ഫെഡറലിസത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൂട്ടുനില്‍ക്കുന്നു: സാമൂഹിക നിരീക്ഷകര്‍
Kerala
ഫെഡറലിസത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൂട്ടുനില്‍ക്കുന്നു: സാമൂഹിക നിരീക്ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2025, 6:04 pm

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിലെ കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും. സര്‍വ ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) പദ്ധതിയുടെ പണം വിട്ടുനല്‍കാന്‍ പി.എം ശ്രീയില്‍ ഒപ്പുവെക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ കടുംപിടുത്തത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് വേണ്ടതെന്ന് 50ലധികം വരുന്ന കേരളത്തിലെ സാമൂഹിക നിരീക്ഷകര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ ഭീഷണിക്കുമുന്നില്‍ നാണം കെട്ട കീഴടങ്ങലിന് തയ്യാറായ സംസ്ഥാന സര്‍ക്കാര്‍ ഫെഡറലിസത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കാന്‍ കേന്ദ്രത്തിന് കൂട്ടു നില്‍ക്കുകയാണെന്നും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

‘നരേന്ദ്ര മോദി സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രത്തില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുകയാണല്ലോ. ദേശീയ വിദ്യാഭ്യാസനയം 2020 നടപ്പാക്കുന്നതിന്റെ വിജയപ്രദര്‍ശനം എന്ന നിലയിലാണ് പി.എം ശ്രീ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത് ഇതു നടപ്പാക്കാന്‍ പാകത്തില്‍ മാതൃകാസ്‌കൂളുകള്‍ തെരഞ്ഞെടുക്കപ്പെടും. ഇങ്ങനെയൊരു കരാറില്‍ ഒപ്പുവെച്ച ശേഷം ദേശീയ വിദ്യാഭ്യാസ നയത്തെ ഞങ്ങള്‍ ഇപ്പോഴും എതിര്‍ക്കുന്നുവെന്ന് പറയുന്നതില്‍ കാര്യമില്ല,’ പ്രസ്താവനയില്‍ വ്യക്തമാക്കി.

കെ. സച്ചിദാനന്ദന്‍, കെ.ജി. എസ്, ബി. രാജീവന്‍, സാറാ ജോസഫ്, ജെ. ദേവിക, എം.എന്‍. കാരശ്ശേരി, യു.കെ. കുമാരന്‍, ജോയ് മാത്യു, കല്‍പ്പറ്റ നാരായണന്‍, ഡോ. എം.വി. നാരായണന്‍, ജെ, പ്രഭാഷ്, ഹമീദ് ചേന്നമംഗലൂര്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, അജിത, പ്രിയനന്ദന്‍, പി.ടി. കുഞ്ഞുമുഹമ്മദ്, വത്സലന്‍ വാതുശ്ശേരി, സാവിത്രി രാജീവന്‍, ഡോ. കെ.ജി. താര, ഡോ. ഖദീജ മുംതസ്, ഡോ. കെ.എസ്. മാധവന്‍, ഡോ. പി.കെ. പോക്കര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, വി.എസ്. അനില്‍കുമാര്‍, എം.എ. റഹ്‌മാന്‍, വി.ആര്‍. സുധീഷ്, പി.പി. രാമചന്ദ്രന്‍, പി. സുരേന്ദ്രന്‍, സെബാസ്റ്റ്യന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കുരീപ്പുഴ ശ്രീകുമാര്‍, വി.എം. ഗിരിജ, അന്‍വര്‍ അലി, ലോപാമുദ്ര, വീരാന്‍കുട്ടി, സുധാമേനോന്‍, എന്‍. മാധവന്‍കുട്ടി, ഡോ. എല്‍. തോമസ് കുട്ടി, ഡോ. ഉമര്‍ തറമേല്‍, എം. സുരേഷ്ബാബു, ജോജി, പ്രമോദ് പുഴങ്കര, സഹദേവന്‍, മധു ശങ്കര്‍ മീനാക്ഷി, കെ.എ. ഷാജി, ഡോ സ്മിത പി. കുമാര്‍, കെ.എസ്. ഹരിഹരന്‍, കുസുമം ജോസഫ്, എം. സുല്‍ഫത്ത്, ഡോ. എം. ജ്യോതിരാജ്, എന്‍.പി. ചെക്കുട്ടി, എം. ഷാജര്‍ഖാന്‍, ദേവേശന്‍ പേരൂര്‍, എം.പി. ബലറാം, എന്‍. സുബ്രഹ്‌മണ്യന്‍, ഡോ. പി. ശിവപ്രസാദ്, ആസാദ്, ടി.കെ. വിനോദന്‍, ആര്‍.എസ്. പണിക്കര്‍, ഡോ. കെ.എന്‍. അജോയ്കുമാര്‍, രാജന്‍ സി.എച്ച്, ദീപക് നാരായണന്‍, ജോസഫ് സി. മാത്യു, എം.എം. സോമശേഖരന്‍, പി. സി. ഉണ്ണിച്ചെക്കന്‍, സി.ആര്‍. നീലകണ്ഠന്‍, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, പ്രൊഫ. എന്‍.സി. ഹരിദാസന്‍, ഡോ. അജയകുമാര്‍ കോടോത്ത് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

എവിടെയും ചര്‍ച്ച ചെയ്യാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പി.എം ശ്രീയിലെ നയപരമായ മാറ്റം തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു.

സംസ്ഥാന മന്ത്രിസഭയെത്തന്നെ ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നു. മന്ത്രിസഭ മാറ്റിവെച്ച പദ്ധതിയുടെ ധാരണാപത്രത്തിലാണ് വകുപ്പ് സെക്രട്ടറി ഒപ്പുവെച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇത് ജനാധിപത്യത്തെ കളങ്കപ്പെടുത്തലാണ്. ഈ കളങ്കിതമായ ധാരണാപത്രം വഴി കൈവരുന്ന ആയിരത്തഞ്ഞൂറ് കോടി രൂപയെക്കാള്‍ വിലയുണ്ട് നാം ഉയര്‍ത്തിപ്പിടിച്ചുപോന്ന മൂല്യങ്ങള്‍ക്കെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു. അതുകൊണ്ട് എത്രയുംവേഗം കരാറില്‍ നിന്ന് പിന്‍വാങ്ങണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

Content Highlight: Kerala govt is joining hands with the Centre to put the final nail in the coffin of federalism: Social observers