'ഏഴിമല പൂഞ്ചോല' വീണ്ടുമെത്തുന്നു, വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍
Entertainment news
'ഏഴിമല പൂഞ്ചോല' വീണ്ടുമെത്തുന്നു, വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd February 2023, 7:44 pm

ഭദ്രന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍ സിനിമയാണ് സ്ഫടികം. ചിത്രം വീണ്ടും റിലീസിനൊരുങ്ങുമ്പോള്‍ വലിയ ആവേശത്തോടെയാണ് സിനിമാ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും കാത്തിരിക്കുന്നത്. ചിത്രം തിയേറ്റിലെത്തുന്നതിന് മുമ്പ് സിനിമയോളം ആരാധകരുള്ള ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനത്തിന്റെ പുതിയ വേര്‍ഷന്‍ മോഹന്‍ലാലും ചിത്രയും ചേര്‍ന്ന് വീണ്ടും ആലപിക്കുകയാണ്. അതിന്റെ വീഡിയോ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

തലമുറകള്‍ക്കിപ്പുറവും ആഘോഷിക്കപ്പെടുന്ന ഗാനമാണ് ഏഴിമല പൂഞ്ചോല. പ്രായഭേദമന്യേ എല്ലാ മലയാളികളും ഇന്നും പാടി നടക്കുന്ന ഗാനം കൂടിയാണിത്. സിനിമ വീണ്ടും തിയേറ്ററിലെത്തുമ്പോള്‍ ഗാനത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ സാധ്യത ഏറെയാണ്.

എസ്.പി വെങ്കിടേഷിന്റെ വരികള്‍ക്ക് പി.ഭാസ്‌കരനാണ് സംഗീതം നല്‍കിയത്. ഗാനത്തിന്റെ പഴയ വേര്‍ഷനും ആലപിച്ചത് മോഹന്‍ലാലും ചിത്രയും ചേര്‍ന്നായിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ഫടികം റീ-റിലീസിനൊരുങ്ങുന്നത്. ഫെബ്രുവരി 9നാണ് സിനിമയുടെ ഫോര്‍ കെ വേര്‍ഷന്‍ തിയേറ്ററുകളിലെത്തുന്നത്. തിലകന്‍, കെ.പി.എ.ലി ലളിത, നെടുമുടി വേണു തുടങ്ങിയ അനശ്വര താരങ്ങളെ വീണ്ടും തിയേറ്ററില്‍ കാണുന്നതിന്റെ ആകാംക്ഷയിലാണ് മലയാളികള്‍.

റിലീസിന് മുമ്പ് മണ്‍മറഞ്ഞ് പോയ താരങ്ങള്‍ക്കായി ഒരു അനുസ്മരണ സന്ധ്യയും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ‘ഓര്‍മ്മകളില്‍ സ്ഫടികം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഫെബ്രുവരി 5ന് വൈകിട്ട് 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വെച്ചാണ് നടക്കുക.

1995 മാര്‍ച്ച് 30നാണ് സ്ഫടികം റിലീസ് ചെയ്തത്. ആടുതോമ എന്ന കഥാപാത്രമായി മോഹന്‍ലാലെത്തിയ ചിത്രം ഫാമിലി ആക്ഷന്‍ ഡ്രാമയായിരുന്നു.തിലകനും കെ.പി.എ.സി ലളിതയുമായിരുന്നു മോഹന്‍ലാലിന്റെ അച്ഛനും അമ്മയുമായി വേഷമിട്ടത്. തിലകന്റെ ‘ചാക്കോ മാഷ്’ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു.

content highlight: ezhimala poonchola song new version