തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് കാര്‍ത്തി. മണിരത്നത്തിന്റെ സംവിധാനസഹായിയായി സിനിമയിലേക്ക് കടന്നുവന്ന കാര്‍ത്തി, അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ നായകനായി അരങ്ങേറി. സ്‌ക്രിപ്റ്റ് സെലക്ഷന്‍ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ കാര്‍ത്തി ഇടം പിടിച്ചു.
ഇപ്പോള്‍ തന്റെ സഹോദരന്‍ സൂര്യയെ കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി. ഒരു സഹോദരന്‍ ഉണ്ടായിരിക്കുക എന്നത് എപ്പോഴും സ്‌പെഷ്യല്‍ ആയ കാര്യമാണെന്നും അക്കാര്യത്തില്‍ താന്‍ ഭാഗ്യവാനാണെന്നും കാര്‍ത്തി പറയുന്നു. സൂര്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ടെന്നും സിനിമയില്‍ ആദ്യമെത്തിയപ്പോള്‍ തനിക്ക് ലഭിച്ച സ്‌നേഹത്തിന് കാരണം അദ്ദേഹം ആണെന്നും കാര്‍ത്തി പറഞ്ഞു.
നടന്‍ വിഷ്ണു വിശാലിന്റെ സഹോദരന്‍ രുദ്രയുടെ ആദ്യ ചിത്രമായ ‘ഓഹോ എന്തന്‍ ബേബി‘ എന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു സഹോദരന്‍ ഉണ്ടാകുന്നത് എപ്പോഴും സ്പെഷ്യലായ കാര്യമാണ്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാന്‍ എന്റെ സഹോദരനില്‍ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. ഞാന്‍ സിനിമയില്‍ ആദ്യമായെത്തിയപ്പോള്‍ തന്നെ എനിക്ക് ഒരുപാട് പേരുടെ സ്‌നേഹം ലഭിച്ചു. അതിന് കാരണം സൂര്യയാണ്,’ കാര്‍ത്തി പറയുന്നു.
വിഷ്ണു വിശാല്‍ അവതരിപ്പിക്കുന്ന ഓഹോ എന്തന്‍ ബേബി സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാര്‍ രാമകുമാര്‍ ആണ്. വിഷ്ണു വിശാലും റോമിയോ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മിഥില പാല്‍ക്കര്‍ ആണ് നായികയായി എത്തുന്നത്. മലയാളി താരമായ അഞ്ജു കുര്യന്‍, മിഷ്‌കിന്‍, റെഡിന്‍ കിങ്സ്ലി എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.