അപ്പു അസിസ്റ്റന്റിന് അങ്ങോട്ട് ഫാന്‍ പിടിച്ചുകൊടുക്കും; എനിക്ക് ചുറ്റുമുള്ള ആളുകളെ കണ്ട് പ്രണവ് പറഞ്ഞ കമന്റ് ഇതായിരുന്നു: കല്യാണി പ്രിയദര്‍ശന്‍
Movie Day
അപ്പു അസിസ്റ്റന്റിന് അങ്ങോട്ട് ഫാന്‍ പിടിച്ചുകൊടുക്കും; എനിക്ക് ചുറ്റുമുള്ള ആളുകളെ കണ്ട് പ്രണവ് പറഞ്ഞ കമന്റ് ഇതായിരുന്നു: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th August 2022, 1:07 pm

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത് കാണാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മരക്കാറിലും ഹൃദയത്തിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായി ക്ലിക്കായിരുന്നു.

മരക്കാറില്‍ ചുരുങ്ങിയ റോളുകളില്‍ മാത്രമേ ഇരുവരും ഉണ്ടായിരുന്നെങ്കില്‍ പോലും അതിലെല്ലാം വളരെ മനോഹരമായ ഒരു വൈബ്രന്റ് മൂഡ് കൊണ്ടുവരാന്‍ ഇവര്‍ക്കുമായിരുന്നു. അതിന് ശേഷമെത്തിയ ഹൃദയത്തിലും മികച്ച രീതിയില്‍ ഇരുവരുടേയും കെമിസ്ട്രി വര്‍ക്ക് ഔട്ടായിരുന്നു.

നടന്‍ പ്രണവ് മോഹന്‍ലാലുമൊത്തുള്ള സൗഹൃദത്തെ കുറിച്ചും മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഷൂട്ട് ചെയ്യുമ്പോഴുണ്ടായ ചില രസകരമായ നിമിഷങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.

മരക്കാറിലെ പാട്ടുകള്‍ കാണുമ്പോള്‍ അറിയാമല്ലോ, ആ സീനിലെ എന്റെ കോസ്റ്റിയൂം ഭയങ്കര ഹെവിയാണ്. എന്റെ സ്‌കര്‍ട്ട് പിടിക്കാന്‍ തന്നെ രണ്ട് പേര്‍ വേണം. പിന്നെ മേക്കപ്പും കാര്യങ്ങളുമൊക്കെയായി കുറേപ്പേരുണ്ട്.

അപ്പുവാണെങ്കില്‍ ചില്‍ ചെയ്യുന്ന ആളാണ്. അദ്ദേഹം വേണമെങ്കില്‍ അസിസ്റ്റന്റിന് അങ്ങോട്ട് ഫാന്‍ പിടിച്ചുകൊടുക്കും. അങ്ങനെ ഒരു സോങ് ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ ഡ്രസ് പിടിക്കാനും സെറ്റ് ചെയ്യാനും ടച്ച് അപ്പ് ചെയ്യാനുമൊക്കെ കുറേ ആള്‍ക്കാര്‍ എന്റെ ചുറ്റുമുണ്ട്.

ഇത് കുറച്ച് നേരം നോക്കിയ ശേഷം അപ്പു എന്റെ അടുത്ത് വന്നിട്ട് ‘അമ്മു യു മേക്ക് മി ലുക്ക് വെരി ബാഡ്’ എന്ന് പറഞ്ഞു. ഇത്രയും ആള്‍ക്കാരെ ഇനി കൊണ്ടുവരരുത് എന്നും ചിരിച്ചുകൊണ്ടു പറഞ്ഞു. സോറി അപ്പൂ ഇത് അങ്ങനെ എപ്പോഴും ഉണ്ടാകുന്ന ആളുകളല്ല എന്നായിരുന്നു എന്റെ മറുപടി, കല്യാണി പറഞ്ഞു.

പ്രണവുമായുള്ള വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പൊന്തി വരുന്ന വ്യാജ വാര്‍ത്തകളെ കുറിച്ചും കല്യാണി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. അത്തരത്തിലൊരു വാര്‍ത്ത അച്ഛന് അയച്ചു കൊടുത്തപ്പോള്‍ കിട്ടിയ മറുപടിയെ കുറിച്ചാണ് കല്യാണി പറയുന്നത്.

ആദ്യമായി ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത കിട്ടിയപ്പോള്‍ അച്ഛന് അയച്ചു കൊടുത്തു എന്നും ഹ ഹ ഹ, വെല്‍ക്കം ടു ഇന്‍ഡസ്ട്രി എന്നായിരുന്നു അച്ഛന്റെ മറുപടിയെന്നും ഇതൊക്കെ ജോളിയായിട്ടാണ് കാണുന്നതെന്നും താരം പറഞ്ഞു.

ഈ വര്‍ഷത്തെ ബെസ്റ്റ് പെയര്‍ ചാനല്‍ അവാര്‍ഡ് തനിക്കും പ്രണവിനും ലഭിച്ചപ്പോള്‍ അത് വാങ്ങാന്‍ പോകാന്‍ തങ്ങള്‍ രണ്ട് പേര്‍ക്കും സാധിച്ചില്ലെന്നും എന്നാല്‍ തങ്ങള്‍ക്ക് വേണ്ടി അവാര്‍ഡ് സ്വീകരിച്ചത് തന്റെ അച്ഛനും ലാലുമാമയും ചേര്‍ന്നായിരുന്നെന്നും കല്യാണി പറയുന്നു.

അപ്പുവിനും എനിക്കുമായിരുന്നു ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ്. അപ്പു നാട്ടിലുണ്ടായിരുന്നില്ല. ഞാന്‍ സിനിമയുടെ ഷൂട്ടിന്റെ തിരക്കിലുമായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കൂടി പോയി അവാര്‍ഡ് വാങ്ങാന്‍ പറ്റിയില്ല. സോ ക്യൂട്ട് എന്ന് പറയാം അച്ഛനും ലാലു മാമയും സ്റ്റേജില്‍ പോയി അവാര്‍ഡ് വാങ്ങി. സംസാരിച്ചു. അതിന് ശേഷം അച്ഛന്‍ എന്നെ വിളിച്ചിരുന്നു. ഭയങ്കര സന്തോഷമായെന്നും ഞങ്ങള്‍ വേദിയില്‍ സംസാരിച്ചെന്നും അച്ഛന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്കും വലിയ സന്തോഷം തോന്നി.

അച്ഛന്‍ എന്റെ എല്ലാ സിനിമയും കാണാറുണ്ട്. അച്ഛന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക്ക്. പക്ഷേ ഇപ്പോള്‍ പതുക്കെ പതുക്കെ അച്ഛന്‍ എന്റെ ഫാനായി വരുന്നുണ്ട്. അച്ഛനും അമ്മയും പ്രത്യേകിച്ച് ടിപ്‌സ് ഒന്നും തരില്ല. അവര്‍ ഹാപ്പിയാണ്, കല്യാണി പറഞ്ഞു.

സ്വന്തം സിനിമകള്‍ കാണുമ്പോള്‍ വല്ലാത്ത ഒരു ഫീലാണെന്നും ആളുകള്‍ എന്‍ജോയ് ചെയ്യുന്ന സീന്‍ ആണെങ്കില്‍ പോലും അത് ഒന്നുകൂടി നന്നാക്കാമായിരുന്നെന്ന് തനിക്ക് തോന്നാറുണ്ടെന്നും കല്യാണി പറയുന്നു.

കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് വരിക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ ചാലഞ്ചെന്നും, താന്‍ പെട്ടന്ന് നാണം വരുന്ന കൂട്ടത്തില്‍ ആയിരുന്നെന്നും എന്നാല്‍ ഒരു അഭിനേതാവ് അങ്ങനെ ആകാന്‍ പാടില്ലെന്ന് പിന്നീട് മനസ്സിലാക്കി എന്നും കല്യാണി പറയുന്നുണ്ട്.

തല്ലുമാലയാണ് കല്യാണിയുടെ ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ടൊവിനോയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീപാത്തു എന്ന വ്ളോഗറായാണ് കല്യാണി ചിത്രത്തില്‍ എത്തുന്നത്.

Content highlight: Kalyani Priyadarshan reveals pranav mohanlal comments about her assistants