ആ ചിത്രത്തിലെ ലാലിന്റെ ഗെറ്റപ്പ് വലിയ ഹിറ്റായി, ചെറുപ്പക്കാർ അത് അനുകരിച്ചു: കമൽ
Entertainment
ആ ചിത്രത്തിലെ ലാലിന്റെ ഗെറ്റപ്പ് വലിയ ഹിറ്റായി, ചെറുപ്പക്കാർ അത് അനുകരിച്ചു: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th February 2025, 12:36 pm

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് കമൽ. 1986ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മിഴിനീർപൂക്കൾ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി കമൽ കരിയർ ആരംഭിക്കുന്നത്. ഉണ്ണികളെ ഒരു കഥ പറയാം, ഉള്ളടക്കം, അയാൾ കഥയെഴുതുകയാണ്, ഓർക്കാപ്പുറത്ത് തുടങ്ങി നിരവധി മികച്ച ചിത്രങ്ങളിൽ മോഹൻലാലും കമലും ഒന്നിച്ചിട്ടുണ്ട്.

ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കമൽ. വെസ്റ്റേൺ മൂഡിൽ കഥ പറയുന്ന സിനിമയായതിനാൽ മോഹൻലാലിൻറെ വേഷവും അത്തരത്തിലുള്ളതാവണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ മറ്റ് സിനിമകളുടെ തിരക്കിലായതിനാൽ മോഹൻലാലിന് താടി നീട്ടാൻ പറ്റിയില്ലെന്നും കമൽ പറയുന്നു.

മോഹൻലാലിന് വെപ്പ് താടി വെച്ചാണ് ആ സിനിമ പൂർത്തിയാക്കിയതെന്നും സിനിമ ഇറങ്ങിയ ശേഷം ആ ഗെറ്റപ്പ് വലിയ രീതിയിൽ ശ്രദ്ധ നേടിയെന്നും കമൽ പറയുന്നു. ഇത്ര വർഷം കഴിഞ്ഞിട്ടും ആ സിനിമയെ കുറിച്ച് ആളുകൾ ഓർക്കുന്നുണ്ടെങ്കിൽ അതൊരു വലിയ കാര്യമാണെന്നും കമൽ കൂട്ടിച്ചേർത്തു.

‘വെസ്‌റ്റേൺ മൂഡിൽ കഥ പറയുന്ന ചിത്രമായിരുന്നതിനാൽ കോസ്റ്റ്യൂമും അത്തരത്തിലുള്ളതായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ലാലിനോട് കാര്യം പറഞ്ഞപ്പോൾ കഥാപാത്രത്തിന് വേണ്ടി ഏതുതരം ഡ്രസ് അണിയാനും അദ്ദേഹം റെഡിയായി. അങ്ങനെ കോസ്റ്റ്യൂമർ എം.എം. കുമാറും ഞാനും മദ്രാസിലെ ബർമ സ്ട്രീറ്റിൽ പോയി ലാലിൻ്റെ കഥാപാത്രമായ എബിക്കുള്ള പഴയ കോട്ടും സ്വെറ്ററും വാങ്ങി.

അലസമായി താടി വളർത്തിയതാകണം നായകൻ്റെ മുഖം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ, മറ്റ് ചിത്രങ്ങളുടെ തിരക്ക് കാരണം ലാലിന് സ്വന്തം താടി വളർത്താൻ കഴിഞ്ഞില്ല. ഒടുവിൽ മേക്കപ്പ്മാൻ പാണ്ഡ്യൻ മുംബൈയിൽ നിന്ന് വരുത്തിയ മൂന്ന് സെറ്റ് താടിയായിരുന്നു ചിത്രത്തിനുവേണ്ടി ഉപയോഗിച്ചത്. ചിത്രത്തിലെ ലാലിൻ്റെ ഗെറ്റപ്പ് വൻ ഹിറ്റായി. ചിത്രമിറങ്ങിയതിനുശേഷം അന്നത്തെ ചെറുപ്പക്കാർ നായകൻ്റെ രൂപം അനുകരിച്ചിരുന്നു.

കൊടൈക്കനാലിലെ കൊടുംതണുപ്പ് വകവെക്കാതെ ചിത്രത്തിനു വേണ്ടി എല്ലാവരും സഹകരിച്ചു. 32 ദിവസം നീണ്ട ചിത്രീകരണം അന്ന് ഏതാണ്ട് 30 ലക്ഷം രൂപയ്ക്കാണ് പൂർത്തിയാക്കിയത്. പി.എൻ.മേനോൻ സാർ അതിനുവേണ്ടി പുതുമയാർന്ന പോസ്റ്റർ ഒരുക്കി ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് പോലുള്ള സാധാരണ സിനിമകളും രാജാവിൻ്റെ മകൻ പോലുള്ള ചിത്രങ്ങളും സുപ്പർഹിറ്റായ സമയം ലാലിൻ്റെ എല്ലാതരം ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു.

എന്നാലും കഥാവസാനം നായകൻ മരിക്കുന്ന സീൻ പ്രേക്ഷകർക്ക് ഇഷ്ടമാകുമോ എന്ന സംശയമുണ്ടായിരുന്നു. ചിത്രം റിലീസായ ദിവസം എല്ലാ തിയേറ്ററിലും നല്ല തിരക്കായിരുന്നു. ഞാൻ എറണാകുളം ഷേണായീസിൽ നിന്നാണ് കണ്ടത്. ചിത്രം നിറഞ്ഞ കണ്ണുകളോടെ പ്രേക്ഷകർ സ്വീകരിച്ചു. നല്ല സംഗീതം, ഛായാഗ്രഹണം, കഥ, അവതരണം എന്നീ നിലയിൽ ചിത്രം വിലയിരുത്തപ്പെട്ടു. ഒരു സംവിധായകൻ എന്ന നിലയിൽ എനിക്കേറെ ഗുണം കിട്ടിയ ചിത്രമായിരുന്നു അത്. 1987ൽ റിലീസ്‌ ചെയ്‌ത ചിത്രം ഇത്ര വർഷം കഴിഞ്ഞിട്ടും ഓർക്കുന്നുണ്ടെങ്കിൽ അത് വലിയ കാര്യമല്ലേ,’കമൽ പറയുന്നു.

Content Highlight: Kamal About Mohanlal’s Getup In Unnikale Oru Kadha Parayam Movie