സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായി സിനിമയിലേക്ക് കടന്നുവന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍. വെറുമൊരു താരപുത്രി എന്നതിലുപരി സ്വന്തം കഴിവ് കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് ഇന്ന് കല്യാണി.
2017ല്‍ അഖില്‍ അക്കിനേനിക്കൊപ്പം ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ സിനിമാ പ്രവേശനം. ആദ്യ സിനിമയിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത്, സൈമ അവാര്‍ഡ് എന്നിവ കരസ്ഥമാക്കി കല്യാണി തന്റെ വരവറിയിച്ചു. തമിഴില്‍ ശിവകാര്‍ത്തികേയനൊപ്പം ‘ഹീറോ’ എന്ന ചിത്രത്തില്‍ അഭിനയിച്ച കല്യാണി, ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും ചുവടുറപ്പിച്ചു.
തന്റെ അച്ഛന്റെയും അമ്മയുടെയും സിനിമകളില്‍ തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍. അച്ഛന്റെയും അമ്മയുടെയും ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ടെന്നും അമ്മയുടെ അഭിനയം കാണാന്‍ ഇഷ്ടമാണെന്നും കല്യാണി പറയുന്നു. തനിക്കിഷ്ടപ്പെട്ട മിക്ക സിനിമകളിലും അമ്മ കൊല്ലപ്പെടുകയാണെന്നും ചിത്രവും ഒരു സി.ബി.ഐ.ഡയറിക്കുറിപ്പുമെല്ലാം അങ്ങനെ തനിക്ക് ഇഷ്ടമുള്ളതാണെന്നും കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.
‘അച്ഛന്റെയും അമ്മയുടെയും ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. അമ്മയുടെ അഭിനയം കാണാന്‍ ഇഷ്ടമാണ്. എന്നാല്‍ എനിക്കിഷ്ടപ്പെട്ട മിക്ക സിനിമകളിലും അമ്മ കൊല്ലപ്പെടുകയാണ്. ചിത്രവും ഒരു സി.ബി.ഐ.ഡയറിക്കുറിപ്പുമെല്ലാം അതില്‍പ്പെടുന്നു.
എല്ലാ സിനിമയിലും അമ്മ കൊല്ലപ്പെടുകയാണല്ലോ എന്നുപറഞ്ഞ് ഞാനും അനുജനും അമ്മയെ കളിയാക്കാറുണ്ട്. അച്ഛന്റെ സംവിധാനത്തില്‍ അമ്മ അഭിനയിച്ച സിനിമകളെല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്.
സിനിമ കാണുക എന്നത് തന്നെയാണ് എന്റെ വലിയ വിനോദം. എല്ലാ ഭാഷയില്‍പ്പെട്ട സിനിമകളും കാണും. പ്രിയപ്പെട്ട സിനിമയിലെ രംഗങ്ങളെല്ലാം വീണ്ടും വീണ്ടും കാണും. അവയെക്കുറിച്ച് വീട്ടിലിരുന്ന് വിശദമായി ചര്‍ച്ചചെയ്യും, അതെല്ലാമാണ് ഒഴിവുസമയത്തെ പ്രധാന പരിപാടികള്‍.
ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താറുണ്ട്. ബാഡ്മിന്റണ്‍ കളിക്കും. റോക്ക്ക്ലൈമ്പിങ് ഇഷ്ടമാണ്. ഞാനും അപ്പുവും (പ്രണവ് മോഹന്‍ലാല്‍) ഒന്നിച്ചാണ് റോക്ക്ക്ലൈമ്പിങ് തുടങ്ങിയത്. അവനതില്‍ പിന്നെയുമേറെ മുന്നോട്ടുപോയി,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.