അടുത്തത് നീ; ഇനി ലക്ഷ്യം ബോളിവുഡ്; സീതാ രാമം ഹിന്ദി വേര്‍ഷന്റെ റിലീസ് ഡേറ്റ് പുറത്ത്
Film News
അടുത്തത് നീ; ഇനി ലക്ഷ്യം ബോളിവുഡ്; സീതാ രാമം ഹിന്ദി വേര്‍ഷന്റെ റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th August 2022, 12:17 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമം തെന്നിന്ത്യയിലാകെ തരംഗമായി പ്രദര്‍ശനം തുടരുകയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം 60കളില്‍ നടക്കുന്ന പ്രണയ കഥയാണ് പറയുന്നത്.

തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഓഗസ്റ്റ് അഞ്ചിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ സീതാ രാമം ഹിന്ദി വേര്‍ഷന്റെ റിലീസ് ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ഹിന്ദി സീതാ രാമം ഓഗസ്റ്റ് 19ന് റിലീസ് ചെയ്യുമെന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രദര്‍ശനാനുമതി ലഭിച്ചതോടെ സീതാ രാമം യു.എ.ഇയില്‍ വ്യാഴാഴ്ച റിലീസ് ചെയ്തു.

മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും നായികമാരായ ചിത്രത്തില്‍ സുമന്ദ്, പ്രകാശ് രാജ്, ഗൗതം വാസുദേവ മേനോന്‍, ഭൂമിക എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെ പ്രശംസിച്ച് നാനി, സായ് ധരം തേജ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപുഡി പറഞ്ഞിരുന്നു. സീതാമഹാലക്ഷ്മിയായി മൃണാള്‍ താക്കൂര്‍ അഭിനയിച്ചപ്പോള്‍ ചിത്രത്തില്‍ അഫ്രീന്‍ എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിച്ചത്.

റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയ ചിത്രം യു.എസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്. പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം നേടിയ യു.എസ് ഓപണിങ് 1.67 കോടി ആയിരുന്നു. ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടിയും. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 33 കോടിയാണ്.

Content Highlight: Sita Ramam Hindi Version Release Date Out