പിണറായി വിജയന് മോദിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ ഭയമാണ്, രാഹുലിന് ഭയമില്ല: ഷാഫി പറമ്പില്‍
Kerala News
പിണറായി വിജയന് മോദിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ ഭയമാണ്, രാഹുലിന് ഭയമില്ല: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd February 2023, 7:47 pm

തിരുവനന്തപുരം: പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ ഭയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.എല്‍.എ.

രാഹുല്‍ ഗാന്ധിയോളം ആര്‍ജവത്തോടെ മോദിയേയും അമിത് ഷായെയും പേരെടുത്ത് വിമര്‍ശിക്കുന്ന ഒരു രാഷ്ടീയ നേതാവ് ഇന്ത്യയിലില്ലെന്നും ഷാഫി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ സി.പി.ഐ.എം അതിന്റെ പോളിറ്റ് ബ്യൂറോയെപ്പോലും അനുവദിച്ചില്ലെന്നും ഷാഫി കുറ്റപ്പെടുത്തി.

‘രാഹുല്‍ ഗാന്ധി രാഷ്ട്രീയം പറഞ്ഞില്ലെന്ന് പോലും, രാഹുല്‍ ഗാന്ധിയോളം ആര്‍ജവത്തോടെ മോദിയേയും അമിത് ഷായെയും പേരെടുത്ത് വിമര്‍ശിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലുണ്ടോ?

കശ്മീരിലെ വീടുകളിലെ സാധാരണക്കാരന്റെ വേദന ഈ വെറുപ്പിന്റെ ആളുകള്‍ക്ക് ബോധ്യം വരില്ല, അമിത് ഷായ്ക്ക് അത് ബോധ്യം വരില്ല, മോദിക്കത് ബോധ്യം വരില്ല എന്ന് ആര്‍ജവത്തോടെ ശ്രീനഗറില്‍ പ്രസംഗിക്കുന്നത് നിങ്ങള്‍ കണ്ടു.

ഈ അടുത്ത കാലത്ത് നിങ്ങടെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പറഞ്ഞ് ഒരു വിമര്‍ശനം നടത്തിയതിന്റെ, ഒരു സ്‌റ്റേറ്റ്‌മെന്റിന്റെ കഷ്ണം സി.പി.ഐ.എമ്മിലെ ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? അദ്ദേഹത്തിന് ഭയമാണ്, നിങ്ങള്‍ ആര്‍.എസ്.എസിനെ ഭയപ്പെടുന്നു. രാഹുല്‍ ഗാന്ധി ഭയപ്പെടുന്നില്ല.

രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ സി.പി.ഐ.എം അതിന്റെ പോളിറ്റ് ബ്യൂറോയെപ്പോലും അനുവദിച്ചില്ല. കേരളത്തിലെ സി.പി.ഐ.എമ്മിന് ലഭിച്ച അധികാരത്തുടര്‍ച്ച രാജ്യത്ത് സി.പി.ഐ.എമ്മെടുക്കുന്ന മതേതര നിലപാടുകളെ ദുര്‍ബലപ്പെടുത്താനുള്ള ആയുധമായി പിണറായി വിജയന്‍ മാറ്റിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് ഒരു നേതാവും കടന്ന് ചെല്ലാതിരുന്നത്.

ഇന്ത്യയിലെ മതേതര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുന്ന ശക്തിയായി കേരളത്തിലെ സി.പി.ഐ.എം മാറിയിരിക്കുന്നു,’ ഷാഫി പറമ്പില്‍

Content Highlight: Shafi Parambil Criticizing CM Pinarayi Vijayan and CPIM Kerala