മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന ലേബലിൽ നിന്ന് നടി കല്യാണി പ്രിയദർശൻ എന്ന ഐഡന്റിറ്റിയിലേക്ക് മാറാൻ കല്യാണിക്ക് പെട്ടെന്ന് തന്നെ കഴിഞ്ഞിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി മലയാള സിനിമയിലേക്ക് വരുന്നത്. അതിന് ശേഷം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
തന്റെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി പ്രിയദർശൻ. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ അളവുകോലൊന്നും ഇല്ലെന്നും ഓരോ സിനിമകളിലൂടെയും കംഫർട്ട് സോണിൽ നിന്നും പരിമിതികളിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കാറുണ്ടെന്നും കല്യാണി പറയുന്നു.
ഹൃദയം എന്ന ചിത്രത്തിലൂടെ തനിക്ക് ഡബ്ബ് ചെയ്യാനുള്ള അവസരം കിട്ടിയെന്നും തല്ലുമാലയിൽ തന്റെ വ്യക്തിത്വം തന്നെ മാറ്റിവെച്ചുവെന്നും കാരണം ആ കഥാപാത്രം താനേ അല്ലെന്നും കല്യാണി പറഞ്ഞു. ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ എങ്ങനെയാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കല്യാണി പ്രിയദർശൻ.
‘തല്ലുമാലയിൽ’ എന്റെ വ്യക്തിത്വം തന്നെ ഞാൻ മാറ്റിവെച്ചു. കാരണം ആ കഥാപാത്രം ഞാനേ അല്ല. ‘ശേഷം മൈക്കിൽ ഫാത്തിമയിൽ’ എന്റെ ഭാഷയിൽ മാറ്റം വരുത്തി
‘കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ അങ്ങനെ അളവുകോലൊന്നും ഇല്ല. പക്ഷേ, ഓരോ സിനിമകളിലൂടെയും കംഫർട്ട് സോണിൽ നിന്നും പരിമിതികളിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കാറുണ്ട്. മുൻനിനായകന്മാരോടൊപ്പം അഭിനയിച്ച് ഒരു നായിക എന്ന നിലയിൽ വളർന്നു വരണം എന്ന് ആദ്യത്തെ സിനിമ ചെയ്യുമ്പോൾ ആഗ്രഹിച്ചിരുന്നു.
ഹൃദയം എന്ന ചിത്രത്തിലൂടെ എനിക്ക് ഡബ്ബ് ചെയ്യാനുള്ള അവസരം കിട്ടി. ‘ബ്രോഡാഡി’യിൽ ലാലങ്കിളിന്റെ (മോഹൻലാൽ) കൂടെ അഭിനയിക്കുമ്പോൾ വളർന്നേ പറ്റൂ. ആ സിനിമയിൽ സ്ക്രീൻ സ്പേസും കിട്ടി. ‘തല്ലുമാലയിൽ’ എന്റെ വ്യക്തിത്വം തന്നെ ഞാൻ മാറ്റിവെച്ചു. കാരണം ആ കഥാപാത്രം ഞാനേ അല്ല. ‘ശേഷം മൈക്കിൽ ഫാത്തിമയിൽ’ എന്റെ ഭാഷയിൽ മാറ്റം വരുത്തി. ‘ആന്റണിയിൽ’ എനിക്ക് ശാരീരികമായും മാറ്റം വരുത്തേണ്ടിവന്നു.
അങ്ങനെ ഓരോ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും അതിനായി സ്വയം മാറാൻ ശ്രമിക്കാറുണ്ട്. പുറത്തിറങ്ങുന്നതോടെ സിനിമ പ്രേക്ഷകരുടേതായി മാറുമല്ലോ. അവരിലേക്ക് കഥാപാത്രത്തെ പൂർണതയോടെ എത്തിക്കാൻ എനിക്കാവുന്നതെല്ലാം ചെയ്യാറുണ്ട്. സിനിമ തെരഞ്ഞെടുക്കുമ്പോൾ കഥ നല്ലതായിരിക്കണം. അഭിനേതാവെന്ന നിലയിൽ എനിക്ക് വളരാനുള്ള ഇടം അതിൽ ഉണ്ടായിരിക്കണം,’ കല്യാണി പ്രിയദർശൻ പറയുന്നു.