ദുല്‍ഖര്‍ കണ്‍വിന്‍സ് ചെയ്യാന്‍ വിളിച്ചില്ല; എന്നെക്കാള്‍ മികച്ചവരുണ്ടെന്ന് തോന്നി: കല്യാണി
Malayalam Cinema
ദുല്‍ഖര്‍ കണ്‍വിന്‍സ് ചെയ്യാന്‍ വിളിച്ചില്ല; എന്നെക്കാള്‍ മികച്ചവരുണ്ടെന്ന് തോന്നി: കല്യാണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th August 2025, 9:09 am

കല്യാണി പ്രിയദര്‍ശന്‍ – നസ്‌ലെന്‍ കൂട്ടുകെട്ടില്‍ ആദ്യമായി എത്തുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസിന്റെ മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോകഃ ഒരുങ്ങുന്നത്.

ചന്ദ്ര എന്ന അത്ഭുതസിദ്ധിയുള്ള പെണ്‍കുട്ടിയുടെ കഥയാണ് ഈ സിനിമ പറയുന്നത്. ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമോയെന്ന് ചിന്തിച്ചിരുന്നുവെന്ന് പറയുകയാണ് കല്യാണി.

‘ലോകഃ സിനിമ എന്റെ അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത് ‘ഈ സിനിമക്ക് ഞാന്‍ തന്നെയാണോ കറക്ട് പേഴ്‌സണ്‍’ എന്നായിരുന്നു. സത്യത്തില്‍ ആ കോണ്‍ഫിഡന്‍സ് എനിക്ക് ഇപ്പോഴും കിട്ടിയിട്ടില്ല. സിനിമ ചെയ്ത് കഴിഞ്ഞിട്ടും അതേ അവസ്ഥ തന്നെയാണ്.

ആ കഥാപാത്രം ആവശ്യപ്പെടുന്ന ഫിസിക്കാലിറ്റിയും സ്‌ട്രെങ്ത്തും ഓറയും എനിക്കില്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. ആ കഥാപാത്രം ചെയ്യാന്‍ എന്നേക്കാള്‍ ബെറ്ററായ കുറേയാളുകള്‍ ഇവിടെയുണ്ടെന്ന് എനിക്ക് തോന്നി,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

പക്ഷെ ഇത്രയും സ്‌പെഷ്യലായ ഒരു പ്രൊജക്ടിനോട് നോ പറയാന്‍ ആവില്ലെന്ന ബോധ്യവും തനിക്കുണ്ടായിയെന്നും നടി പറഞ്ഞു. അതുകൊണ്ട് തനിക്ക് കിട്ടിയ അവസരത്തിന് വേണ്ടി താന്‍ എന്തും ചെയ്യുമെന്നും വിട്ടുകളയില്ലെന്നും തീരുമാനിക്കുകയായിരുന്നെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ തന്നെ കണ്‍വിന്‍സ് ചെയ്യാന്‍ വിളിച്ചില്ലെന്നും നടി പറയുന്നു. ഈ സിനിമയെ പറ്റി പറയാന്‍ ആദ്യം വിളിച്ചത് ദുല്‍ഖര്‍ ആണെന്നും കല്യാണി പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദര്‍ശന്‍.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര:

നവാഗതനായ ഡൊമിനിക് അരുണ്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. തന്റെ ഗോത്രത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചന്ദ്രയെ കുറിച്ചും അതിനിടയില്‍ അവള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചുമാണ് ചിത്രം പറയുന്നത്.

കല്യാണിക്കും നസ്‌ലെനും പുറമെ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, തമിഴ് നടനും കൊറിയോഗ്രാഫറുമായ സാന്‍ഡി, വിജയരാഘവന്‍, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Content Highlight: Kalyani Priyadarshan Talks About Dulquer Salmaan And How She Convinced Herself For Lokah Movie