തിയേറ്ററുകളിൽ ജനസാഗരം തീർത്ത് മുന്നേറുകയാണ് ലോകഃ ചാപ്റ്റർ വൺ ചന്ദ്ര. വേഫറർ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യത്തെ ചിത്രമായാണ് ലോകഃ ഒരുങ്ങിയത്. മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത സൂപ്പർഹീറോ ഴോണറിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. ഓണം റിലീസുകളിൽ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ലോകഃ കുതിക്കുന്നത്.
ഡൊമിനിക് അരുണാണ് ലോകഃ എന്ന ചിത്രം അണിയിച്ചൊരുക്കിയത്. ഡൊമിനിക്കിന്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ തരംഗം ബോക്‌സ് ഓഫീസിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് എട്ട് വർഷത്തിന് ശേഷമാണ് ലോകഃ ചെയ്യുന്നത്. ചിത്രത്തിൽ കല്യാണിയുടെ പ്രകടനം മികച്ചതായിരുന്നു. ഇപ്പോൾ നടിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ.
‘ഒരുപാട് ഓപ്ഷൻസിലൂടെ പോയിട്ടാണ് കല്യാണിയിലേക്ക് എത്തുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടാണ് കല്യാണിയെ കാസ്റ്റ് ചെയ്യുന്നത്. നമ്മുടെ ഒക്കെ ആഗ്രഹം ഇവരെല്ലാവരും വരിക എന്നുള്ളതാണല്ലോ. കാസ്റ്റിങ് ഒന്നുരണ്ടെണ്ണം മാറിയപ്പോൾ എനിക്ക് മനസിലായി ഇത് കല്യാണിക്ക് മാത്രം ചെയ്യാൻ പറ്റുന്നതാണെന്ന്. കല്യാണി ഇതിന് മുമ്പ് ട്രൈ ചെയ്തിട്ടില്ല. പക്ഷെ, അവൾക്ക് ആക്ഷൻ ചെയ്യാൻ സാധിക്കും. ഈ കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ കല്യാണിക്ക് പറ്റുമെന്നൊരു വിശ്വസമുണ്ടായിരുന്നു,’ ഡൊമിനിക് അരുൺ പറയുന്നു.
അതുപോലെയൊരു തോന്നൽ ദുൽഖർ സൽമാനും തോന്നിയെന്നും ദുൽഖറാണ് തന്നോട് കല്യാണിയെക്കുറിച്ച് ആദ്യം സജസ്റ്റ് ചെയ്തതെന്നും ഡൊമിനിക് അരുൺ കൂട്ടിച്ചേർത്തു.
കല്യാണിയോട് കഥ പറയുമ്പോഴും കഥ ഇഷ്ടപ്പെട്ടുവെന്ന് തനിക്ക് മനസിലായെന്നും എന്നാൽ അന്ന് കല്യാണിക്ക് താനാരാണെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു.
കഥ പറഞ്ഞ് ഇറങ്ങിയപ്പോൾ കഥ വായിക്കാൻ തരുമോയെന്ന് ചോദിച്ചെന്നും താൻ അത് കൊടുത്തെന്നും പറഞ്ഞ അദ്ദേഹം, താൻ അവിടെ നിന്നും ഇറങ്ങിയപ്പോൾ ടൊവിനോയുടെ ഫോൺ കോൾ വന്നെന്നും കൂട്ടിച്ചേർത്തു.