പ്രണവുമായുള്ള കല്യാണത്തിന്റെ വ്യാജ വാര്‍ത്ത അയച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇങ്ങനെ: കല്യാണി പ്രിയദര്‍ശന്‍
Entertainment news
പ്രണവുമായുള്ള കല്യാണത്തിന്റെ വ്യാജ വാര്‍ത്ത അയച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇങ്ങനെ: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th August 2022, 4:55 pm

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തല്ലുമാല റിലീസിന് തയ്യാറെടുക്കുകയാണ്.

ഇതിന് മുമ്പ് കല്യാണി അഭിനയിച്ച ഹൃദയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ബാല്യകാലം മുതല്‍ തന്നെ സുഹൃത്തുക്കളായ പ്രണവ് മോഹന്‍ലാലിനൊപ്പമാണ് ചിത്രത്തില്‍ കല്യാണി എത്തിയത്.

ഇരുവരും നല്ല സുഹൃത്തുകളാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇരുവരും വിവാഹിതരാകും എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പലപ്പോഴായി പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തക്ക് അച്ഛന്‍ പ്രിയദര്‍ശന്റെ മറുപടിയെ കുറിച്ചാണ് കല്യാണി ഇപ്പോള്‍ പറയുന്നത്.

എഫ്.റ്റി.ക്യു വിത്ത് രേഖ മേനോന്‍ എന്ന യൂട്യുബ് ചാനലിന് തല്ലുമാല പ്രമോഷനുമായി ബന്ധപെട്ട് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആദ്യമായി ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത കിട്ടിയപ്പോള്‍ അച്ഛന് അയച്ചു കൊടുത്തു എന്നും ഹഹഹ, വെല്‍ക്കം ടു ഇന്‍ഡസ്ട്രി എന്നായിരുന്നു അച്ഛന്റെ മറുപടി എന്നുമാണ് കല്യാണി പറയുന്നത്.

‘ഞങ്ങള്‍ ഇത് ജോളിയായിട്ടാണ് കാണുന്നത്. ആദ്യമായി ഒരു ലിങ്ക് കിട്ടിയപ്പോള്‍ അച്ചന് അയച്ചിരുന്നു. അപ്പോള്‍ ‘ഹഹഹ വെല്‍ക്കം ടു ഇന്‍ഡസ്ട്രി’ എന്നായിരുന്നു അച്ഛന്റെ മറുപടി,’ കല്യാണി പറയുന്നു.

ഹൃദയത്തിലെ പ്രകടനത്തിന് മഴവില്‍ മനോരമ അവാര്‍ഡ്‌സില്‍ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ അത് വാങ്ങാന്‍ പോകാന്‍ പ്രണവിനും തനിക്കും സാധിച്ചില്ലെന്നും മോഹന്‍ലാലും പ്രിയദര്‍ശനും പോയി അവാര്‍ഡ് വാങ്ങി സംസാരിച്ചു എന്നും കല്യാണി പറയുന്നുണ്ട്.

‘ ഹൃദയത്തിലെ പെര്‍ഫോമന്‍സിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ കഴിഞ്ഞില്ല, പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി ലാല്‍ മാമയും അച്ഛനും കൂടിയാണ് അവാര്‍ഡ് വാങ്ങിയത്. ഒപ്പം അവര്‍ വേദിയില്‍ പോയി സംസാരിക്കുകയും ചെയ്തു. ശരിക്കും അത് ഭയങ്കര രസമായിട്ടാണ് തോന്നിയത്,’ കല്യാണി പറയുന്നു.


അച്ഛന്‍ തന്റെ എല്ലാ സിനിമകളെല്ലാം കാണാറുണ്ടെന്നും വലിയ വിമര്‍ശകനെ പോലെ ആണെങ്കിലും പതുക്കെ തന്റെ ഫാന്‍ ആകുന്നുണ്ടെന്നും കല്യാണി പറയുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് തല്ലുമാല നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്‌സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്‌മോങ്ക്സ്, മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ, ഡിസൈനിങ്- പപ്പെറ്റ് മീഡിയ.

Content Highlight: Kalyani Priyadarshan talks about the response of Priyadarshan after sending the rumour of Pranav Mohanlal and her marriage