അച്ഛന്‍ മലയാളികള്‍ക്ക് എന്താണെന്ന് വല്ല പിടിത്തവുമുണ്ടോയെന്ന് അന്ന് അപ്പുവിനോട് ചോദിച്ചു: കലാഭവന്‍ ഷാജോണ്‍
Entertainment
അച്ഛന്‍ മലയാളികള്‍ക്ക് എന്താണെന്ന് വല്ല പിടിത്തവുമുണ്ടോയെന്ന് അന്ന് അപ്പുവിനോട് ചോദിച്ചു: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2024, 8:26 pm

ബാലതാരമായി സിനിമയിലേക്ക് വന്ന് ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിനെ കുറിച്ച് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാന്‍ പറ്റില്ലെന്ന് പറയുകയാണ് കലാഭവന്‍ ഷാജോണ്‍.

അവന് ഇതുവരെ മോഹന്‍ലാലിനെ കുറിച്ച് മനസിലായിട്ടില്ലെന്ന് തോന്നുന്നുവെന്നും അവന്‍ വലിയൊരു അത്ഭുതമാണെന്നും ഷാജോണ്‍ പറഞ്ഞു. ഒറിജിനല്‍സ് ബൈ വീണ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.

‘അവനെ കുറിച്ച് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല. അവന് ഇതുവരെ അച്ഛനെ കുറിച്ച് മനസിലായിട്ടില്ല എന്ന് തോന്നുന്നു. മോനേ അച്ഛന്‍ മലയാളികള്‍ക്ക് എന്താണെന്നോ അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ വല്ല പിടിത്തവുമുണ്ടോയെന്ന് ഞാന്‍ ഒരു ദിവസം അവനോട് ചോദിച്ചിട്ടുണ്ട്.

‘ചേട്ടാ അത് പിന്നെ’ എന്ന് മാത്രമാണ് അവന്‍ പറഞ്ഞത്. അരുണ്‍ ഗോപിയുടെ സിനിമയിലാണ് ഞാനും അപ്പുവും ഒന്നിച്ച് അഭിനയിച്ചത്. ഞാനും അരുണും ഇരുന്ന് കഥ ഡിസ്‌കസ് ചെയ്യുമ്പോള്‍ അവന്‍ വന്ന് നിലത്തിരുന്നിട്ടാണ് കേള്‍ക്കുക. ആ സമയത്ത് എനിക്ക് ഓരോ സീനും അരുണ്‍ പറഞ്ഞു തരികയാകും.

അവന്‍ അതും കേട്ട് അവിടെ ഇരിക്കും. ഞാന്‍, മോനേ ഇങ്ങോട്ട് കയറി ഇരുന്നോ എന്ന് പറഞ്ഞപ്പോള്‍ വേണ്ട ചേട്ടാ ഞാന്‍ ഇവിടെ ഇരിക്കാമെന്ന് പറഞ്ഞ് താഴെ തന്നെയിരുന്നു. ഭക്ഷണം കഴിക്കുമ്പോഴൊക്കെ എവിടെയെങ്കിലും പോയിരുന്നാണ് കഴിക്കുക.

ഇതൊന്നും ആ പയ്യന്റെ തലയില്‍ കയറിയിട്ടില്ല. അച്ഛന്റെ ഒരു ലെവല്‍ അവന് അറിയില്ലെന്ന് തോന്നുന്നു. അങ്ങനെ ഇരിക്കുന്നതാണ്. വലിയൊരു അത്ഭുതമാണ് അവന്‍. ഗംഭീരമായ ഒരു മനുഷ്യനാണ് അപ്പു. ഒരുപാട് പേര് കണ്ട് പഠിക്കേണ്ട കുറെ കാര്യങ്ങള്‍ അവനിലുണ്ട്,’ കലാഭവന്‍ ഷാജോണ്‍ പറയുന്നു.

Content Highlight: Kalabhavan Shajon Talks About Pranav Mohanlal