ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ഇന്നും സിനിമാ ലോകത്തേ തന്റെ അഭിനയശൈലികൊണ്ട് ഞെട്ടിക്കുന്ന നടനാണ് അദ്ദേഹം. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും കമല്‍ ഹാസന്‍ എന്ന നടനെ ആദ്യമായി നായകനായി അവതരിപ്പിച്ചത് മലയാളം ഇന്‍ഡസ്ട്രിയായിരുന്നു. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, നിര്‍മാണം, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും കമല്‍ ഹാസന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് തഗ് ലൈഫ്. കമല്‍ഹാസന്‍, തൃഷ, ചിമ്പു, അശോക് സെല്‍വന്‍ എന്നിവര്‍ക്കു പുറമെ ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ നടന്‍ ജോജു ജോര്‍ജിനെ മലയാള സിനിമയിലേക്ക് തിരിച്ചു തരില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് കമല്‍ ഹാസന്‍.
ജോജു ജോര്‍ജിനെ തിരിച്ചു തരുന്ന കാര്യം സംശയമാണെന്നും അദ്ദേഹത്തെ ഞങ്ങള്‍ എടുത്തു, ഇനി തരിച്ചു തരുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തങ്ങള്‍ തമിഴിലേക്ക് എടുത്തു കഴിഞ്ഞാല്‍ അങ്ങനെ തിരിച്ച് കൊടുക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ അങ്ങനെ മലയാളത്തില്‍ നിന്ന് കുറച്ച് പേരേ എടുത്തിട്ടുണ്ടെന്നും ഇനി ജോജുവും തങ്ങളുടെ ആളാണെന്നും കമല്‍ ഹാസന്‍ തമാശ രൂപേണ പറഞ്ഞു. തഗ് ലൈഫ് സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോജുവിനെ തിരിച്ചു തരുന്ന കാര്യം സംശയമാണ്. അത് കുറച്ച് സംശയമാണ്. ജോജുവിനെ ഞങ്ങള്‍ എടുത്തു, ഇനി തിരിച്ചു തരില്ല. ഞങ്ങള്‍ അങ്ങനെ എടുത്താല്‍ പിന്നെ തിരിച്ചു കൊടുക്കാറില്ല. അങ്ങനെ കുറച്ച് പേരെ ഞങ്ങള്‍ പിടിച്ചു വെച്ചിട്ടുണ്ട്. ഇനി ജോജുവും ഞങ്ങളുടെ ആളാണ്, ഭാവിയില്‍ ഇനി അങ്ങനെയാകും,’ കമല്‍ ഹാസാന്‍ പറയുന്നു.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ജോജു ജോര്‍ജ്. തുടര്‍ന്ന് ക്യാമറക്ക് മുന്നിലേക്കും ജോജു കടന്നുവന്നു. തുടക്കകാലത്ത് പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ജോജു പിന്നീട് മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനെന്ന രീതിയില്‍ വളര്‍ന്നു.
Content highlight: Kamal Haasan is answering the question of whether actor Joju George will be brought back to Malayalam cinema.