്‍ അതിന് റിയാക്ട് ചെയ്യണമായിരുന്നു. പക്ഷെ എനിക്ക് അതിന് റിയാക്ട് ചെയ്യാന്‍ പറ്റിയില്ല.

ഞാന്‍ റിയാക്ട് ചെയ്യുന്നതിന് പകരം അദ്ദേഹം ഡയലോഗ് പറയുന്നത് ആസ്വദിച്ച് നിന്നു. എന്റെ ഡയലോഗ് പറയേണ്ട സമയമായിട്ടും എന്റെ വായില്‍ നിന്നും ഒന്നും വരുന്നില്ല. ഉടനെ സംവിധായകനായ ഉണ്ണി ചേട്ടന്‍ (ബി. ഉണ്ണികൃഷ്ണന്‍) കട്ട് പറഞ്ഞു.

‘എന്താ കിരണേ? ഡയലോഗ് പറയ്’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷെ അദ്ദേഹത്തിന് കാര്യം മനസിലായിരുന്നു. ഞാന്‍ ലാലേട്ടന്റെ ഡയലോഗ് ആസ്വദിച്ച് നിന്നിട്ടാണ് എന്റെ ഡയലോഗ് പറയാതിരിക്കുന്നതെന്ന് ചേട്ടന്‍ മനസിലാക്കിയിരുന്നു,’ കിരണ്‍ രാജ് പറയുന്നു.

Content Highlight: Kiran Raj Talks About Mohanlal And Madambi Movie