ആര്‍.എസ്.എസിലേയും എസ്.ഡി.പി.ഐയിലേയും ക്രിമിനല്‍ ലിസ്റ്റ് തയ്യാറാക്കാന്‍ പൊലീസ്
Political Murders
ആര്‍.എസ്.എസിലേയും എസ്.ഡി.പി.ഐയിലേയും ക്രിമിനല്‍ ലിസ്റ്റ് തയ്യാറാക്കാന്‍ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th December 2021, 11:34 am

തിരുവനന്തപുരം: ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ സംഘടനകളിലുള്ള ക്രിമിനല്‍ ലിസ്റ്റില്‍പ്പെട്ട ആളുകളുടെ പട്ടിക തയ്യാറാക്കാന്‍ പൊലീസ്. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.

ജില്ലാ അടിസ്ഥാനത്തിലാകും പട്ടിക തയ്യാറാക്കുക. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരേയും മുന്‍പ് കേസില്‍ പ്രതികളായവരെയും ഉള്‍പ്പെടുത്തണം. വാറന്റ് പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.

ജാമ്യത്തില്‍ കഴിയുന്നവര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളില്‍ തുടര്‍ച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും.

സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്‍കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും.

അക്രമങ്ങള്‍ക്ക് പണം നല്‍കിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താന്‍ ആവശ്യമായ അന്വേഷണം നടത്തി മേല്‍നടപടി സ്വീകരിക്കും.

നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയത് സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജി മാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പ്രത്യേക നിര്‍ശേം നല്‍കി. ഇത്തരം ചര്‍ച്ചകള്‍ക്ക് അനുവാദം നല്‍കുന്ന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും.

ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ഞായറാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ഇതിന് പിന്നാലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പൊലീസിനെതിരെ ബി.ജെ.പിയും എസ്.ഡി.പി.ഐയും രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും ചെയ്യുന്നുണ്ടെന്നും ഇരുവിഭാഗവും പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Police make RSS SDPI Criminal List Alappzha murders