മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാച്റ്റർ 1: ചന്ദ്ര. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡൊമനിക് അരുണാണ്. കല്യാണി പ്രിയദർശനും നസ്ലെനുമാണ് ചന്ദ്രയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോകഃ ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ട്രെയ്‌ലർ വരെ ഓരോ അപ്ഡേഷനും വളരെ ഇന്ട്രെസ്റ്റിങ് ആയിരുന്നു. ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷൻ കോറിയോഗ്രാഫിയും കല്യാണിയുടെയും നസ്‌ലെൻ ലുക്കും പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നതാണ്. ഒരു സൂപ്പർ ഹീറോ ചിത്രം എന്നതുകൊണ്ടുതന്നെ ഹോളിവുഡ് സിനിമകളുമായി ലോകഃയെ തുടക്കം മുതൽ താരതമ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കുകയാണ് നടി കല്യാണി പ്രിയദർശൻ.
അവഞ്ചേഴ്‌സ്, എക്സ്-മെൻ, ഡ്യൂൺ പോലെയൊരു സിനിമയല്ല ലോകഃ ചാച്റ്റർ 1 എന്ന് കല്യാണി പറഞ്ഞു. മലയാളത്തിൽ അങ്ങനെ കണ്ടിട്ടില്ലാത്ത എന്നാൽ മലയാളികൾക്ക് കണക്ട് ചെയ്യാൻ കഴിയുന്ന സിനിമയായിരിക്കും ഇതെന്നും കല്യാണി കൂട്ടിച്ചേർത്തു. വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദർശൻ.
‘എല്ലാവരും ലോകഃയെ ആ സിനിമകളുമായി താരതമ്യം ചെയ്യുകയാണ്. പക്ഷേ ലോകഃ ഒരു കുറച്ചൊക്കെ സൂപ്പർഹീറോ എലമെന്റുള്ള ഒരു മലയാളം സിനിമയാണ്. മലയാളികളായ ഓഡിയൻസിന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു സിനിമ തന്നെയായിരിക്കും ലോകഃ ചാപ്റ്റർ 1 ചന്ദ്ര,’ കല്യാണി പ്രിയദർശൻ പറയുന്നു.
‘ഞാൻ ഈ സിനിമയിൽ ഒരു വണ്ടർ വുമണോ ഒരു ബ്ലാക്ക് വിഡോയോ സ്കാർലറ്റ് വിച്ചോ അല്ല. എന്റെ കഥാപാത്രം അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. മലയാളികൾ അങ്ങനെ മലയാളത്തിൽ കണ്ട് ശീലിച്ചിട്ടില്ലാത്ത, നമ്മൾ മലയാളികൾക്ക് ഇഷ്ടമാകുന്ന സിനിമയായിരിക്കും ഇതെന്ന് ഉറപ്പാണ്,’ കല്യാണി പറഞ്ഞു.
ഓണം റിലീസായി ഓടും കുതിര ചാടും കുതിര, ഹൃദയപൂർവം എന്നിവയോടൊപ്പം ലോകഃ ചാപ്റ്റർ 1 ചന്ദ്ര തിയേറ്ററുകളിലെത്തും.
Content Highlight: Kalyani Priyadarshan Talks About Lokah chapter 1 chandra