മഞ്ജു ചേച്ചിയാണ് തിരിച്ചുവരവിനുള്ള പ്രചോദനം, ചേച്ചി പൊളിയാണ്: നവ്യ നായര്‍
Movie Day
മഞ്ജു ചേച്ചിയാണ് തിരിച്ചുവരവിനുള്ള പ്രചോദനം, ചേച്ചി പൊളിയാണ്: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th March 2022, 1:24 pm

ഒരു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളസിനിമയില്‍ തിരിച്ചെത്തുകയാണ് നടി നവ്യ നായര്‍. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യിലൂടെയാണ് നവ്യയുടെ രണ്ടാംവരവ്. ഈ മാസം 18നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

സിനിമയിലേക്കുള്ള തിരിച്ചുവരവിന് തനിക്ക് പ്രചോദനമായ വ്യക്തിയെ കുറിച്ച് തുറന്നുപറയുകയാണ് നവ്യ. ഇന്ന് രാത്രി സംപ്രേഷണം ചെയ്യാനിരിക്കുന്ന മനോരമ ന്യൂസിന്റെ നേരെ ചൊവ്വ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം താരം മനസുതുറക്കുന്നത്.

തിരിച്ചുവരവിനുള്ള പ്രചോദനം ആരാണ്, മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് അതെ മഞ്ജു ചേച്ചി എപ്പോഴും ഇന്‍സ്പിരേഷന്‍ തന്നെയാണെന്നായിരുന്നു നവ്യ നായരുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തില്‍ പറയുന്നു.

വിവാഹജീവിതത്തെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സിനിമയിലും ഗോസിപ്പിലുമൊക്കെ കാണുന്നതുപോലെ വൈകാരിക രംഗങ്ങളും സംഘട്ടനങ്ങളുമൊക്കെയുള്ള ഒരു തിരക്കഥയാണോ വിവാഹ ജീവിതം എന്ന ചോദ്യത്തിന് എല്ലാവരുടേയും ഒക്കെ പോലെ തന്നെ സാധാരണ ജീവിതമാണെന്നായിരുന്നു നവ്യയുടെ മറുപടി. എല്ലാം ഭയങ്കര നല്ലതാണെന്നും ഒരു പ്രശ്‌നവും ഇല്ലാത്ത ജീവിതമാണെന്നൊന്നും നുണ പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നവ്യ പറഞ്ഞു.

വിവാഹം കഴിഞ്ഞ് മുംബൈയില്‍ എത്തിയ ശേഷം താന്‍ നേരിട്ട ഒറ്റപ്പെടലിനെ കുറിച്ചും അഭിമുഖത്തില്‍ താരം പറയുന്നുണ്ട്. ‘അവിടെ ഞാന്‍ ഒരാള്‍ മാത്രം. എന്ത് ചെയ്യാനാ ഒന്നും ചെയ്യാനില്ല. പല ദിവസങ്ങളിലും ഞാന്‍ തന്നെ ലിപ്സ്റ്റിക്ക് ഒക്കെ എടുത്തിട്ട് കണ്ണാടി നോക്കി ഇരുന്നിട്ടുണ്ട്’, നവ്യ പറയുന്നു.

നവ്യ നായികയാകുന്ന ഒരുത്തീയുടെ ‘പ്രിവ്യു’ ബുധനാഴ്ച പൊന്നാനിയിലെ ഐശ്വര്യ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നവ്യാ നായര്‍, സംവിധായകന്‍ വി.കെ. പ്രകാശ്, നിര്‍മാതാവ് കെ.വി. അബ്ദുല്‍ നാസര്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.

ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ മനോധൈര്യംകൊണ്ട് നേരിടുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ കഥപറയുന്ന ചിത്രത്തില്‍ രാധാമണിയെന്ന കേന്ദ്രകഥാപാത്രമായാണ് നവ്യ നായര്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്. പെണ്‍പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രത്തെ ഏറേ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ചിത്രം. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Navya Nair About Manju Warrier