കോഴിക്കോട് പാലം തകര്‍ന്നുവീണത് പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണമാണം: കെ. സുധാകരന്‍
Kerala News
കോഴിക്കോട് പാലം തകര്‍ന്നുവീണത് പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണമാണം: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th May 2022, 4:09 pm

തിരുവനന്തപുരം: കോഴിക്കോട് മാവൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ വിഷയത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എല്ലാ പദ്ധതികളില്‍ നിന്നും സി.പി.ഐ.എം കൈയ്യിട്ട് വാരുകയാണെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതി എവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ പൊടിഞ്ഞു വീണതും നിര്‍മാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകര്‍ന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല.

പിണറായി സര്‍ക്കാര്‍ നിര്‍മിച്ച പാലത്തിലും സ്‌കൂളുകളുകളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്. എല്ലാ പദ്ധതികളില്‍ നിന്നും സി.പി.ഐ.എം കൈയ്യിട്ട് വാരുകയാണ്.

അതുകൊണ്ട് തന്നെ നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ല.
അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിന്റെ ഭാവിയ്ക്ക് ശുഭസൂചകമാണ്,’ കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം, പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചു. കെ.ആര്‍.എഫ്.ബി പ്രൊജക്ട് ഡയറക്ടറോടും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റി വിശദീകരിച്ചു. ഉടന്‍ തന്നെ ഗര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഊരാളുങ്കല്‍ അറിയിച്ചു.