തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. 2012ല്‍ റിലീസായ പിസയിലൂടെയാണ് കാര്‍ത്തിക് സുബ്ബരാജ് സിനിമയിലേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തമിഴിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇരൈവി, ജിഗര്‍തണ്ട, മെര്‍ക്കുറി, പേട്ട തുടങ്ങി വ്യത്യസ്ത ഴോണറുകളില്‍ സിനിമ ചെയ്ത് പ്രേക്ഷകരുടെ പ്രീതി നേടി.
വിജയിക്കുമെന്ന് കരുതി ചെയ്യുന്ന സിനിമകള്‍ക്ക് പ്രേക്ഷക സ്വീകാര്യത കിട്ടാതെ വരുമ്പോഴുള്ളതിനെ കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. ഓരോ സിനിമ ചെയ്യുമ്പോഴും അത് ഫിലിം മേക്കര്‍ ആസ്വദിക്കുന്നതുപോലെ പ്രേക്ഷകരും ആസ്വദിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് കാര്‍ത്തിക് പറഞ്ഞു.
എന്നാല്‍ ചില ചിത്രങ്ങള്‍ക്ക് മിക്‌സഡ് റിവ്യൂകളും ചിലതിന് നെഗറ്റീവ് റിവ്യൂകളും വരുമെന്നും വിചാരിക്കുന്ന പോലെ പ്രേക്ഷകര്‍ സ്വീകരിച്ചെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ച തന്റെ ചിത്രമാണ് മെര്‍ക്കുറിയെന്ന് കാര്‍ത്തിക്ക് പറയുന്നു. ഭാഷയുടെ പരിമിതികള്‍ ഇല്ലാതിരുന്ന ആ ചിത്രം എന്നാല്‍ വേണ്ടരീതിയില്‍ ജനങ്ങള്‍ സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സുബ്ബരാജ്.
‘എല്ലാ സിനിമകളും വലിയ വിജയമാകണം എന്ന് കരുതിയാണ് ചെയ്യുന്നത്. മാസീവ് ഹിറ്റ് ആകണമെന്നാണ് ആഗ്രഹം. അതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മള്‍ പറയുന്ന കഥയെ നമ്മള്‍ ആസ്വദിക്കുന്നതുപോലെ പ്രേക്ഷകരും എന്‍ജോയ് ചെയ്യണം എന്നാണ്. ജനങ്ങള്‍ ഓരോ സിനിമയും ആഘോഷമാക്കണം എന്ന് കരുതിതന്നെയാണ് ഓരോ ഫിലിം മേക്കറും സിനിമയിറക്കുന്നത്. എന്നാല്‍ ചില സിനിമകളില്‍ മിക്‌സഡ് റിവ്യൂകളും ചിലതില്‍ നെഗറ്റീവ് റിവ്യൂകളും വരും.
ഞാന്‍ അങ്ങനെ ഹിറ്റ് ആകുമെന്ന് കരുതി ചെയ്ത് വലിയ നിരാശയായി ചിത്രം മെര്‍ക്കുറിയാണ്. ആ ചിത്രത്തിന്റെ റിലീസ് സമയത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഭാഷയുടെ പരിമിധി ആ ചിത്രത്തിലായിരുന്നു. കാരണം മെര്‍ക്കുറിയില്‍ ഡയലോഗുകളേ ഉണ്ടായിരുന്നില്ല.
ആ സമയത്ത് ഞാന്‍ ഒരുപാട് പ്രതീക്ഷകള്‍ വെച്ചിട്ടുണ്ടായിരുന്നു. ഭാഷയെ ഇല്ല പോരാത്തതിന് ഒരു സൈലന്റ് ത്രില്ലര്‍ ചിത്രവും. എന്നാല്‍ വിചാരിച്ച പോലെ സിനിമക്ക് പ്രേക്ഷകരുടെ ഇടയില്‍ സ്വീകാര്യത ഉണ്ടായിരുന്നില്ല,’ കാര്‍ത്തിക് സുബ്ബരാജ് പറയുന്നു,
Content Highlight: Karthik Subbaraj Talks About Mercury Movie