മോഹന്‍ലാല്‍ ആ പാട്ട് വാശിയോടെ പഠിച്ച് പാടി; അത് മത്സരബുദ്ധി ആയിരുന്നില്ല: കൈതപ്രം
Entertainment
മോഹന്‍ലാല്‍ ആ പാട്ട് വാശിയോടെ പഠിച്ച് പാടി; അത് മത്സരബുദ്ധി ആയിരുന്നില്ല: കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th May 2025, 5:03 pm

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ് കൈതപ്രം എന്ന് അറിയപ്പെടുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

ഗാനരചയിതാവ്, സംഗീതസംവിധായകന്‍, കവി, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, കര്‍ണാടക സംഗീതത്തിലെ അവതാരകന്‍ എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് അദ്ദേഹം.

ഫാസില്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം ചലച്ചിത്ര ഗാനലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് നൂറില്‍ അധികം ചിത്രങ്ങള്‍ക്ക് പാട്ടുകളൊരുക്കിയ കൈതപ്രത്തിന് മൂന്ന് തവണ മികച്ച ഗാനരചയിതാവിനും ഒരു തവണ സംഗീതസംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ നായകനായ ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയില്‍ ‘ദേവസഭാതലം’ എന്ന പാട്ടിന് വരികള്‍ എഴുതിയതിന് പുറമെ അതില്‍ അഭിനയിക്കുകയും ചെയ്ത ആളാണ് കൈതപ്രം. ഇപ്പോള്‍ മോഹന്‍ലാല്‍ ‘ദേവസഭാതലം’ പാട്ട് കാണാതെ പഠിച്ച് പാടിയതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൈതപ്രം.

‘ലാലും ഞാനും നേരിട്ട് കണ്ട് അഭിനയിച്ചിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയില്‍ ആയിരുന്നു അത്. അപ്പോഴും ഞാന്‍ ലാലിനെ ആരാധനയോടെയാണ് കണ്ടിട്ടുള്ളത്. ലാലും എന്നെ അങ്ങനെയാണ് കണ്ടത്.

അയാള്‍ എന്നെ വളരെ സൂക്ഷിച്ചാണ് നിന്നത്. കാരണം ഞാന്‍ എല്ലാം കവറ് ചെയ്യുമെന്ന് ലാലിന് അറിയാം. എനിക്ക് ആ പാട്ട് അത്രയും കാണാതെ അറിയാമായിരുന്നു. ഞാന്‍ കൃത്യമായി പാടി കൊണ്ടിരിക്കുകയായിരുന്നു.

ലാല്‍ വാശിയോടെ ആ പാട്ട് പഠിച്ചിട്ടാണ് വന്നത്. അങ്ങനെ പഠിച്ച് പാടിയതാണ് അയാള്‍. ഞങ്ങള്‍ തൊട്ടടുത്ത് ഇരുന്ന് പാടി അഭിനയിച്ചതാണ്. ലാല്‍ വളരെയേറെ ശ്രദ്ധിച്ചായിരുന്നു പാടിയത്. അത് മത്സരബുദ്ധി ആയിരുന്നില്ല, സ്‌നേഹബുദ്ധി ആയിരുന്നു,’ കൈതപ്രം പറയുന്നു.


Content Highlight: Kaithapram Damodaran Namboothiri Talks About Mohanlal