തമിഴില്‍ പലരെയും സമീപിച്ചിട്ടും എന്റെ നായികയാകാന്‍ ആരും തയ്യാറായില്ല, ഒടുവില്‍ മലയാളത്തില്‍ നിന്ന് ആളെ വിളിക്കേണ്ടി വന്നു: കെന്‍ കരുണാസ്
Indian Cinema
തമിഴില്‍ പലരെയും സമീപിച്ചിട്ടും എന്റെ നായികയാകാന്‍ ആരും തയ്യാറായില്ല, ഒടുവില്‍ മലയാളത്തില്‍ നിന്ന് ആളെ വിളിക്കേണ്ടി വന്നു: കെന്‍ കരുണാസ്
അമര്‍നാഥ് എം.
Thursday, 26th February 2026, 2:14 pm

തമിഴില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വയം അടയാളപ്പെടുത്താന്‍ സാധിച്ച നടനാണ് കെന്‍ കരുണാസ്. കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ കരുണാസിന്റെ മകനാണ് കെന്‍. ധനുഷ്- വെട്രിമാരന്‍ കോമ്പോയിലൊരുങ്ങിയ അസുരനിലൂടെയാണ് കെന്‍ ശ്രദ്ധിക്കപ്പെട്ടത്. വെട്രിമാരന്റെ വിടുതലൈ 2ലും കെന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

കരിയറില്‍ പുതിയൊരു ടേണിങ് പോയിന്റിലേക്ക് കടക്കുകയാണ് കെന്‍ കരുണാസ് ഇപ്പോള്‍. ആദ്യമായി സംവിധായക കുപ്പായമണിയുന്ന യൂത്ത് റിലീസിന് തയാറെടുക്കുകയാണ്. കെന്‍ തന്നെയാണ് നായകനായി വേഷമിടുന്നതും. അനൗണ്‍സ്‌മെന്റ് മുതല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ചിത്രത്തിന് സാധിച്ചു. മലയാളി താരം അനിഷ്മ അനില്‍കുമാറാണ് ചിത്രത്തിലെ നായിക.

കെന്‍ കരുണാസ് Photo: Screen grab/ Cineulagam

അനിഷ്മയെ നായികയായി തെരഞ്ഞെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് കെന്‍ കരുണാസ്. തമിഴില്‍ ഒരുപാട് നായികമാരുള്ളപ്പോള്‍ എന്തിനാണ് മലയാളത്തില്‍ നിന്ന് ആളുകളെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെന്‍. തമിഴില്‍ ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന ഒരുപാട് നായികമാരെ താന്‍ സമീപിച്ചിരുന്നെന്ന് കെന്‍ പറഞ്ഞു. മിര്‍ച്ചി എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘സ്‌കൂള്‍ കാലവും കോളേജ് കാലവും ഒരുപോലെ ചെയ്ത് ഫലിപ്പിക്കാന്‍ പറ്റുന്ന ഒരുപാട് നായികമാര്‍ തമിഴില്‍ തന്നെയുണ്ട്. അവരെയെല്ലാം ഞാന്‍ സമീപിച്ചിരുന്നു. എന്നാല്‍ ആരും ഈ വേഷം ചെയ്യാന്‍ തയാറായില്ല. അവരെല്ലാം എനിക്ക് ഇങ്ങോട്ട് സജഷന്‍ തരികയായിരുന്നു. ‘ഈ കഥാപാത്രത്തെ ഇങ്ങനെ അവതരിപ്പിച്ചാലോ, വേറെ ക്യാരക്ടര്‍ ചെയ്താല്‍ പോരെ’ എന്നാണ് പലരും ചോദിച്ചത്.

യൂത്ത് Photo: Screen grab/ G V Prakash Kumar

എന്റെ നായികയാകാന്‍ ആരും തയാറായില്ല. അങ്ങനെയാണ് മലയാളത്തില്‍ നിന്ന് അനിഷ്മയെ കൊണ്ടുവരേണ്ടി വന്നത്. അപാര ടാലന്റുള്ള നടിയാണ് അനിഷ്മ. സെറ്റില്‍ ഞങ്ങളുടെ വൈബുമായി അവര്‍ പെട്ടെന്ന് സിങ്കായി. ഈ ഷൂട്ട് മുഴുവന്‍ നല്ല രസമായിരുന്നു. ആദ്യത്തെ പാട്ട് റിലീസ് ചെയ്തപ്പോള്‍ തന്നെ അനിഷ്മയെയാണ് പലരും ശ്രദ്ധിച്ചത്,’ കെന്‍ കരുണാസ് പറഞ്ഞു.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഐ ആം കാതലനിലൂടെയാണ് അനിഷ്മ സിനിമാലോകത്തേക്ക് കടന്നുവന്നത്. ബേസില്‍ നായകനായെത്തിയ മരണമാസിലും അനിഷ്മയായിരുന്നു നായിക. കഴിഞ്ഞവര്‍ഷം ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട സിറൈയിലൂടെ തമിഴിലും താരം തന്റെ സാന്നിധ്യമറിയിച്ചു. ചിത്രത്തിലെ കലൈയരസി എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ രണ്ടാമത്തെ തമിഴ് ചിത്രത്തിലും അനിഷ്മ തിളങ്ങുമെന്നുറപ്പായിരിക്കുകയാണ്.

Content Highlight: Ken Karunas about the casting of Anishma Anilkumar in his new movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം