ആ സീനിൽ ഞാൻ കലക്കിയെന്ന് ലാലേട്ടൻ പറയുമെന്ന് കരുതി, പക്ഷെ ഇതാണോ മോനേ അഭിനയം എന്നാണ് എന്നോട് ചോദിച്ചത്: കലാഭവൻ ഷാജോൺ
Entertainment
ആ സീനിൽ ഞാൻ കലക്കിയെന്ന് ലാലേട്ടൻ പറയുമെന്ന് കരുതി, പക്ഷെ ഇതാണോ മോനേ അഭിനയം എന്നാണ് എന്നോട് ചോദിച്ചത്: കലാഭവൻ ഷാജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th June 2024, 12:24 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയില്‍ സഹദേവന്‍ എന്ന കഥാപാത്രമായാണ് ഷാജോണ്‍ എത്തുന്നത്. ആ ചിത്രത്തിലൂടെയാണ് താരം തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്. അതിന് ശേഷം നിരവധി കഥാപാത്രങ്ങൾ ഷാജോണിനെ തേടിയെത്തിയിരുന്നു.

മോഹൻലാലിനൊപ്പം ലേഡീസ് ആൻഡ്‌ ജന്റിൽമാൻ എന്ന ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ഷാജോൺ. സിദ്ദിഖ് സംവിധാനം ചെയ്ത ഒരു എന്റർടൈനർ ആയിരുന്നു ചിത്രം. തനിക്കൊരുപാട് ഡയലോഗ് ഉള്ളൊരു സീനിൽ അതെല്ലാം തെറ്റിക്കാതെ പറഞ്ഞപ്പോൾ മോഹൻലാൽ തന്നെ അഭിനന്ദിക്കും എന്ന് കരുതിയെന്നും എന്നാൽ ഇതല്ല അഭിനയമെന്നാണ് മോഹൻലാൽ പറഞ്ഞതെന്നും ഷാജോൺ പറയുന്നു. ഒറിജിനൽസ് ബൈ വീണയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലേഡീസ് ആൻഡ്‌ ജന്റിൽമാൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു സീനിൽ ലാലേട്ടന് ഡയലോഗ് ഇല്ല. അപ്പോൾ ഞാൻ വിചാരിച്ചു, ഒന്ന് വിരട്ടണം. മുഴുവൻ ഡയലോഗ് പറഞ്ഞ് ലാലേട്ടന്റെ കയ്യടി നേടണം എന്നൊക്കെ.

ഒരു രണ്ട് പേജുള്ള ഡയലോഗ് ആണ്. ഒരു ബാറിനകത്ത് വെച്ചുള്ള സീനാണ്. ലാലേട്ടൻ അവിടെയുണ്ട്. ഞാൻ ലാലേട്ടന്റെ അടുത്ത് ചെന്ന് ആരെയൊക്കെയോ കുറ്റം പറയുകയാണ്. അവസാനം ഞാൻ ദേഷ്യപ്പെട്ട് എഴുന്നേറ്റു പോകും. അതാണ് ഷോട്ട്. ഞാൻ ആ ഡയലോഗ് മുഴുവൻ കാണാതെ പഠിച്ചു. മിമിക്രി ആർട്ടിസ്റ്റ് ആയതുകൊണ്ട് അതൊക്കെ എനിക്ക് വേഗം പറ്റും. അങ്ങനെയൊരു സ്കിൽ ദൈവം അനുഗ്രഹിച്ചിട്ട് നമുക്കുണ്ട്.

സിദ്ദിഖ് സാർ നമുക്ക് നോക്കാം എന്ന് പറഞ്ഞ് ആക്ഷൻ പറഞ്ഞു. ഞാൻ ഒറ്റ ടേക്കിൽ തന്നെ മുഴുവൻ അഭിനയിച്ചു. ഞാൻ കരുതി ലാലേട്ടൻ, മോനേ കലക്കി എന്നൊക്കെ പറയുമെന്ന്. പക്ഷെ ലാലേട്ടൻ മിണ്ടുന്നേയില്ല. ഒടുവിൽ ഞാൻ ചോദിച്ചു, എങ്ങനെയുണ്ട് ലാലേട്ടായെന്ന്. അപ്പോൾ പുള്ളി പറഞ്ഞു, മോൻ ഡയലോഗ് കാണാതെ പറഞ്ഞു, ഇനി അഭിനയിക്കെന്ന്.

ഞാൻ പറഞ്ഞു, ഞാനിത് അഭിനയിച്ചതാണെന്ന്. ഇങ്ങനെയാണോ മോനേ അഭിനയിക്കുന്നതെന്ന് ലാലേട്ടൻ ചോദിച്ചു. പിന്നെ എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ പറഞ്ഞു, ഇടയിൽ ഒരു ഗ്യാപ് ഇടണം, ഒരു ഡയലോഗ് പറഞ്ഞതിന് ശേഷം നീ ആ ഗ്ലാസ് എന്റെ അടുത്തേക്ക് വെക്കണം, നീ പിന്നെ വെള്ളം ഒഴിച്ചോണ്ട് വേണം അടുത്ത ഡയലോഗ് പറയാൻ. അങ്ങനെ ഓരോ കാര്യങ്ങൾ ലാലേട്ടൻ പറഞ്ഞു തന്നു. അങ്ങനെയാണ് പിന്നെ ആ സീൻ ഷൂട്ട്‌ ചെയ്തത്,’ കലാഭവൻ ഷാജോൺ പറയുന്നു.

 

Content Highlight:  Kalabhavan Shajon  Talk About A Scene With Mohanlal In  Ladies And Gentleman