സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു, മഹേഷ് നാരായണനുമൊത്തുള്ള പടം ഈ വര്‍ഷം തന്നെ; ഉറപ്പിച്ച് കമല്‍
Film News
സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു, മഹേഷ് നാരായണനുമൊത്തുള്ള പടം ഈ വര്‍ഷം തന്നെ; ഉറപ്പിച്ച് കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd June 2022, 11:22 pm

മഹേഷ് നാരായണനും കമല്‍ ഹാസനും ഒന്നിക്കുന്നുവെന്ന ഒരു വര്‍ഷം മുമ്പുള്ള പ്രഖ്യാപനം ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. കമല്‍ ഹാസനും ശിവാജി ഗണേശനും പ്രധാന കഥാപാത്രങ്ങളായ തേവര്‍ മകന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനായിരിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രം ഈ വര്‍ഷം തന്നെയുണ്ടാവും എന്നുറപ്പിക്കുകയാണ് കമല്‍ ഹാസന്‍. മഹേഷ് നാരായണനുമായുള്ള ചിത്രം ഈ വര്‍ഷം ജൂലൈയിലുണ്ടാകുമെന്ന് പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസന്‍ പറഞ്ഞു.

‘എനിക്ക് മഹേഷ് നാരായണനുമായി ഒരു കമ്മിറ്റ്‌മെന്റുണ്ട്. സിനിമാറ്റോഗ്രാഫറെന്ന നിലയിലും എഡിറ്റര്‍ എന്ന നിലയിലും എന്റെയൊപ്പമാണ് മഹേഷ് കരിയര്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് തമ്മില്‍ നന്നായി അറിയാം. എനിക്ക് വേണ്ടിയുള്ള സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യമോ ചിത്രം നിങ്ങളിലേക്കെത്തും,’ കമല്‍ പറഞ്ഞു.

ഉടന്‍ തന്നെ ഒരു കോമഡിക്ക് പ്രാധാന്യം കൊടുത്തൊരു സിനിമ ചെയ്യുന്നതിനെ പറ്റിയും കമല്‍ ഹാസന്‍ പറഞ്ഞു.

‘രാജ്യമാകെ ശ്രദ്ധിക്കുന്ന രീതിയില്‍ ഞാന്‍ കോമഡി സിനിമകള്‍ ചെയ്തിട്ടില്ല. പക്ഷേ തമിഴിലെ എന്റെ കോമഡി സിനിമകളുടെ എണ്ണം മറ്റാരെക്കാളും കൂടുതലാണ്. ഇപ്പോഴും ഒരു കോമഡി സിനിമ ചെയ്യണമെന്ന് എനിക്ക് താല്‍പര്യമുണ്ട്. കോമഡിയും സീരിയസ് ബിസിനസാണ്. അതുകൊണ്ട് അത് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം റിലീസ് ദിവസം തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് കമല്‍ ഹാസന്റെ പുതിയ ചിത്രം വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ചാണെങ്കില്‍ ഈ വര്‍ഷത്തെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വാരാന്ത്യ ഹിറ്റാവാന്‍ പോവുകയാണ്. വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്.

Content Highlight: Kamal Haasan has confirmed that the film with mahesh narayanan will be released this year