സംഭവമിറുക്ക് വമ്പന്‍ അപ്‌ഡേഷനുമായി 'കിങ് ഓഫ് കൊത്ത', പതിനൊന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്‍മാന്‍
Entertainment news
സംഭവമിറുക്ക് വമ്പന്‍ അപ്‌ഡേഷനുമായി 'കിങ് ഓഫ് കൊത്ത', പതിനൊന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd February 2023, 8:28 pm

സിനിമയില്‍ തന്റെ പതിനൊന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അടുത്ത സിനിമയായ കിങ് ഓഫ് കൊത്തയുടെ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ സീ സ്റ്റുഡിയോസ്. ഐശ്വര്യ ലക്ഷ്മി ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരാണ് കിങ് ഓഫ് കൊത്തയില്‍ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഫെബ്രുവരി 3ന് രാവിലെ 11 മണിക്ക് പുറത്ത് വിടുമെന്നാണ് നിര്‍മാണ കമ്പനിയായ സീ സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദുല്‍ഖറിന്റെ സിനിമകളുടെ മാഷപ്പിനൊപ്പമാണ് കിങ് ഓഫ് കൊത്തയുടെ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സെക്കന്റ് ഷോ മുതല്‍ സീതാ രാമം വരെയുള്ള താരത്തിന്റെ എല്ലാ സിനിമകളും ഉള്‍പ്പെടുത്തിയാണ് മഷപ്പ് പുറത്തിറക്കിയിരിക്കുന്നത്.

അഭിലാഷ് ജോഷിയാണ് കിങ് ഓഫ് കൊത്ത സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ്.എന്‍.ചന്ദ്രന്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ സിനിമയാണെന്നാണ് പറയപ്പെടുന്നത്. 2021ല്‍ അനൗണ്‍സ് ചെയ്ത സിനിമയാണ് കിങ് ഓഫ് കൊത്ത. ദുല്‍ഖര്‍ ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്.

നിമിഷ് രവിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ്‌യാണ് സംഗീതം നല്‍കിയിരിക്കുന്നത്. അവസാനം തിയേറ്ററിലെത്തിയ സീതാ രാമം, ചുപ് എന്നീ ദുല്‍ഖര്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന് പുറമേ വിവിധ തെന്നിന്ത്യന്‍ ഭാഷകളിലും സിനിമ വലിയ വിജയമായിരുന്നു.

content highlight: king of kotha movie updation