പി.എം ശ്രീയില്‍ ഒപ്പിട്ടത് കേരളത്തിന്റെ തന്ത്രപരമായ നീക്കം: വി.ശിവന്‍കുട്ടി
Kerala
പി.എം ശ്രീയില്‍ ഒപ്പിട്ടത് കേരളത്തിന്റെ തന്ത്രപരമായ നീക്കം: വി.ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th October 2025, 4:49 pm

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ വിശദീകരണം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട തുക തടഞ്ഞുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള കേരളത്തിന്റെ തന്ത്രപരമായ തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

പാഠ്യപദ്ധതിയുടെ വർഗീയ വൽക്കരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിന്നുകൊടുക്കില്ലെന്നും പാഠ്യ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതാണെന്നും ശിവൻകുട്ടി പറഞ്ഞു.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കത്തെ അനുവദിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ ഭാവിയിൽ ഒരു രാഷ്ട്രീയ സമ്മർദവും നടത്താൻ സമ്മതിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ പേരിന്റെ മുമ്പിൽ പി.എം എന്നാണ് ചേർക്കേണ്ടതെന്നും അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ അല്ലെന്നും പി.എം എന്ന് ചേർക്കേണ്ടതിന്റെ പേരിൽ 40 ലക്ഷം കുട്ടികൾക്ക് അവകാശപ്പെട്ട തുക നഷ്ട്ടപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടുമ്പോഴും കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ മതനിരപേക്ഷ ജനാധിപത്യ ശാസ്ത്രീയ ഉള്ളടക്കത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുനൽകുന്നു,’ ശിവൻകുട്ടി പറഞ്ഞു.

ഇപ്പോൾ ധാരണാപത്രത്തിൽ ഒപ്പിടുന്നതിലൂടെ സമഗ്ര ശിക്ഷയുടെ കുടിശികയും രണ്ടുവർഷത്തെ പി.എം.ശ്രീ പദ്ധതിയുടെ ഫണ്ടും ഉൾപ്പെടെ 1476 കോടി 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാൻ പോകുന്നത്. നിലവിൽ കേന്ദ്ര സർക്കാർ സമഗ്ര ശിക്ഷയ്ക്ക് നൽകാൻ ധാരണയായ തുക 971 കോടി രൂപയാണ്.

Content Highilght: Kerala’s signing of PM Shri is a strategic move: V. Sivankutty