ഞാന്‍ ബിസിനസ് ചെയ്യാനായി മാത്രം ജനിച്ചവളാണ്: ഇന്ത്യന്‍ ചായ വില്‍ക്കുന്ന 'മിസ് ഇന്ത്യ'യുമായി കീര്‍ത്തി സുരേഷ്
Entertainment
ഞാന്‍ ബിസിനസ് ചെയ്യാനായി മാത്രം ജനിച്ചവളാണ്: ഇന്ത്യന്‍ ചായ വില്‍ക്കുന്ന 'മിസ് ഇന്ത്യ'യുമായി കീര്‍ത്തി സുരേഷ്
ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 1:06 pm

കീര്‍ത്തി സുരേഷിന്റെ അടുത്ത ചിത്രം നെറ്റ്ഫ്‌ളിക്‌സിലെത്തുന്നു. കുറഞ്ഞ ചിത്രങ്ങള്‍കൊണ്ട് തെന്നിന്ത്യന്‍ സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ കീര്‍ത്തി സുരേഷിന്റെ മിസ് ഇന്ത്യയാണ് നെറ്റ്ഫ്‌ളിക്‌സ് റിലീസിനൊരുങ്ങുന്നത്. പ്രതിസന്ധികളും തിരിച്ചടികളും നേരിട്ടിട്ടും തളരാതെ മുന്നോട്ടുപോകുന്ന സംയുക്ത എന്ന സംരഭകയായാണ് ചിത്രത്തില്‍ കീര്‍ത്തിയെത്തുന്നത്. നവംബര്‍ നാലിനാണ് ചിത്രത്തിന്റെ റിലീസ്. കീര്‍ത്തി സുരേഷിന്റെ ഇരുപതാമത്തെ ചിത്രമാണ് മിസ് ഇന്ത്യ.

ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ചെറുപ്പം മുതല്‍ ബിസിനസ് നടത്തണമെന്നാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയും തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്കുള്ള യാത്രയില്‍ അവള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ കഥ. ഇന്ത്യന്‍ തേയിലയുടെ രുചി വിദേശികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്ന സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംയുക്തക്ക് വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും നിരവധി എതിര്‍പ്പുകളും സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരുന്നു.

ഒടുവില്‍ ബിസിനസ് തുടങ്ങിയ ശേഷം ചായ വില്‍പനരംഗത്തെ ഭീമന്‍ കമ്പനികളുമായി ഏറ്റുമുട്ടേണ്ടി വരുന്നു. ബിസിനസ് പെണ്ണുങ്ങള്‍ക്കുള്ള പണിയല്ലെന്ന് പറയുന്ന അവരോട് തന്റെ ജീവിതത്തിലൂടെ കീര്‍ത്തി സുരേഷിന്റെ കഥാപാത്രം മറുപടി നല്‍കുന്നു. ട്രെയ്‌ലറില്‍ നിന്നും കഥാഗതി വ്യക്തമാണെങ്കിലും വിജയത്തിലേക്കുള്ള സംയുക്തയുടെ യാത്ര ഏറെ പ്രചോദനം നിറഞ്ഞതായിരിക്കുമെന്നാണ് ആരാധകരുടെ കമന്റുകള്‍.

നവാഗതനായ വൈ. നരേന്ദ്രനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കില്‍ ഒരുക്കുന്ന ചിത്രം മറ്റു തെന്നിന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയാണ് നെറ്റ്ഫ്‌ളിക്‌സിലെത്തുന്നത്. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്റെ ബാനറില്‍ മഹേഷ് എസ്. കൊനേരു ആണ് ചിത്രം നിര്‍മ്മാണം.

രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നദിയ മൊയ്തു, നവീന്‍ ചന്ദ്ര, കമല്‍ കാമരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊവിഡ് കാലം തീയേറ്ററുകള്‍ക്ക് പൂട്ടിട്ടപ്പോള്‍ സജീവമായ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസിനെത്തിയ കീര്‍ത്തി സുരേഷ് ചിത്രം പെന്‍ഗ്വിന്‍ ശ്രദ്ധ നേടിയിരുന്നു. പെന്‍ഗ്വിന്‍ റിലീസായത് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Keerthy suresh new movie Miss India trailer out