മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുമെന്ന് കരുതുന്നില്ല; മുസ്‌ലിം പള്ളി നിര്‍മിക്കുന്നത് ചോദ്യം ചെയ്ത ഹരജി ഹൈക്കോടതി തള്ളി
Kerala News
മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുമെന്ന് കരുതുന്നില്ല; മുസ്‌ലിം പള്ളി നിര്‍മിക്കുന്നത് ചോദ്യം ചെയ്ത ഹരജി ഹൈക്കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd January 2022, 9:01 am

കൊച്ചി: കൊല്ലം ജില്ലയിലെ ക്ലാപ്പനയില്‍ മുസ്‌ലിം പള്ളി നിര്‍മിക്കുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹരജി തള്ളി കേരള ഹൈക്കോടതി.

ക്ലാപ്പന പഞ്ചായത്തില്‍ പള്ളി നിര്‍മിക്കുന്നതിനെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയത്.

ഹരജികള്‍ തള്ളിയതിനൊപ്പം സംസ്ഥാനത്തെ മതസൗഹാര്‍ദത്തെക്കുറിച്ചും കോടതി ഓര്‍മിപ്പിച്ചു.

രാജ്യത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനും മതമൈത്രി നല്‍കുന്ന സംഭാവന വലുതാണെന്നും ജനങ്ങള്‍ക്കിടയിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

കരുനാഗപ്പള്ളി സ്വദേശികളായ മോഹനന്‍, ശശി എന്നിവരായിരുന്നു ഹരജി സമര്‍പ്പിച്ചത്. ക്ലാപ്പന പഞ്ചായത്ത് പള്ളിക്ക് നിര്‍മാണ അനുമതി നല്‍കിയത് നിയമവിരുദ്ധമാണ്, എന്നായിരുന്നു ഇരുവരും നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ അനുമതി നല്‍കിയത് നിയമപരമാണെന്ന് കോടതി വിശദീകരിച്ചു.

ശബരിമലയിലെ അയ്യപ്പനും വാവരും അര്‍ത്തുങ്കല്‍ വെളുത്തച്ചനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഐതിഹ്യകഥകള്‍ എടുത്തുപറഞ്ഞ കോടതി, കേരളത്തിലെ സാമുദായിക ഐക്യത്തിന്റെ സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും നിരീക്ഷിച്ചു.

ശബരിമല തീര്‍ഥാടന സമയത്ത് ഭക്തര്‍ വാവര്‍ പള്ളിയും അര്‍ത്തുങ്കല്‍ ബസിലിക്കയും സന്ദര്‍ശിക്കുന്നു. ഇവര്‍ അയ്യപ്പഭക്തര്‍ക്ക് ആതിഥേയത്വം നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നു.

തീര്‍ത്ഥാടനത്തിന്റെ അവസാനം മുസ്‌ലിം പള്ളി ചന്ദനക്കുടം നടത്തുന്നു. ശബരിമല ക്ഷേത്രത്തില്‍ വാവര്‍ നടയുണ്ട്. ഇത്തരം ആചാരങ്ങള്‍ കേരളത്തിലെ പല ഉത്സവങ്ങളിലും തുടരുന്നുണ്ട്. മതങ്ങള്‍ തമ്മിലുള്ള ശക്തമായ ഈ ബന്ധം തകര്‍ക്കാന്‍ ഏതെങ്കിലും പൗരന്മാര്‍ ശ്രമിക്കുമെന്ന് തോന്നുന്നില്ല- കോടതി നിരീക്ഷിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kerala High Court rejected a petition questioning permission to build mosque in kollam