കേരളത്തില്‍ ഒട്ടനവധി പേര്‍ ആശ്രയിക്കുന്ന തൊഴില്‍ മേഖലയാണ് ഫിലിം ഇന്‍ഡസ്ട്രി. കൊവിഡ് കാലഘട്ടത്തില്‍ ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ പിടിമുറുക്കിയതോടെ വലിയ പ്രതിസന്ധിയിലായിരുന്നു തിയേറ്റര്‍ ഉടമകളും തൊഴിലാളികളും. തിയേറ്റര്‍ റിലീസിന്റെ കാലം കഴിഞ്ഞെന്ന് തന്നെ പലരും വിധിയെഴുതിയിരുന്നു. എന്നാല്‍ കൊവിഡിന് പിന്നാലെ ഇത്തരം പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി സിനിമാ മേഖല വീണ്ടും സജീവമാകുകയായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com
കൊവിഡിന് ശേഷം തിയേറ്ററുകളിലേക്ക് ആളെയെത്തിച്ച ഒട്ടനവധി ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രമായി പുറത്തിറങ്ങിയത്. ഈ വര്‍ഷം തന്നെ 300 കോടി ക്ലബില്‍ കയറിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 200 കോടി ക്ലബില്‍ കയറിയ വാഴ 2, ദൃശ്യം 3, 100 കോടി ക്ലബില്‍ ഇടംപിടിച്ച ആട് 3 തുടങ്ങിയവയെല്ലാം വലിയ ബിസിനസായിരുന്നു കേരള ബോക്‌സ് ഓഫീസില്‍ സമ്മാനിച്ചത്.
ഇതില്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് വമ്പന്‍ വിജയമായിരുന്നു കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിയേറ്ററിലെത്തി കണ്ട മലയാള ചിത്രമെന്ന റെക്കോര്‍ഡും കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടി നേടുന്ന ആദ്യ ചിത്രമെന്ന നേട്ടവും ബെത്‌ലഹേം സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്തത് മുതല്‍ ഒരു മാസത്തോളം ദിനംപ്രതി തുടര്‍ച്ചയായി ഒരു കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിക്കൊണ്ടായിരുന്നു ബെത്‌ലഹേം ഈ നേട്ടത്തിലെത്തിയത്.
എന്നാല്‍ ബെത്‌ലഹേം തിയേറ്ററില്‍ നിന്നും പിന്മാറിയതോടെ കേരള ബോക്‌സ് ഓഫീസിലെ ബിസിനസില്‍ ഇപ്പോള്‍ കാര്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ (ബുധന്‍) കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം ബിജു മോനോന്‍ പ്രധാനവേഷത്തിലെത്തിയ അവറാച്ചന്‍ ആന്‍ഡ് സണ്‍സാണ്. 35 ലക്ഷമാണ് ചിത്രത്തിന് ഇന്നലെ കളക്ഷനായി ലഭിച്ചിരിക്കുന്നത്.

ജയിലര്‍ 2. Photo: X.com
രണ്ടാം സ്ഥാനത്തുള്ളത് വിജയ് സേതുപതിയുടെ തമിഴ് ചിത്രമായ ബത്തയാണ്. 16 ലക്ഷമാണ് ചിത്രം നേടിയിരിക്കുന്നത്. നാളെ ഒ.ടി.ടി റിലീസിനൊരുങ്ങുന്ന പ്രഥമ ദൃഷ്ട്യ കുറ്റക്കാര്‍ 12 ലക്ഷവുമായി മൂന്നാം സ്ഥാനത്തുണ്ട്. 11 ലക്ഷവുമായി അജയ് ദേവ്ഗണ്ണിന്റെ ദൃശ്യം 3 ദി കണ്‍ക്ലൂഷനും ലിസ്റ്റിലുണ്ട്. മലയാളത്തില്‍ വമ്പന്‍ റിലീസൊന്നുമില്ലാത്ത ഒക്ടോബര്‍ മാസത്തില്‍ കേരള ബോക്‌സ് ഓഫീസ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് രജിനികാന്ത് നായകനായ ജയിലര്‍ 2വിലാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
Content Highlight: Kerala Box Office collection down after Bethlehem Kudumba Unit
