കൈ കാണിക്കുന്നതോ വയറ് കാണിക്കുന്നതോ അല്ല പ്രശ്‌നം; ഐറ്റം ഡാന്‍സിനോടുള്ള വിയോജിപ്പിനുള്ള കാരണം ഇതാണ്: രജിഷ വിജയന്‍
Movie Day
കൈ കാണിക്കുന്നതോ വയറ് കാണിക്കുന്നതോ അല്ല പ്രശ്‌നം; ഐറ്റം ഡാന്‍സിനോടുള്ള വിയോജിപ്പിനുള്ള കാരണം ഇതാണ്: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th May 2022, 4:07 pm

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ നായിക കൂടിയാണ് രജിഷ. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായതിന് ശേഷമാണ് രജിഷ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.

ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴിലും രജിഷ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

2020ല്‍ പുറത്തിറങ്ങിയ ആസിഫ് അലിയും രജീഷ വിജയനും കേന്ദ്രകഥാപാത്രങ്ങളായ ‘എല്ലാം ശരിയാകും’ എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്തത്. ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്. റേഡിയോ മിര്‍ച്ചിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ കരിയറിനെ കുറിച്ചും ഐറ്റം ഡാന്‍സിനെ കുറിച്ചുമൊക്കെയുള്ള നിലപാട് താരം പറയുന്നത്.

ഐറ്റം ഡാന്‍സ് കളിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും, അതിന് കാരണങ്ങളുണ്ടെന്നും രജിഷ പറയുന്നു. ‘ഐറ്റം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കില്‍ ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ഇടില്ല എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അത് പോലുള്ള വേഷങ്ങള്‍ ഞാന്‍ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതില്‍ പ്രശ്നമില്ല.

എന്റെ ശരീരത്തിന് അനുയോജ്യമാണെങ്കില്‍ ഞാന്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശനങ്ങളൊന്നും എനിക്കില്ല. അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കുന്നിടത്തോളം എനിക്ക് ഒരു പ്രശ്നവുമില്ല. എന്നാല്‍ അതിനെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണ് എനിക്ക് പ്രശ്നം.

ഐറ്റം ഡാന്‍സിലുള്ള എന്റെ പ്രശ്നത്തെ കുറിച്ച് പറയുകയാണെങ്കില്‍ അതിലെ പാട്ടും, പാട്ടിലെ വരികളും, ക്യാമറ ആംഗിളും, സൂം ചെയ്യുന്ന രീതിയും, അതിലെ ഡാന്‍സ് മൂവ്മെന്റ്സുമൊക്കെയാണ്. ഇതൊക്കെ ഒരു മനുഷ്യ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുകയാണ്.
അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെയാണ്.

അങ്ങനെ ഒബ്ജക്ടിഫിക്കേഷന്‍ നടത്തുന്ന ഒരു കാര്യത്തിന്റെയും ഭാഗമാവാന്‍ എനിക്ക് താല്‍പര്യമില്ല. എന്നിലൂടെ ഒരു മനുഷ്യശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതാണ് കാര്യം. എന്റെ ശരീരത്തിനിണങ്ങുന്ന, എന്നെ കണ്ടാല്‍ വൃത്തി തോന്നിക്കുന്ന വസ്ത്രങ്ങള്‍ ആണെങ്കില്‍ ഞാന്‍ അത് ധരിക്കും,” രജിഷ വിജയന്‍ പറഞ്ഞു.

രജിഷ വിജയനും ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘കീടം’ റിലീസിനൊരുങ്ങുകയാണ്. രാഹുല്‍ റിജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജീഷയുടെ ‘ഖോ ഖോ’ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം കൂടിയാണ് കീടം. ശക്തയായ സ്ത്രീ കഥാപാത്രമായാണ് രജിഷ ചിത്രത്തിലെത്തുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ധരന്‍ ആണ് ഛായാഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗ്. രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍, മഹേഷ് എം.നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ പ്രദീപ് ആണ് സംഗീതം. ചിത്രം മെയ് 20ന് റിലീസ് ചെയ്യും.

Content Highlight: Actress Rajisha Vijayan About Item dance and her stand