ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരം തന്റെ കരിയറില്‍ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. 64 വര്‍ഷത്തെ കരിയറില്‍ 230ലധികം ചിത്രങ്ങളില്‍ അഭിനയിച്ച കമല്‍ ഹാസന്‍ സിനിമയില്‍ കൈ വെക്കാത്ത മേഖലകളില്ല.
കമല്‍ ഹാസന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കമല്‍ ഹാസനും സംഘവും കേരളത്തിലെത്തിയെപ്പോള്‍ മലയാളത്തിന്റെ മഹാ നടന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
എങ്ങനെയാണ് താനും മമ്മൂട്ടിയും മോഹന്‍ലാലും ഒന്നാകുന്നതെന്ന് കമല്‍ ഹാസന്‍ ചോദിക്കുന്നു. തങ്ങള്‍ എല്ലാവരും ഒരു പ്രൊഫഷനില്‍ ആണെങ്കിലും എല്ലാവര്‍ക്കും വ്യത്യസ്തമായ കഴിവുകളാണ് ഉള്ളതെന്ന് കമല്‍ പറഞ്ഞു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ കലാകാരന്മാര്‍ക്കൊപ്പം തന്റെ പേരും ചേര്‍ത്ത് പറയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എങ്ങനെയാണ് മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ ഹാസനും ഒരുപോലെ ആകുന്നത്? ഞങ്ങള്‍ എല്ലാവരും ഒരു പ്രൊഫഷനിലാണ്. എന്നാല്‍ എല്ലാവര്‍ക്കും തനി തനിയായ വലിയ കഴിവുകളുണ്ട്. ആ കലാകാരന്മാരുടെ പേരിനൊപ്പം ഞാന്‍ എന്റെ പേരും ചേര്‍ത്തു. എനിക്ക് അതില്‍ അഭിമാനമുണ്ട്,’ കമല്‍ ഹാസന്‍ പറയുന്നു.
കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 36 വര്‍ഷത്തിന് ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് തഗ് ലൈഫിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. തൃഷ, അഭിരാമി, ജോജു ജോര്‍ജ്, സിലമ്പരശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Kamal Haasan Talks About Mammootty And Mohanlal