വേനലവധി മാറ്റത്തില്‍ പിന്തുണച്ച് കാന്തപുരം; താന്‍ അദ്ദേഹത്തിന്റെ ആരാധകനെന്ന് വി. ശിവന്‍കുട്ടി
Kerala
വേനലവധി മാറ്റത്തില്‍ പിന്തുണച്ച് കാന്തപുരം; താന്‍ അദ്ദേഹത്തിന്റെ ആരാധകനെന്ന് വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd August 2025, 1:22 pm

കോഴിക്കോട്: വേനലവധി മാറ്റുന്നതില്‍ വിദ്യാഭ്യാസ മന്ത്രിയെ അനുകൂലിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. വി. ശിവന്‍കുട്ടിയെ വേദിയിലിരുത്തി വേനലവധിയുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ നിരത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൂട് കൂടിയ മെയ് മാസവും മഴ കൂടുതലുള്ള ജൂണ്‍ മാസവും സ്‌കൂളുകള്‍ക്ക് അവധി നല്‍കാമെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. അങ്ങനെ ചെയ്താല്‍ ചൂടുള്ള കാലത്തും മഴ കൂടിയ കാലത്തും കുട്ടികള്‍ക്ക് അവധി ലഭിക്കും.

കാരന്തൂര്‍ മര്‍കസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും സയന്‍സ് ലബോറട്ടറിയുടെയും ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. ചടങ്ങ് ഉദ്ഘാടനം ചെയ്തത് മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു.

വര്‍ഷത്തില്‍ നടക്കുന്ന മൂന്ന് പരീക്ഷകള്‍ രണ്ട് പരീക്ഷകളാക്കി ചുരുക്കാമെന്ന നിര്‍ദേശവും കാന്തപുരം മുന്നോട്ട് വെച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുത്താല്‍ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതികളും ആക്ഷേപങ്ങളും പറയുമ്പോള്‍, അത് പഠിച്ചിട്ട് പറയാമെന്ന് മന്ത്രി പറയുന്നുണ്ടെന്നും അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കാന്തപുരത്തിന്റെ ആരാധകനാണ് താനെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്താണ് നിയമസഭയിലെത്തിയതെന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം വരുത്തുമ്പോഴും എല്ലാവരുമായും കൂടിയാലോചന നടത്തുമെന്നും അന്തിമ തീരുമാനം അതിന് ശേഷം മാത്രമായിരിക്കുമെന്നും വി. ശിവന്‍കുട്ടി വേദിയില്‍ പറഞ്ഞു. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളോട് തുല്യ സ്‌നേഹമാണുള്ളതെന്നും കാലഘട്ടത്തിനനുസരിച്ച് മാറ്റം വേണമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും സമസ്തയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെയും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെയും പ്രതികരണങ്ങള്‍.

Content Highlight: Kanthapuram support change in summer vacation, V Sivankutty says he is fan of Kanthapuram