ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത നടനാണ് കമല്‍ ഹാസന്‍. വേഷപ്പകര്‍ച്ചകളിലൂടെയും അഭിനയത്തിലൂടെയും സിനിമാപ്രേമികളെ കഴിഞ്ഞ 65 വര്‍ഷമായി കമല്‍ ഹാസന്‍ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച കമല്‍ ഹാസനെത്തേടി ഒട്ടനവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം നടന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ കമല്‍ ഹാസന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിന്റെ ഭാഗമായ മലയാളി താരം ജോജു ജോര്‍ജിനെ കമല്‍ ഹാസന്‍ പുകഴ്ത്തി സംസാരിക്കുന്ന ഭാഗം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ജോജു എന്ന നടനെക്കുറിച്ച് താന്‍ ആദ്യം കേട്ടിട്ടുകൂടിയില്ലെന്ന് പറഞ്ഞാണ് കമല്‍ ഹാസന്‍ തുടങ്ങിയത്.
എന്നാല്‍ ഇരട്ട എന്ന സിനിമ താന്‍ കാണാനിടയായെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 30ലധികം സിനിമകളില്‍ താന്‍ ഡബിള്‍ റോള്‍ ചെയ്തിട്ടുണ്ടെന്നും പല സിനിമകളിലും വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരട്ട എന്ന സിനിമ കണ്ട് തനിക്ക് ജോജുവിനോട് അസൂയ തോന്നിയെന്നും കമല്‍ ഹാസന്‍ പറയുന്നു.
ഒരു പൊലീസ് സ്റ്റേഷന്റെയുള്ളില്‍ തന്നെ നടക്കുന്ന കഥയില്‍ ഒരേ പോലുള്ള രണ്ട് കഥാപാത്രമായി ജോജു ഗംഭീര പകര്‍ന്നാട്ടമാണ് നടത്തിയതെന്നും ആരൊക്കെയാണ് രണ്ട് കഥാപാത്രങ്ങളെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായകനായി ആരംഭിച്ച് വളരെ പെട്ടെന്ന് ഇത്തരമൊരു സിനിമ ചെയ്ത് ഫലിപ്പിച്ചത് ജോജു എന്ന നടന്റെ വിജയമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
‘ജോജുവിനെപ്പറ്റി സംസാരിക്കാതെ ഇത് മുഴുവനാകില്ല. എനിക്ക് ആദ്യം ജോജു എന്ന നടനെ അറിയില്ലായിരുന്നു. ആദ്യമായാണ് അയാളെക്കുറിച്ച് കേള്‍ക്കുന്നത്. ഏതൊക്കെ സിനിമകള്‍ ചെയ്തിട്ടുണ്ട് എന്ന് അറിയാന്‍ വേണ്ടി അയാളുടെ സിനിമകള്‍ കണ്ടു. ഇരട്ട എന്നൊരു സിനിമയുണ്ട്. ഡബിള്‍ റോളിലാണ് ജോജു ആ സിനിമയില്‍ അഭിനയിച്ചത്.
എന്റെ കരിയറില്‍ ഞാന്‍ 30ലധികം സിനിമകളില്‍ ഡബിള്‍ റോള്‍ ചെയ്തിട്ടുണ്ട്. പല സിനിമകളിലും വെവ്വേറെ ഗെറ്റപ്പിലാണ്. മൈക്കള്‍ മദന കാമരാജ് എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മാത്രമാണ് ഒരേ ഗെറ്റപ്പില്‍ വന്നത്. അതുമാത്രമേ വലിയ ചലഞ്ചിങ്ങെന്ന് പറയാന്‍ സാധിക്കുള്ളൂ. എന്നാല്‍ ഇരട്ട കണ്ടപ്പോള്‍ ജോജുവിനോട് അസൂയ തോന്നി.
ഒരേ ഗെറ്റപ്പില്‍ വന്നിട്ട് പോലും ആരാണ് ആ കഥാപാത്രമെന്ന് വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിച്ചു. ഒരു പൊലീസ് സ്റ്റേഷന്റെയുള്ളില്‍ നടക്കുന്ന അത്തരമൊരു കഥ പറയുകയും അത് കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാനും ജോജുവിന് സാധിച്ചു. പുതിയ നടന്മാരെയെല്ലാം എന്റെ എതിരാളിയായിട്ടാണ് കാണുന്നത്. അവരോടെല്ലാം എനിക്ക് ബഹുമാനവുമുണ്ട്,’ കമല്‍ ഹാസന്‍ പറഞ്ഞു.
Content Highlight: Kamal Haasan says he felt jealous to Joju after watching Iratta movie