ജയ് ശ്രീറാം ആക്രോശങ്ങളുടെ അകപ്പൊരുളുകള്‍; കെ.ഇ.എന്‍ സംസാരിക്കുന്നു
ഷഫീഖ് താമരശ്ശേരി

ജനാധിപത്യം രാഷ്ട്രീയ ശാസ്ത്രത്തിലെ ഒരു മഹാ വിസ്മയമാണ്. സൂക്ഷ്മാര്‍ത്ഥത്തില്‍ അത് ഭൂരിപക്ഷ ആധിപത്യമേ അല്ല. പ്രത്യക്ഷത്തില്‍ ഭൂരിപക്ഷത്തിന്റെ വിജയമാണ് ജനാധിപത്യം ആഘോഷിക്കുന്നതെന്ന് തോന്നും. അതില്‍ പരമാര്‍ത്ഥവുമുണ്ട്. പക്ഷേ, അല്‍പം ആഴത്തില്‍ ആലോചിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ പറ്റും, സൂക്ഷ്മമായ അര്‍ത്ഥത്തില്‍ ജനാധിപത്യം ആ പേരിന് അര്‍ഹമാവുന്നത് എല്ലാ ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങളെ അത് പരിഗണിക്കുമ്പോള്‍ മാത്രമാണ്.

അതുകൊണ്ടാണ് ഒരു കാനേഷുമാരി കണക്കിന്റെ, എണ്ണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ജനാധിപത്യത്തെ നാം ചുരുക്കരുത് എന്ന് ജനാധിപത്യത്തെക്കുറിച്ചുള്ള മൗലീകമായ പഠനങ്ങളൊക്കെ പറയുന്നത്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ജനസംഖ്യാ അടിസ്ഥാനത്തിലുള്ള എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്ക് പ്രധാനമാണ്. ജനാധിപത്യ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതൊരു തുടക്കം മാത്രമാണ്.

മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭൂരിപക്ഷ ആധിപത്യത്തിന്റെ പേരല്ല ജനാധിപത്യം. ജനാധിപത്യത്തിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ അതിന് നിരവധി പരിമിതികള്‍ ഉണ്ടെന്ന് വ്യക്തമാണ്. പക്ഷേ, ആ പരിമിതികള്‍ക്കൊക്കെ അപ്പുറം പരിമളം പരത്തുന്ന ഒരു മഹാസാധ്യത എന്നുപറയുന്നത് എല്ലാ വൈവിധ്യങ്ങളെയും വ്യത്യസ്ഥതകളെയും അഭിമുഖീകരിക്കാനും അവയുമായി സംവാദം നടത്താനും അതിന് കഴിഞ്ഞിരുന്നു എന്നതാണ്.

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇന്ത്യന്‍ ജനത വലിയൊരു ആശങ്കയിലായിരുന്നു. ആ ആശങ്ക ഓരോ ദിവസം കഴിയുമ്പോഴും വര്‍ദ്ധിക്കുന്നതാണ് നമ്മള്‍ കണ്ടത്. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വന്‍ വിജയം നേടി എന്നുള്ളത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളെ വലിയ നടുക്കമുണ്ടാക്കിയതാണ്. അതേ സമയം തന്നെ ജനാധിപത്യത്തിന്റെ ഒരു നിലപാടില്‍നിന്ന് നോക്കുമ്പോള്‍ ആ വിജയം ആ അര്‍ത്ഥത്തില്‍ അംഗീകരിക്കപ്പെടേണ്ടതുമാണ്.

പക്ഷേ, പതിനാറാം ലോകസഭയിലെ വിജയത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഈ സമയത്തുപോലും ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടക്കൊല (ആള്‍ക്കൂട്ടക്കൊല എന്ന പ്രയോഗം സൂക്ഷ്മമായി അപനിര്‍മ്മിക്കപ്പെടേണ്ടതാണ്. ആ പ്രയോഗത്തോട് സാംസ്‌കാരിക വിമര്‍ശകനെന്ന നിലയില്‍ ഞാന്‍ യോജിക്കുന്നില്ല. പക്ഷേ, നിലവിലുള്ള ഒരു പ്രയോഗം എന്ന അര്‍ത്ഥത്തില്‍ ആ പ്രയോഗം തന്നെ കടമെടുക്കുകയാണ്) ഐക്യ രാഷ്ട്ര സഭയുടെ മുന്നില്‍ എത്തിക്കഴിഞ്ഞു എന്നത് ഒരു ഇന്ത്യക്കാരന്, ഒരു ജനാധിപത്യ മനോഭാവം പുലര്‍ത്തുന്ന മനുഷ്യന് അഭിമാനകരമല്ല.

കാരണം നമ്മുടെ രാഷ്ട്രത്തിന്റെ അകത്തുവച്ച് പരിഹരിക്കാന്‍ കഴിയാത്ത വിധം ആള്‍ക്കൂട്ടക്കൊല എന്ന പേര് ഇന്ന് പ്രചാരം നേടിക്കഴിഞ്ഞു. വളരെ ജനാധിപത്യ വിരുദ്ധമായിട്ടുള്ള കൂട്ടക്കൊല നടത്തി ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമം ഇന്ത്യയ്ക്കകത്ത് പരിഹരിക്കാന്‍ കഴിയാത്ത വിധം ഐക്യരാഷ്ട്ര സഭയുടെ മുമ്പില്‍ എത്തിക്കഴിഞ്ഞു. ‘ഇന്ത്യയിലെ തല്ലിക്കൊല്ലല്‍ ഐക്യരാഷ്ട്ര സഭയില്‍’ എന്നതായിരുന്നു പത്രവാര്‍ത്ത.

അത് ഒരു ഇന്ത്യക്കാരനും അഭിമാനകരമല്ല. കാരണം, നമ്മുടെ രാജ്യത്ത് ഇത്തരമൊരു പ്രശ്‌നം സംഭവിച്ചാല്‍, അത് പരിഹരിക്കുന്നതിന് നേതൃത്വം കൊടുക്കേണ്ടത് ഇന്ത്യയിലെ സര്‍ക്കാര്‍ തന്നെയാണ്. എന്നാല്‍, ആ സര്‍ക്കാര്‍ പിന്തിരിയുകയാണ് ചെയ്തത്. മാത്രമല്ല, ഇതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപമാണ് സര്‍ക്കാര്‍ എന്ന് വ്യാപകമായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഈ സമയത്ത് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നത് ന്യൂസിലാന്‍ഡിലെ സര്‍ക്കാര്‍ സമാനമായ ഒരു സന്ദര്‍ഭത്തില്‍ എങ്ങനെ പെരുമാറി എന്നുള്ളതാണ്. ഹര്‍ഷ്മന്ദര്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്, സ്‌നേഹത്തെക്കുറിച്ച് നമ്മള്‍ ന്യൂസിലാന്‍ഡില്‍നിന്നും പഠിക്കണം എന്ന്. കാരണം ന്യൂസിലാന്‍ഡിലെ പ്രധാനമന്ത്രി ജസീന്ത അവിടെ പള്ളിയില്‍ ആക്രമണമുണ്ടായപ്പോള്‍ ആ പള്ളിയിലെത്തുകയും അവര്‍ ഹിജാബ് ധരിക്കുകയും പീഡനത്തിന് ഇരയായ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്്തു.

ന്യൂസിലാന്‍ഡിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ആക്രമണം നടന്ന പള്ളിക്കുമുമ്പില്‍ പൂക്കളുമായി വന്ന് നില്‍ക്കുന്ന ദൃശ്യം കണ്ടാല്‍ത്തന്നെ നമുക്ക് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും ഒരു അനുഭൂതി ലഭിക്കും. പക്ഷേ, ഇന്ത്യയില്‍ ഇത്തരം ആള്‍ക്കൂട്ടക്കൊലയ്ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന പ്രവണതയാണ് നമ്മള്‍ കാണുന്നത്.

നമ്മള്‍ സാധാരണ അഭിമാനിക്കാറും ആവേശം കൊള്ളാറുമുണ്ട് ഉത്തരേന്ത്യയില്‍നിന്നും വളരെ വ്യത്യസ്തമാണ് കേരളം എന്ന്. അത് ശരിയുമാണ്. പലവിധ കാരണങ്ങള്‍ കൊണ്ടാണ് കേരളം ഉത്തരേന്ത്യയില്‍നിന്നും വ്യത്യസ്ഥമായിരിക്കുന്നത്. നമുക്കറിയാവുന്നതുപോലെ നവോത്ഥാനത്തിന്റെ ഇടപെടലുണ്ട്, കര്‍ഷക സമരങ്ങളും നിരവധിയായ തൊഴിലാളി സമരങ്ങളുമുണ്ട്, ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ മേല്‍കൈ ഉണ്ട് എന്ന വസ്തുതയുമുണ്ട്.

ഇതൊക്കെ നിലനില്‍ക്കെ ലോകത്തിന് മുമ്പില്‍ ഇന്ത്യയ്ക്ക് അഭിമാനത്തോടെ എന്നും ഉയര്‍ത്തിക്കാണിക്കാവുന്ന സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന് നേരെയുണ്ടായ ആക്രമണം പ്രതിഷേധാര്‍ഹമാണ്. അദ്ദേഹം ചെയ്തത് വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല. ഇന്ത്യയിലെ പ്രശസ്തരായിട്ടുള്ള 49 പ്രതിഭകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു അപേക്ഷ സമര്‍പ്പിക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ രാജ്യത്തെ ഏത് പൗരനും അവകാശമുണ്ട്. അത് ഇന്ത്യന്‍ ജനാധിപത്യം നല്‍കുന്ന പ്രാഥമികമായ അവകാശമാണ്. ആ അവകാശം ഉപയോഗപ്പെടുത്തുക മാത്രമാണ് ഇവരും ചെയ്തത്. രാമചന്ദ്രഗുഹയും അമര്‍ത്യാസെനും രേവതിയും അടൂരുമൊക്കെയാണ് ഈ 49 പേരിലുള്ളത്. ഈ 49 പേര്‍ ഒപ്പിട്ടുപറഞ്ഞിരിക്കുന്ന കാര്യം, ‘ജയ് ശ്രീറാം’ എന്നത് ഇന്ത്യയില്‍ ഒരു കൊലവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ആ കൊലവിളി ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ മുറിവുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നിസ്സഹായകരും നിഷ്‌കളങ്കരുമായ മനുഷ്യര്‍ നിരന്തരം ഇവിടെ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചിലര്‍ കൊല്ലപ്പെട്ടു. മറ്റുചിലര്‍ ആക്രമണത്തിന്റെയും അരക്ഷിതത്വത്തിന്റെയും അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. ഇതൊരു ജനാധിപത്യ രാഷ്ട്രത്തിന് അഭിമാനകരമല്ല. ഒരു രാഷ്ട്രം ഇത്തരം പ്രവണതകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നാണ്. യഥാര്‍ത്ഥത്തില്‍ ജയ്ശ്രീറാം ഒരു കൊലവിളിയായി മാറുന്നതിനെതിരെ രാഷ്ട്രം നടപടി സ്വീകരിക്കണമെന്ന ഒരു അപേക്ഷയാണ് ആ കത്ത്.

ആ കത്തില്‍ എനിക്കേറ്റവും സൂക്ഷ്മമായി തോന്നിയത്, ഒരു രാജ്യത്തെ ഭരിക്കുന്ന സര്‍ക്കാര്‍ എന്നത് ആ രാജ്യത്തിന്റെ പര്യായമല്ല എന്ന് അതില്‍കൃത്യമായി പറയുന്നുണ്ട് എന്നതാണ്. എന്നുപറഞ്ഞാല്‍, രാജ്യത്തിന്റെ ഭരണകക്ഷി ഭരണകക്ഷി മാത്രമാണ്,മറിച്ച്്് രാജ്യത്തിന്റെ പര്യായമല്ല. രാജ്യമെന്ന് പറയുന്നത് മാറിവരുന്ന ഭരണകക്ഷികള്‍ക്കെല്ലാം അപ്പുറം നിലനില്‍ക്കുന്ന ഒരു ജനതയുടെ ജീവിതത്തിന്റെ ചുരുക്കപ്പേരാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായോ ഭരണകക്ഷിയായോ ഏതെങ്കിലും മതമായോ ജാതിയായോ ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ആരാധനയോ ആചാരമോ ആയിട്ടോ രാജ്യത്തെ വെട്ടിച്ചുരുക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തയുമായി പൊരുത്തപ്പെടുന്നതല്ല. ഈ കത്തില്‍ ഇത് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്നുള്ള ഭരണകക്ഷി നാളെ മാറാം. വേറൊരു ഭരണകക്ഷി വരാം. ജനാധിപത്യത്തിന്റെ ഒരു പ്രക്രിയയാണത്. ആ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഈ കൊലവിളി പരിക്കേല്‍പ്പിക്കുന്നു എന്നാണ് കത്തിന്റെ ചുരുക്കം. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ജനാധിപത്യപരമായ ഒരു അപേക്ഷ മാത്രമാണ് ഈ കത്തിലുള്ളത്. ഈ കത്ത് ശൂന്യതയില്‍നിന്നും ഉണ്ടായതല്ല. ഇന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നാണ് ഇതുണ്ടായത്.

നമുക്കറിയാം 2002ലെ ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമായി ഇന്ത്യയിലും ലോകത്തിലും അറിയപ്പെട്ടത് കൈ കൂപ്പി നില്‍ക്കുന്ന കുത്തബ്ദ്ദീന്‍ അന്‍സാരിയുടെ ചിത്രമാണ്. അത് ലോകത്തിലുള്ള മുഴുവന്‍ മനുഷ്യരുടെയും മനസില്‍ വലിയ ചലനമുണ്ടാക്കി. രക്ഷിക്കണേ എന്ന ഒരു വ്യക്തിയുടെ മാത്രം അപേക്ഷയല്ല അത്. മതനിരപേക്ഷ ജനാധിപത്യമൂല്യം മനസില്‍ സൂക്ഷിക്കുന്ന സകല മനുഷ്യര്‍ക്കും വേണ്ടി നിസഹായനായ ഒരു മനുഷ്യന്‍ നടത്തിയ വിനീതമായ ഒരു അപേക്ഷയാണ് അത്. അത് ഇന്നും നമ്മുടെ മനസിനെ വേദനിപ്പിക്കുന്നു.

എന്നാല്‍, ജയ് ശ്രീറാം വിളിക്കാനുള്ള ആക്രോശത്തിനിടയില്‍ കൈകൂപ്പാന്‍ പോലും അവസരം കിട്ടാതെ ജാര്‍ഖണ്ഡില്‍ കൊല ചെയ്യപ്പെട്ട തബ്രീസ് അന്‍സാരിയെക്കുറിച്ച് നമ്മള്‍ ആലോചിക്കുമ്പോഴാണ് ഇന്നിന്റെ തീവ്രത വ്യക്തമാവുക. ഒരു നിലവിളിയിലൂടെയോ ഒരു കൈകൂപ്പലിലൂടയോ ഒരാള്‍ക്ക് അയാളുടെ ദുഃഖം പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് അത്രയെങ്കിലും ആശ്വാസം കിട്ടും. എന്നാല്‍ കൈകള്‍ പിന്നില്‍ കെട്ടിയിടപ്പെട്ട് ജയ്ശ്രീറാം വിളിക്കാനുള്ള ആക്രോശത്തിന് മുമ്പില്‍ പതറി പ്രതികരിക്കാന്‍ പോലുമാവാതെയാണ് അടികൊണ്ട് തബ്രീസ് അന്‍സാരി കൊല്ലപ്പെട്ടത്. 2002ലെ നിസ്സഹായനായ കുത്തബ്ദ്ദീന്‍ അന്‍സാരിയില്‍നിന്ന് 2019ലെ ഇന്ത്യ കൈകൂപ്പാന്‍പോലും കഴിയാതെ ജയ്ശ്രീറാമിന്റെ മുമ്പില്‍ പേടിച്ച് അടിയേറ്റ് കൊല്ലപ്പെട്ട തബ്രീസ് അന്‍സാരിയിലാണ് എത്തിനില്‍ക്കുന്നത്. അതൊരു നടുക്കമുണ്ടാക്കേണ്ട, ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വെച്ചുപൊറുപ്പിക്കാനാവാത്ത ഒരു അവസ്ഥയാണ്.

മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ജനാധിപത്യം ജനാധിപത്യമായിരിക്കുന്നിടത്തോളം കാലം ആ ജനാധിപത്യത്തിന്റെ മൂല്യബോധം അവസാന ഇന്ത്യക്കാരന്റെ മനസിലും മരിക്കാതിരിക്കുന്നിടത്തോളം കാലം ഇത്തരത്തിലുള്ള ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെയുള്ള പ്രതികരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതിനോട് ജനാധിപത്യപരമായി പ്രതികരിക്കുന്നതിന് പകരം അവരെ ആക്ഷേപിക്കുകയാണ്. അതാണ് കേരളത്തിലും സംഭവിച്ചത്.

രാമനാമം എന്നത് ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയതാളമാണ്. സ്വാതന്ത്രത്തിന് മുമ്പും ശേഷവും ഇന്ത്യയിലുടനീളം കോടിക്കണക്കിന് മനുഷ്യര്‍ രാമനാമം ജപിച്ചുകൊണ്ടിരിക്കുകയാണ്. അത് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിന് ഇതുവരെ ഇടയാക്കിയിട്ടില്ല. എന്നാല്‍ 2014ന് ശേഷമല്ല ഇത് സംഭവിച്ചത്. ഇത് ആരംഭിക്കുന്നത് യഥാര്‍ത്ഥത്തില്‍ 1925ല്‍ സംഘ്പരിവാറിന്റെ വരവോടുകൂടിയാണ്. അതിനെക്കുറിച്ചുള്ള ഏറ്റവും സൂക്ഷ്മമായ പ്രതികരണം നടത്തിയത് മഹാത്മാഗാന്ധിയാണ്. യഥാര്‍ത്ഥത്തില്‍ മഹാത്മാഗാന്ധിയോളം രാമഭക്തനും രാമനാമം ജപിക്കുന്നതുമായ മഹാനായ വ്യക്തി വേറെയുണ്ടോ എന്നത് സംശയമാണ്. ഗാന്ധിയുടെ സ്വപ്‌നം തന്നെ ഒരു രാമരാജ്യമായിരുന്നു. ഗാന്ധിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സ്വപ്‌ന റിപ്പബ്ലിക്കാണ് രാമരാജ്യം. ഇസ്ലാമിക ലോകത്തെ ഏറ്റവും പ്രമുഖനായ ഉമര്‍ ഖലീഫയുടെ ലാളിത്യം നിറഞ്ഞ ഭരണമാണ് രാമരാജ്യത്തെക്കുറിച്ചുള്ള എന്റെ സ്വപ്‌നമെന്ന് ഗാന്ധി വ്യക്തമായി പറയുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളിലുമുള്ള ഇന്ത്യന്‍ ജനതയെ ഐക്യപ്പെടുത്താന്‍ വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാമരാജ്യം. രാമനും റഹീമും എന്നാണ് അദ്ദേഹം പറഞ്ഞത്.

പക്ഷേ, ആ രാമരാജ്യവും ഗോഡ്‌സെയുടെ രാമരാജ്യവും തമ്മില്‍ മൗലീകമായ വ്യത്യാസമുണ്ട്. അവിടെയാണ് ഞാന്‍ സൂചിപ്പിക്കുന്നത്, ഇന്ത്യയ്‌ക്കൊരു ചരിത്രമുണ്ട്. ആ ചരിത്ര പശ്ചാത്തലത്തല്‍, കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയതാളമായിരുന്ന രാമനാമ ജപത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലം സൃഷ്ടിക്കുന്നതിലേക്ക് ആര് നയിച്ചു എന്നാലോചിക്കുമ്പോള്‍ അത് 2014ല്‍ നിന്നല്ല ആരംഭിക്കുന്നത് എന്ന് മനസിലാവും. ആ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവം 1925 തന്നെയാണ്.

ആര്‍.എസ്.എസ് രൂപപ്പെട്ട ആ കാലത്ത് മഹാത്മാഗാന്ധിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട് മനുഷ്യരെ തമ്മില്‍ത്തല്ലിക്കാന്‍ വേണ്ടി രാമനാമം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ് എന്ന്. 1925ലെ ഈ ചോദ്യവും അന്നത്തെ ഗാന്ധിയുടെ ഉത്തരവും ഇന്നത്തെ അവസ്ഥയുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍ അമ്പരന്ന് പോകും. കാരണം അന്ന് രാമനാമജപത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലയൊന്നും ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചോദ്യം ഒരുപരിധിവരെ സാങ്കല്‍പികമാണ്. പക്ഷേ, 1925ലാണ് ചോദ്യം എന്നത് അടിവരയിടേണ്ടതാണ്. അത് ലക്ഷ്യത്തെത്തന്നെ തകര്‍ക്കുന്ന ഒരു സമീപനമായിരിക്കും എന്നായിരുന്നു ഗാന്ധിയുടെ മറുപടി. അങ്ങനെ പറയുമ്പോള്‍പ്പോലും ഗാന്ധി രാമനാമത്തിന്റെപേരില്‍ ഇവിടെ വലിയ സംഘര്‍ഷമുണ്ടാകുമെന്നോ അതുതന്നെ തന്റെ ജീവനെടുത്തേക്കുമെന്നോ അന്ന് ഗാന്ധി പ്രതീക്ഷിച്ചിരുന്നില്ല. 1925ലെ ആ പത്രപ്രവര്‍ത്തകന്റെ സാങ്കല്‍പിക ചോദ്യം ഇന്ത്യന്‍ ജീവിതത്തില്‍ ഇന്ന് സത്യമായി തീരുകയാണ്. അതുകൊണ്ട് ഇന്നത്തെ ജയ്ശ്രീറാം വിളികളുടെ വേരുകള്‍ തിരക്കേണ്ടത് ഭക്തിപ്രസ്ഥാനത്തിലോ നവോത്ഥാനത്തിലോ ഗാന്ധിയുടെ രാമരാജ്യം എന്ന പരികല്‍പനയിലോ ഭക്തരുടെ രാമനാമ ജപത്തിലോ അല്ല. അതൊന്നുമായി ഇതിന് യാതൊരു ബന്ധവുമില്ല. മറിച്ച്, 1925ല്‍ തുടങ്ങി 1948ല്‍ മഹാത്മാ ഗാന്ധിയുടെ വധത്തിലേക്ക് വളര്‍ന്ന, ആ വധത്തിന്റെ സമയത്ത് നാഥുറാം വിനായക് ഗോഡ്‌സെയുടെ തോക്കിന്റെ വെടിയൊച്ചയേക്കാള്‍ വലിയ അലര്‍ച്ചയായി ഇന്ന് ഇന്ത്യയിലാകെ വളര്‍ന്നുകൊണ്ടിരിക്കുന്നത് അന്ന് ഗോഡ്‌സെ വിളിച്ച ആ രാമനാമമാണ്. അതാണ് ഇന്ന് ഒരു അലര്‍ച്ചയായി, ആക്രോശമായി, ജയ്ശ്രീറാം വിളിയായി ഇന്ത്യയിലാകെ വളര്‍ന്നുകൊണ്ടിരിക്കുന്നത്.

നടുക്കമുണ്ടാക്കേണ്ട ഒരു കാര്യം ഗോഡ്‌സെയുടെ ആ അലര്‍ച്ച കേരളത്തിലും എത്തിക്കഴിഞ്ഞു എന്നതാണ്. അതുകൊണ്ട് അടൂര്‍ അനുഭവിച്ച പ്രശ്‌നം വ്യക്തിഗതമായ ഒന്നല്ല. ഒപ്പിട്ട നാല്‍പ്പത്തൊമ്പത് പേരുടെയും പ്രശ്‌നമല്ല. മറിച്ച്, അത് ഇന്ത്യന്‍ ജനതയുടെ മൊത്തം ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമാണ്.

പ്രശ്‌നം രാമനാമ ജപമേ അല്ല. അതിനെക്കുറിച്ച് ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, രാമനാമത്തെ ഒരു കൊലവിളിയായി ഒരു സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് കീഴ്‌പ്പെടുത്തിക്കൊണ്ട് അതിനെ ദുരുപയോഗം ചെയ്യുന്നത് ആരാണ്? ഈ കത്തിലും പിന്നീട് തന്റെ പ്രതികരണത്തില്‍ അടൂരും പറയുന്നുണ്ട് ഇത് രാമനാമത്തിന്റെ പ്രശ്‌നമല്ല എന്ന്. മറിച്ച്, രാമനെത്തന്നെ കളങ്കപ്പെടുത്തുന്നതിന്റെ ഒരു ഭാഗമാണ്. ആ അര്‍ത്ഥത്തില്‍ ഇതിനെതിരെ പ്രതികരണങ്ങള്‍ ഉണ്ടാകണം.

ഇതിന് വേറൊരു ചരിത്രമുണ്ട്. അടൂര്‍തന്നെ പറയുന്നുണ്ട് ഞാന്‍ രാമവിശ്വാസിയാണ്. എന്റെ വീട്ടില്‍ നിങ്ങള്‍ രാമനാമം ജപിക്കാന്‍ വന്നാല്‍ ഞാനും കൂടി നിങ്ങളുടെക്കൂടെ കൂടാം എന്ന്. ഇന്ത്യ രാമഭക്തരുടെ രാജ്യമാണ് എന്നത് ശരിയാണ്. പക്ഷേ, ഇന്ത്യ രാമഭക്തന്മാരുടെ മാത്രം മാതൃരാജ്യമല്ല. ഈ രാജ്യത്ത് രാമഭക്തിയില്‍നിന്നും വ്യത്യസ്ഥമായ നിരവധി ഭക്തി സമ്പ്രദായങ്ങളുണ്ട്. ഹിന്ദുമതത്തിലെ കീഴാള നവോത്ഥാന പ്രസ്ഥാനം രാമനെ അംഗീകരിച്ചിട്ടില്ല എന്ന വസ്തുത കൂടി തിരിച്ചറിയണം. ജ്യോതി ബഫൂലെയും അംബേദ്കറും ഇ.വി.ആറും ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും തുടങ്ങിയ നിരവധി നവോത്ഥാന പ്രതിഭകള്‍ രാമവിമര്‍ശനം നടത്തിയവരാണ്. അതുകൂടി ഉള്‍പ്പെട്ടതാണ് ഇന്ത്യ. അത് മറന്നാല്‍, മറച്ചുവക്കുന്നതിന് പരേക്ഷമായെങ്കിലും കൂട്ടുനിന്നാല്‍ ജീവിതത്തിലാകെ പടര്‍ന്നുനില്‍ക്കുന്ന ഇന്ത്യന്‍ വൈവിദ്ധ്യമായിരിക്കും നമുക്ക് നഷ്ടപ്പെടുക.

ജ്യോതി ബഫൂലെ രാമരാജ്യമെന്ന പരികല്‍പന ഉണ്ടായിരിക്കെ അതിനെ പൊളിച്ച് ഒരു ബദല്‍ പരികല്‍പന മുമ്പോട്ട് വച്ചു. അത് മഹാബലിയുടെ രാജ്യമായിരുന്നു. മഹത്തായ ഒരു ആദര്‍ശ രാജ്യമാണ് ബഫൂലെ മുന്നോട്ടുവച്ചത്. മഹാത്മാഗാന്ധിയുടെ രാമരാജ്യ പരികല്‍പനയുമായി ബഫൂലെ പൊരുത്തപ്പെട്ടിട്ടില്ല. ജ്യോതി ബഫൂലെയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട അംബേദ്കറുടെ കാഴ്ചപ്പാടും രാമരാജ്യത്തില്‍നിന്നും വിഭിന്നമായിരുന്നു. അംബേദ്കര്‍ രാമനെതിരെ നിശിത വിമര്‍ശനം നടത്തി. തമിഴ്‌നാട്ടില്‍ ഇ.വി.ആറും രാമരാജ്യത്തിനെതിരെ ബദല്‍ മുന്നോട്ടുവച്ചു. രാവണായനമാണ് അവിടെ ആഘോഷിക്കപ്പെട്ടത്.

ജയ്ശ്രീറാം കൊലവിളിയാക്കുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അടൂരിനെ ആക്രമിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട കേരളത്തിന്റെ തന്നെയൊരു ചരിത്രമുണ്ട്. 1928ല്‍ എസ്.എന്‍.ഡി.പിയുടെ 25ാം വാര്‍ഷികം കോട്ടയത്തുവച്ച് ചേര്‍ന്നു. ആ സമ്മേളനത്തിന്റെ ഉത്ഘാടകന്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയായിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിനിടയില്‍ ഈഴവര്‍ രാമനാമം ജപിക്കണമെന്ന് പറഞ്ഞു. അപ്പോള്‍ത്തന്നെ സദസില്‍നിന്നും സഹോദരന്‍ അയ്യപ്പന്‍ ചോദിച്ചു ഏത് രാമനെയാണ് താങ്കള്‍ പറയുന്നത് എന്ന്. രാമന്‍ ദൈവമാണ് എന്നായിരുന്നു മാളവ്യയുടെ മറുപടി. ദശരഥരാജാവിന്റെ പുത്രനും ശംഭൂകനെ കൊന്നവനുമായ രാമനെക്കുറിച്ചാണോ താങ്കള്‍ പറയുന്നതെന്ന് സഹോദരന്‍ അയ്യപ്പന്‍ വീണ്ടും ചോദിച്ചു. ഇതിന് ഉത്തരേന്ത്യന്‍ പതിവനുസരിച്ച് മാളവ്യ ‘റാം റാം’ എന്ന് വിളിച്ചുപറയുകയുണ്ടായി. ആ സമയത്ത് സദസ് രാവണന് ജയ് വിളിക്കുകയാണ് ചെയ്തത്.

പിന്നീട് സഹോദരന്‍ പത്രത്തില്‍ അയ്യപ്പന്‍ ഇതിനെ അടിസ്ഥാനമാക്കി ഒരു കുറിപ്പെഴുതി. ആ കുറിപ്പിന്റെ തലക്കെട്ട് ‘മാളവ്യ വന്നു, അധോമുഖവാദിയായ മഹാന്‍’ എന്നായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു തലക്കെട്ടാണ് അത്. കാരണം മഹത്വവും അധോമുഖത്വവും ഒരിക്കലും പൊരുത്തപ്പെടില്ല. മാളവ്യ കീഴ്‌പ്പെട്ടുപോയ ജാതിമേല്‍ക്കോയ്മയെയാണ് സഹോദരന്‍ തുറന്നുകാണിച്ചത്. അതായത്, 1928ല്‍ സൗമ്യമായ രാമനാമ ആവിഷ്‌കാരത്തെപ്പോലും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ എതിര്‍ത്തിരുന്നു എന്നാണ് ഇതില്‍നിന്നും മനസിലാക്കേണ്ടത്. രാമനാമം ഉച്ചരിക്കാന്‍ അവകാശമുള്ള അത്രതന്നെ അതിനോട് വിയോജിക്കാനും അവകാശമുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളം തെളിയിച്ചിട്ടുണ്ട്.

ജയ്ശ്രീറാം എന്ന് ആക്രോശിക്കുകയും അലറുകയും അത് മറ്റുള്ളവര്‍ ഏറ്റുവിളിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ മറന്നുപോവുന്നത് ഇത് രാമനാമത്തിനും രാമസ്മരണയ്ക്കും പരിക്കേല്‍പ്പിക്കുകയാണ് എന്ന വസ്തുതയാണ്. വിശ്വാസം എന്നത് വിശ്വസിക്കുന്നവരുടെ സ്വയംബോധ്യത്തിന്റെ ആഴത്തില്‍നിന്ന് സ്വാഭാവികമായി രൂപപ്പെട്ട് വരേണ്ടതാണ്. അതല്ലാതെ, പുറത്തുനിന്ന് ഒരാള്‍ അലറിയിട്ടോ അടിച്ചേല്‍പ്പിച്ചിട്ടോ മറ്റൊരാളുടെ ഉള്ളിലേക്ക് ഇടിച്ചുകയറ്റേണ്ട ഒന്നല്ല. അത് ജനാധിപത്യ വിരുദ്ധവുമാണ്. ഒരുതരം കൊലവിളിയുമാണ്.

ജയ്ശ്രീറാം വിളിക്കാത്തവരെ മുമ്പൊക്കെ സംഘ്പരിവാര്‍ അയച്ചിരുന്നത് പാകിസ്താനിലേക്കായിരുന്നു. ഇപ്പോള്‍ അടൂരിനെ അയച്ചിരിക്കുന്നത് ചന്ദ്രനിലേക്കാണ്. ലഭ്യമായ വിവരമനുസരിച്ച് മൂന്ന് സ്ഥലങ്ങളാണ് ജയ്ശ്രീറാം വിളിക്കാത്തവര്‍ക്കുവേണ്ടി സംഘ്പരിവാര്‍ നീക്കിവച്ചിരിക്കുന്നത്. അതില്‍ ഒന്ന് പാകിസ്താനാണ്, രണ്ടാമത്തേത് കബറിസ്ഥാനാണ്, മൂന്നാമത്തേത് വിഐപികള്‍ക്കും സെലിബ്രിറ്റികള്‍ക്കുമുള്ള ചന്ദ്രനും. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു പ്രസ്താവന ഒരാള്‍ നടത്തിയാല്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടി, അത് എന്ത് ഫാസിസ്റ്റ് നിലപാട് പുലര്‍ത്തുന്ന പാര്‍ട്ടിയാണെങ്കിലും പേരിനെങ്കിലും അത് തള്ളിപ്പറയേണ്ടതായിരുന്നു. പേരിനുപോലും അത് തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നത് പേടിപ്പിക്കുന്ന ഒന്നാണ്.

ജയ്ശ്രീറാം വിളി തീര്‍ച്ചയായും ഒരു മുദ്രാവാക്യത്തിന്റെ പ്രശ്‌നമല്ല. അതിന് പിന്നില്‍ ഒരു പ്രത്യയ ശാസ്ത്രമുണ്ട്. അത് ചാതുര്‍വര്‍ണ്യത്തിന്റെ പ്രത്യയശാസ്ത്രമാണ്. ഒരു ശിക്ഷാക്രമമില്ലാതെ ജാതിവ്യവസ്ഥ നിലനില്‍ക്കില്ല എന്ന് അംബേദ്കര്‍ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. ജയ്ശ്രീറാമിന് പിന്നില്‍ ചാതുര്‍വര്‍ണ്യത്തിന്റെ കൃത്യമായ കാര്യപരിപാടിയാണ് ഉള്ളത്. ശിക്ഷ എന്നത് ജാതിവ്യവസ്ഥയില്‍ സന്നിഹിതമാണ്. ഇത് സൂക്ഷ്മമായും പ്രകടമാവാതെയുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ, ഒരു നവഫാസിസ്റ്റ് കാലത്ത് അത് പ്രകടമായിത്തന്നെ പ്രവര്‍ത്തിക്കുമെന്നതിന്റെ തെളിവാണ് ജയ്ശ്രീറാമിന്റെ പിന്നിലെ പ്രത്യയശാസ്ത്രം.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍