കോഴിക്കോട്: എല്‍.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് മുസ്‌ലിം ലീഗ് അംഗത്വം വീണ്ടും സ്വീകരിച്ചു. ഞായറാഴ്ച രാവിലെ പാണക്കാടെത്തിയാണ് ലീഗ് അംഗത്വം സ്വീകരിച്ചത്. മദ്രസാ ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം രാജിവെച്ചു.
സി.പി.ഐ.എം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് കാരാട്ട് റസാഖിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. തന്നെ എല്‍.ഡി.എഫ് ചേര്‍ത്ത് പിടിച്ചില്ലെന്ന് റസാഖ് പറഞ്ഞു.
കൊടുവള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. ഫിറോസിനൊപ്പമെത്തിയാണ് പാണക്കാട് സാദിഖലി തങ്ങളില്‍ നിന്നും കാരാട്ട് റസാഖ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
മാതൃസംഘടനയിലേക്ക് മടങ്ങുകയാണെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. പൊതുവെ സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം ചേര്‍ത്തുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് നിരവധി മുന്‍ എം.എല്‍.എമാരും മന്ത്രിമാരും പടിയിറങ്ങിയത്.
ചേര്‍ത്തുപിടിക്കാന്‍ താത്പര്യം കാണിക്കാത്ത സാഹചര്യമാണ്.
്അത് വഞ്ചനയാണ്. സഹയാത്രികര്‍ക്കും രക്ഷിയില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് മാതൃസംഘടനയിലേക്ക് പോയി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പെട്ടെന്നാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ തുടങ്ങിയവരുമായി സംസാരിച്ചാണ് തീരുമാനമെടുത്തതെന്നും മുമ്പ് തന്നെ മുന്നണി വിടാന്‍ തീരുമാനിച്ചിരുന്നെന്നും സാങ്കേതിക കാരണങ്ങളാലാണ് വൈകിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, റസാഖെത്തിയത് ഉപാധികളില്ലാതെയാണെന്ന് സാദിഖലി തങ്ങള്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ട്രെന്‍ഡ് യു.ഡി.എഫിന് അനുകൂലമാണെന്നതിനുള്ള തെളിവാണിതെന്നും തെരഞ്ഞെടുപ്പ് സമയത്ത് റസാഖിനെ പാര്‍ട്ടിയിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.