ലാല്‍ മാമയുടെ ആ ഹഗ് ശരിക്കും ഒരു അച്ഛന്‍ മകള്‍ക്ക് നല്‍കിയതുപോലെ: കല്യാണി പ്രിയദര്‍ശന്‍
Malayalam Cinema
ലാല്‍ മാമയുടെ ആ ഹഗ് ശരിക്കും ഒരു അച്ഛന്‍ മകള്‍ക്ക് നല്‍കിയതുപോലെ: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th August 2025, 3:16 pm

ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയില്‍ വലിയൊരു ഫാന്‍ബേസ് സ്വന്തമാക്കിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യന്‍ സിനിമയിലെ ഹിറ്റ്‌മേക്കര്‍മാരിലൊരാളായ പ്രിയദര്‍ശന്റെ മകളായ കല്യാണിയുടെ അരങ്ങേറ്റം തെലുങ്കിലൂടെയായിരുന്നു. പിന്നീട് തമിഴിലും തന്റെ സാന്നിധ്യമറിയിച്ച താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു.

പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ കല്യാണിക്ക് സാധിച്ചു. ഈ വര്‍ഷത്തെ ഓണം റിലീസില്‍ കല്യാണി ഭാഗമാകുന്ന രണ്ട് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ലോകാഃ ചാപ്റ്റര്‍ വണ്ണും അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയും ഒരേദിവസം തിയേറ്ററുകളിലെത്തുമ്പോള്‍ കല്യാണി vs കല്യാണി ക്ലാഷിനാണ് കളമൊരുങ്ങുന്നത്.

മോഹന്‍ലാലിനൊപ്പവും പ്രണവ് മോഹന്‍ലാലിനൊപ്പവും കല്യാണി പ്രിയദര്‍ശന്‍ സ്‌ക്രീന്‍ പങ്കിട്ടുണ്ട്. ഹൃദയത്തില്‍ പ്രണവ്- കല്യാണി കോമ്പോ പ്രേക്ഷകര്‍ ഇരൂകൈയും നീട്ടി സ്വീകരിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയില്‍ മോഹന്‍ലാലിനൊപ്പം മികച്ച വേഷം ചെയ്യാനും കല്യാണിക്ക് സാധിച്ചു. രണ്ട് പേരോടൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.

താനും പ്രണവും ഒന്നിച്ചുള്ള രംഗങ്ങളില്‍ തങ്ങള്‍ എപ്പോഴും കംഫര്‍ട്ടബിളായിരുന്നെന്ന് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. യഥാര്‍ത്ഥ കപ്പിള്‍ എങ്ങനെയാണോ അതുപോലെയാകാന്‍ തങ്ങള്‍ ശ്രമിച്ചെന്നും അത് പ്രേക്ഷകരില്‍ കൃത്യമായി രജിസ്റ്ററായെന്നും താരം കൂട്ടിച്ചേര്‍ത്തു. ഹൃദയം കണ്ട എല്ലാവരും അതുതന്നെയാണ് പറഞ്ഞതെന്നും കല്യാണി പറയുന്നു.

‘ലാല്‍ സാര്‍, ഞാന്‍ അദ്ദേഹത്തെ അങ്ങനെ വിളിക്കാറില്ല. ചെറുപ്പം മുതല്‍ ലാല്‍ മാമാ എന്നാണ് വിളിക്കാറുള്ളത്. ആ സിനിമയില്‍ ഞങ്ങള്‍ അച്ഛനും മകളുമല്ല. പക്ഷേ, ആ സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീനുകളിലെല്ലാം ഒരച്ഛന്റെ കരുതല്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതില്‍ ഒരു സീനില്‍ അദ്ദേഹം എന്നെ ആശ്വസിപ്പിക്കുന്നുണ്ട്.

ആ സീനില്‍ എല്ലാം സംസാരിച്ച് കഴിഞ്ഞ ശേഷം എന്നെ ഹഗ് ചെയ്യുന്നുണ്ട്. ആ ഹഗ് ശരിക്കും എനിക്ക് വല്ലാത്തൊരു ഫീലായിരുന്നു നല്‍കിയത്. ശരിക്കും ഒരാശ്വാസം എനിക്ക് ആ ഹഗ്ഗിലൂടെ കിട്ടി. അത് എന്റെ മുഖത്ത് നിന്ന് വായിച്ചെടുത്ത രാജുവേട്ടന്‍ ‘ഞാന്‍ ഉദ്ദേശിച്ചത് ഇതല്ല’ എന്നായിരുന്നു പറഞ്ഞത്. ആ സംഭവം ഒരിക്കലും മറക്കില്ല,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

Content Highlight: Kalyani Priyadarshan shares the shooting experience with Mohanlal