പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ്; സീതാ രാമത്തില്‍ തിളങ്ങി രമേശ് പിഷാരടിയും
Film News
പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ്; സീതാ രാമത്തില്‍ തിളങ്ങി രമേശ് പിഷാരടിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th August 2022, 3:14 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമം മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മനോഹരമായ പ്രണയകഥ ആവിഷ്‌കരിച്ച ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് റിലീസ് ചെയ്തത്.

ചെറിയ കഥാപാത്രങ്ങളായെത്തിയവര്‍ വരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിനിമ ആസ്വദനത്തിനിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് രമേശ് പിഷാരടിയുടെ സാന്നിധ്യം. ശബ്ദസാന്നിധ്യമായാണ് താരം ചിത്രത്തിലെത്തിയിരിക്കുന്നത്. നായകനായ റാമിന്റെ സുഹൃത്തായ ദുര്‍ജോയിയുടെ കഥാപാത്രത്തിനാണ് മലയാളത്തില്‍ പിഷാരടി ശബ്ദം നല്‍കിയിരിക്കുന്നത്.

തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ദുര്‍ജോയിയുടെ ചില ഡയലോഗുകള്‍ക്ക് നാടകീയത നല്‍കാനും പിഷാരടി ശ്രദ്ധിച്ചിട്ടുണ്ട്. വെണ്ണല കിഷോറാണ് ചിത്രത്തില്‍ ദുര്‍ജോയിയായി വേഷമിട്ടത്. ഇദ്ദേഹത്തിന്റെ രസകരമായ അഭിനയത്തേയും മുന്നിട്ട് നില്‍ക്കുന്നതായിരുന്നു രമേശ് പിഷാരടിയുടെ ഡബ്ബിങ്.

അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ മലയാള താരങ്ങള്‍ തന്നെ ഡബ്ബ് ചെയ്യുന്ന ട്രെന്‍ഡ് അടുത്തിടെ വന്നിരുന്നു. നേരത്തെ കെ.ജി.എഫ് രണ്ടാം ഭാഗം വന്നപ്പോള്‍ പ്രധാനമന്ത്രി രമിക സെന്നിന് ലെനയും ജേണലിസ്റ്റ് ദീപ ഹോഗ്‌ഡേയ്ക്ക് മാലാ പാര്‍വതിയും ശബ്ദം നല്‍കിയിരുന്നു.

അതേസമയം കളക്ഷനില്‍ റെക്കോഡ് നേട്ടവുമായാണ് സീതാ രാമം മുന്നേറുന്നത്. ചിത്രം യു.എസില്‍ നിന്ന് മാത്രം ആദ്യ ദിനം 1.67 കോടിയിലേറെ രൂപയാണ് കളക്ഷനായി സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു മലയാള താരം യു.എസില്‍ നിന്നും നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണിത്. ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രിമിയര്‍ ഷോകള്‍ യു.എസില്‍ ആരംഭിച്ചിരുന്നു. പ്രിമിയര്‍ ഷോ കളക്ഷന്‍ ഉള്‍പ്പടെയാണ് ചിത്രത്തിന് ഇത്രേം കളക്ഷന്‍ കിട്ടിയിരിക്കുന്നത്.

ദുല്‍ഖര്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, ഗൗതം വാസുദേവ മേനോന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തത്.

Content Highlight: Ramesh Pisharadi’s voice presence attracts attention in sita ramam movie