പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയിലെ ജഗതിയുടെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. തന്റെ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹാസ്യകഥാപാത്രങ്ങളിലൊന്ന് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ കീലേരി പപ്പന്‍ ആണെന്ന് കമല്‍ പറയുന്നു.
ചിത്രത്തില്‍ ജയറാം കുളത്തിലേക്ക് കുളിക്കാനെത്തുമ്പോള്‍ ജഗതി ഭീഷണിപ്പെടുത്തി സോപ്പ് കൈയിലാക്കി അത് മുഴുവന്‍ ദേഹത്ത് തേക്കുന്ന സീന്‍ കൊറോണക്കാലത്ത് സോപ്പ് ഉപയോഗിക്കേണ്ട പ്രാധാന്യം പറയുന്ന പല വീഡിയോകളിലും കണ്ടുവെന്നും കമല്‍ പറഞ്ഞു.
‘പെരുവണ്ണാപുരത്തെത്തിയ ശിവശങ്കരനെ ഓസി ജീവിക്കാന്‍ ശ്രമിക്കുന്ന കീലേരി പപ്പന്‍, എന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ട ഹാസ്യകഥാപാത്രങ്ങളിലൊന്ന് ജഗതി ശ്രീകുമാറിന്റെ ഈ കഥാപാത്രമാണ്. രഞ്ജിത് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രത്തിലെ ജഗതി കഥാപാത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നായിരുന്നു.
ചിത്രത്തിന്റെ തുടക്കം മുതല്‍ പപ്പന്‍ ചിരിനുറുങ്ങുകള്‍കൊണ്ട് നിറഞ്ഞുനില്‍ക്കുന്നുണ്ട്. ജയറാം കുളത്തിലേക്ക് കുളിക്കാനെത്തുമ്പോള്‍ ഭീഷണിപ്പെടുത്തി സോപ്പ് കൈയിലാക്കി അത് മുഴുവന്‍ ദേഹത്ത് തേക്കുന്ന സീന്‍ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ഓര്‍മയില്‍ വരുന്നതാണ്. കൊറോണക്കാലത്ത് സോപ്പ് ഉപയോഗിക്കേണ്ട പ്രാധാന്യം പറയുന്ന പല വീഡിയോകള്‍ക്കും ആ സീന്‍ ഉപയോഗിച്ചതായി ഞാന്‍ കണ്ടു.
ഞാനും രഞ്ജിത്തും തിരക്കഥ ചര്‍ച്ച വേളയിലാണ് പപ്പന്റെ മാനറിസങ്ങള്‍ തീരുമാനിച്ചത്. പാരലല്‍ കോളജില്‍ പ്യൂണായ പപ്പന്‍ പുറത്താക്കപ്പെടുകയും പകരക്കാരനായി ജയറാമിന്റെ കഥാപാത്രമായ ശിവശങ്കരന്‍ എത്തുകയും ചെയ്യുന്നു.
ശിവശങ്കരനെ പപ്പന്‍ ഭീഷണിപ്പെടുത്തുന്നത് അയാളുടെ ഗതികേട് കൊണ്ടാണ്. കാരണം ആകെയുണ്ടായിരുന്ന ജോലി പോകുകയും ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാതെ വരുകയുമാണ്. അത് ആ കാലഘട്ടത്തില്‍ മലയാളി യുവാക്കളുട ജീവിതത്തില്‍നിന്ന് തന്നെ കിട്ടിയ കഥാപാത്രമാണ്,’ കമല്‍ പറയുന്നു.