തോല്‍വിയുടെ പേരില്‍ നേതാക്കളെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകും: കെ. സുധാകരന്‍ 
Kerala News
തോല്‍വിയുടെ പേരില്‍ നേതാക്കളെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകും: കെ. സുധാകരന്‍ 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th March 2022, 2:34 pm

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെ.പി.സി.സി നിരീക്ഷിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുമെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

സമൂഹ മാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണം.സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണെന്നും സുധാകരന്‍ വ്യക്തമാക്കി.

പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയ പരാജയങ്ങളില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സമൂഹ മാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്ക ലംഘനമായി കാണേണ്ടിവരും.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുന്നതാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടി, ഏറ്റവും പുതിയ പാര്‍ട്ടിയായ ആം ആദ്മിക്കൊപ്പം എത്തിയിരിക്കുകയാണ്.

ഇരു പാര്‍ട്ടികള്‍ക്കും ഇന്ത്യയിലാകെ രണ്ട് സംസ്ഥാനങ്ങളിലാണ് ഭരണമുള്ളത്. ഒരു കാലത്ത് ഒറ്റക്ക് ഭരിച്ച ഉത്തര്‍പ്രദേശില്‍ മൂന്ന് ശതമാനം വോട്ട് പോലും നേടാന്‍ കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരമുണ്ടായിരുന്നു. ഗോവയിലെയും മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാല്‍ ഇന്നത്തെ ഫലം വന്നതോടെ കോണ്‍ഗ്രസ് പഞ്ചാബില്‍ അടിതെറ്റി വീണു.

ഗോവയിലും മണിപ്പൂരിലും ഉണ്ടായിരുന്ന സ്വാധീനം നാമമാത്രമായി ചുരുങ്ങി. അഞ്ച് സംസ്ഥാനങ്ങളിലായി 690 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ വിജയിക്കാനായത് 55 സീറ്റുകളില്‍ മാത്രം. യു.പിയില്‍ 403 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയം രണ്ട് സീറ്റില്‍ ഒതുങ്ങി.