ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് കീര്‍ത്തി സുരേഷ്. നായികയായി പിന്നീട് അരങ്ങേറിയ കീര്‍ത്തി മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ കീര്‍ത്തിക്ക് സാധിച്ചു. സിനിമാലോകത്തെ ആണ്‍ പെണ്‍ വേര്‍തിരിവിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.
തമിഴ് സിനിമാലോകം ഇപ്പോഴും പുരുഷമേധാവിത്വത്തിലാണെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. പലരുടെയും ആദ്യത്തെ പരിഗണന പുരുഷ താരങ്ങളോടാണെന്നും സ്ത്രീ താരങ്ങള്‍ക്ക് അര്‍ഹിച്ച പരിഗണന ഇപ്പോഴും കിട്ടുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. റിവോള്‍വര്‍ റീത്ത എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു കീര്‍ത്തി.
‘ഒരു പുരുഷ താരത്തിന് കിട്ടുന്ന അതേ സ്വീകാര്യതയും പരിഗണനയും ഇവിടെ സ്ത്രീ താരങ്ങള്‍ക്ക് കിട്ടുന്നില്ല എന്നത് സത്യമായ കാര്യമാണ്. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ പലരും പറഞ്ഞ് കേട്ടിട്ടുമുണ്ട്. സിനിമ മേഖലയില്‍ മാത്രമല്ല. ആരാധകര്‍ക്കിടയിലും അത്തരമൊരു വേര്‍തിരിവ് ഉണ്ടെന്നുള്ളതാണ് സത്യം. പക്ഷേ ആരുമത് തിരിച്ചറിയുന്നില്ല.
Keerthy Suresh/ Screen grab/ SS Music
ഇപ്പോള്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ട നടന്റെയും നടിയുടെയും വെവ്വേറെ സിനിമകള്‍ ഒരുമിച്ച് റിലീസാകുന്നുണ്ടെന്ന് കരുതുക. സ്വാഭാവികമായും അയാള്‍ ആദ്യം പോകുന്നത് ഇഷ്ട നടന്റെ സിനിമ കാണാനായിരിക്കും. ഇഷ്ടപ്പെട്ട നടിയുടെ സിനിമ അത്ര വലുതാണെങ്കിലും റിവ്യൂ എന്താണെന്ന് നോക്കിയിട്ടേ പലരും പോകാറുള്ളൂ. അത് വലിയൊരു വേര്‍തിരിവാണ്,’ കീര്‍ത്തി സുരേഷ് പറയുന്നു.
സാധാരണ പ്രേക്ഷകരും നല്ല സിനിമയാണോ എന്നൊക്കെ നോക്കിയിട്ട് മാത്രമേ തിയേറ്ററുകളിലേക്ക് വരാറുള്ളൂവെന്നും കീര്‍ത്തി പറഞ്ഞു. അക്കാരണം കൊണ്ട് ഓപ്പണിങ് കളക്ഷനില്‍ സ്ത്രീ താരങ്ങള്‍ക്ക് ശോഭിക്കാന്‍ സാധിക്കാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ കാരണമാണ് സിനിമാലോകം പുരുഷ കേന്ദ്രീകൃതമാണെന്ന് താന്‍ പറയുന്നതെന്നും കീര്‍ത്തി പറയുന്നു.
സിനിമയിലെ ജോലിസമയത്തെക്കുറിച്ചും താരം തന്റെ അഭിപ്രായം പങ്കുവെച്ചു. ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെയും ചില സമയങ്ങളില്‍ പുലര്‍ച്ചെ രണ്ട് മണിവരെയുമെല്ലാം താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. ഒരേസമയം നാല് സിനിമകള്‍ ചെയ്തിട്ടുണ്ടായിരുന്നെന്നും അന്ന് വല്ലാതെ കഷ്ടപ്പെട്ടിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘മഹാനടിയുടെ സമയത്ത് തന്നെയായിരുന്നു സാമി 2, അജ്ഞാതവാസി, താനാ സേര്‍ന്ത കൂട്ടം എന്നീ സിനിമകളുടെ ഷൂട്ട് ഏതാണ്ട് ഒരേസമയത്തായിരുന്നു. രാവിലെ ഒരു സിനിമയും രാത്രി മറ്റൊരു സിനിമയിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളെക്കാള്‍ കഷ്ടം ടെക്‌നീഷ്യന്മാര്‍ക്കാണ്. ആദ്യമേ സെറ്റിലെത്തി ഏറ്റവും അവസാനം തിരിച്ചുപോകുന്ന അവസ്ഥയാണ് അവര്‍ക്ക്’ കീര്‍ത്തി സുരേഷ് പറഞ്ഞു.
Content Highlight: Keerthy Suresh about the discrimination in film industry